മോഡി സമുദായത്തെ രാഹുല്‍ ഗാന്ധി അപമാനിക്കുന്നുവെന്ന് മോഡി- Video

മധ (മഹാരാഷ്ട്ര)-  പിന്നാക്ക വിഭാഗമായ മോഡി സമുദായത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അപമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. റഫാല്‍ അഴിമതിയില്‍ പങ്കുണ്ടെന്ന ആരോപണം നേരിടുന്ന പ്രധാനമന്ത്രി മോഡിയേയും  പൊതുമേഖലാ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടി വിദേശത്തേക്ക് മുങ്ങിയ വ്യവസായി നീരവ് മോഡിയേയും നികുതി വെട്ടിച്ച് മുങ്ങിയ ലളിത് മോഡിയേയും സൂചിപ്പിച്ച് നേരത്തെ എന്തുകൊണ്ടാണ് മോഡിമാരെല്ലാം കള്ളന്‍മാരായത് എന്ന് രാഹുല്‍ ചോദിച്ചിരുന്നു. ഈ പരമാര്‍ശം ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ മോഡി സമുദായത്തെ അപമാനിക്കുകയാണെന്ന് മോഡി ആരോപിച്ചത്. 'കോണ്‍ഗ്രസും സഖ്യ കക്ഷികളും സമൂഹത്തില്‍ മോഡിമാരെല്ലാം കള്ളന്‍മാരാണെന്ന് പറയുന്നു. കോണ്‍ഗ്രസും സഖ്യകക്ഷികളും ഞാനുള്‍പ്പെടുന്ന പിന്നാക്ക സമുദായത്തെ അവഹേളിക്കുന്നതില്‍ ഒരു കുറവും വരുത്തുന്നില്ല. ഇത്തവണ അവര്‍ എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയും പിന്നാക്ക സമുദായത്തെ ഒന്നടങ്കം അപമാനിക്കുകയും ചെയ്തിരിക്കുന്നു,' മഹാരാഷ്ട്രയിലെ മധയില്‍ തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കവെ മോഡി പറഞ്ഞു.

ആദ്യം ചൗകിദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യവുമായി ഈ നാടുവാഴി (രാഹുല്‍) അവഹേളിക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ അവര്‍ ഒരു പിന്നാക്ക സമുദായത്തെ തന്നെ അപമാനിക്കുന്നു. ഒരു പിന്നാക്ക സമുദായത്തില്‍ നിന്നുള്ള ആളെന്ന നിലയില്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. എന്റെ പിന്നാക്ക സമുദായ പശ്ചാത്തലത്തിന്റെ പേരില്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസ് എന്നെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്- മോഡി ആരോപിച്ചു. ഇപ്പോള്‍ എന്നെ അപകീര്‍ത്തിപ്പെടുത്തുന്നതോടൊപ്പം ഒരു സമുദായത്തെ തന്നെ അവഹേളിക്കുന്നു. സമുദായത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ എനിക്ക് സഹിക്കാനാവില്ല- മോഡി പറഞ്ഞു.     

കള്ളന്മാരുടെ പേരിലെല്ലാം മോഡി എങ്ങനെ വന്നു എന്ന് ഈയിടെ ഒരു പ്രസംഗത്തില്‍ രാഹുല്‍ ചോദിച്ചിരുന്നു. നീരവ് മോഡി, ലളിത് മോഡി, നരേന്ദ്ര മോഡി. ഇനി എത്ര മോഡിമാര്‍ വരുമെന്ന് നമുക്ക് പറയാനാവില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. 

Latest News