കനിമൊഴിയുടെ വീട്ടിലെ റെയ്ഡ്: ഒന്നും കിട്ടിയില്ല, അബദ്ധം പിണഞ്ഞെന്ന് ആദായ നികുതി വകുപ്പ്

ചെന്നൈ- തൂത്തുകുടിയിലെ ഡിഎംകെ സ്ഥാനാര്‍ത്ഥി കനിമൊഴിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒന്നും കണ്ടെത്താനായില്ലെന്നും തെറ്റായ രഹസ്യ വിവരം ലഭിച്ചത് വിനയായെന്നും ആദായ നികുതി വകുപ്പ് അധികൃതര്‍. തമിഴ്‌നാട്ടില്‍ വോട്ടിനു പണം വിതരണം ചെയ്യുന്നുണ്ടെന്ന ആരോപണങ്ങള്‍ക്കിടെ കനിമൊഴിയുടെ വീട്ടില്‍ വന്‍തോതില്‍ പണം പൂഴ്ത്തിവച്ചിട്ടുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതു പരിശോധിക്കാനാണ് ചൊവ്വാഴ്ച ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം തൂത്തുകുടിയിലെ കനിമൊഴിയുടെ വീട്ടിലെത്തിയത്. വെറും കയ്യോടെ മടങ്ങിയെന്നും കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ആദായ നികുതി വൃത്തങ്ങള്‍ പറഞ്ഞു.

റെയ്ഡിനെതിരെ ഡിഎംകെ പ്രവര്‍ത്തകര്‍ തൂത്തുകുടിയില്‍ പ്രതിഷേധിച്ചു. റെയ്ഡിനെതിരെ രൂക്ഷമായാണ് ഡിഎംകെ അധ്യക്ഷനും കനിമൊഴിയുടെ സഹോദരനുമായ എം കെ സ്റ്റാലിന്‍ പ്രതികരിച്ചത്. തമിലിശൈ സൗന്ദര്‍രാജന്റെ (ബിജെപി സംസ്ഥാന അധ്യക്ഷ) വീട്ടില്‍ കോടിക്കണക്കിനു രൂപയാണ് സൂക്ഷിച്ചു വച്ചിട്ടുള്ളത്. അവിടെ ആരു റെയ്ഡ് നടത്തും? തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മോഡി ആദായ നികുതി വകുപ്പിനേയും സിബിഐയേയും കോടതികളേയും തെരഞ്ഞെടുപ്പു കമ്മീഷനെ പോലും ഉപയോഗപ്പെടുത്തുകയാണ്. തോല്‍വി ഭയന്നാണ് അവര്‍ ഇതൊക്കെ ചെയ്യുന്നത്- സ്റ്റാലിന്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും പുതുച്ചേരിയിലെ ഒരു മണ്ഡലത്തിലും വ്യാഴാഴ്ചയാണ് വോട്ടെടുപ്പു നടക്കുന്നത്.
 

Latest News