പ്രിയങ്ക 'കള്ളന്റെ ഭാര്യ'യെന്ന് കേന്ദ്ര മന്ത്രി ഉമാ ഭാരതി

ന്യൂദല്‍ഹി- കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയെ കള്ളന്റെ ഭാര്യയെന്ന് ആക്ഷേപിച്ച് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ഉമാ ഭാരതി. തെരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ സാന്നിധ്യം ഉണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ആക്ഷേപം ചൊരിഞ്ഞത്. 'പ്രിയങ്ക ഒരു സ്വാധീനവും ഉണ്ടാക്കാന്‍ പോകുന്നില്ല. ഭര്‍ത്താവ് മോഷണം ആരോപിണ നേരിടുന്ന ഒരു സ്ത്രീയാണവര്‍. അവരെ കുറിച്ച് ആളുകള്‍ക്ക് ഏതു തരത്തിലുള്ള അഭിപ്രായമാണുള്ളത്. ഒരു കള്ളന്റെ ഭാര്യ. ഇന്ത്യയിലും ഇതേ പരിഗണന തന്നെ അവര്‍ക്ക് ലഭിക്കൂ,'-എന്നായിരുന്നു ഉമാ ഭാരതിയുടെ പ്രതികരണം.

പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്‌ക്കെതിരെ പണം വെളുപ്പിക്കല്‍, ഭൂമി ഇടപാട് അടക്കം പല കേസുകളിലും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്. ബിജെപി അധികാരത്തിലെത്തിയതിനു ശേഷം പലതവണ അദ്ദേഹത്തെ വിവിധ ഏജന്‍സികള്‍ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. വദ്രയ്‌ക്കെതിരായ കേസുകള്‍ ഉയര്‍ത്തിക്കാട്ടി ബിജെപി ആരോപണങ്ങലും ആക്രമണവും പതിവുമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇതിന്റെ പേരില്‍ ബിജെപിയുടെ പഴി കേട്ടു വരുന്നു. എന്നാല്‍ പ്രിയങ്കയ്‌ക്കെതിരെ പരാമര്‍ശങ്ങള്‍ കുറവാണ്. കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ സംഘടനാ ചുമതലയുള്ള കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക കഴിഞ്ഞ മാസമാണ് ചുമതലയേറ്റ് സജീവ രാഷ്ട്രീയത്തിലിറങ്ങിയത്.

ബിജെപി മുതിര്‍ന്ന നേതാവ് കൈലാശ് വിജയവര്‍ഗീയ നേരത്തെ പ്രിയങ്കയെ ചോക്ലേറ്റ് മുഖമെന്ന് വിശേഷിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഗുസ്തി മത്സരമോ സൗന്ദര്യ മത്സരമോ അല്ലെന്ന് പ്രിയങ്കയുടെ രാഷ്ട്രീയ രംഗപ്രവേശത്തെ സൂചിപ്പിച്ച്  ബിഹാറിലെ ബിജെപി നേതാവ് സുശീല്‍ മോഡി പറഞ്ഞതും വിവാദമായിരുന്നു.
 

Latest News