ബത്തേരി- പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പോലെ പൊള്ളയായ വാഗ്ദാനങ്ങൾ നൽകില്ലെന്നും വയനാടുമായി ദീർഘകാല ബന്ധമുണ്ടാക്കാനാണ് ആഗ്രഹമെന്നും കോൺഗ്രസ് അധ്യക്ഷനും വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി. വയനാട്ടിലെ ചികിത്സ അപര്യാപ്തത, രാത്രിയാത്രാ നിരോധനം, വന്യമൃഗശല്യം തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും രാഹുൽ വ്യക്തമാക്കി. രാഷ്ട്രീയ നേതാവായല്ല ഇവിടെ വന്നിരിക്കുന്നതെന്നും നിങ്ങളുടെ മകനും സഹോദരനും കൂട്ടുകാരനുമായാണ് വയനാട്ടിൽ എത്തിയിരിക്കുന്നതെന്നും രാഹുൽ വ്യക്തമാക്കി.
വയനാട്ടിൽ മത്സരിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. നിങ്ങൾക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കാനാണ് വന്നത്. സ്‌നേഹത്തോടെയും അഭിമാനത്തോടെയും സഹിഷ്ണുതയോടെയും ഒന്നിച്ചുകഴിയുന്ന ഒരു നാടാണ് വയനാടെന്ന് രാജ്യത്തിന് ഒട്ടാകെ കാണിച്ചുകൊടുക്കണം. നിങ്ങളുടെ ശബ്ദവും വികാരവും മറ്റൊന്നിനേക്കാളും താഴെയല്ലെന്നും രാഹുൽ വ്യക്തമാക്കി.