Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉണ്ണിത്താൻ ഉഷാർ, ഉത്തരകേരളത്തിൽ പുതിയ ഊർജം 

കാസർകോട് - ബി ജെ പിയുടെ ഉരുക്കുകോട്ടയായ ചരിത്രത്തിന്റെ ശേഷിപ്പുകളുള്ള മധൂർ ഗ്രാമ പഞ്ചായത്തിലെ കൊല്ലങ്കാനം നഗരവും പരിസരവും മുസ്ലിംലീഗിന്റെ ഒരു പ്രധാന തട്ടകം കൂടിയാണ്. കോൺഗ്രസിനും മോശമല്ലാത്ത സ്വാധീനം ഈ നഗരപരിധിയിലുണ്ട്. യു ഡി എഫ് കാസർകോട് മണ്ഡലം സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ ചൊവ്വാഴ്ചത്തെ പടയോട്ടം കൊല്ലങ്കാനം നിന്ന് തുടങ്ങാൻ തീരുമാനിച്ചതും ലീഗിന്റെ ബുദ്ധിയാണ്. മധൂർ പഞ്ചായത്തിലെയും കാസർകോട് നഗരസഭയിലെയും സ്ഥാനാർത്ഥി പര്യടനത്തിന് തുടക്കം കുറിക്കാൻ കോൺഗ്രസ് പ്രവർത്തകർ എത്തുംമുമ്പ് തന്നെ ലീഗിന്റെ പ്രവർത്തകർ സജ്ജരായി. കൈ ചിഹ്നം പതിച്ച പതാകകളോടൊപ്പം ലീഗിന്റെ പതാകയും കൂട്ടിക്കെട്ടി നഗരത്തിൽ കമാനവും കൊടികളും നിറഞ്ഞു. ചൂടിനെ വകവെക്കാതെ സ്ഥാനാർത്ഥി കൊഴുപ്പിക്കാനുള്ള ഒരുക്കങ്ങൾ തകൃതി. യു ഡി എഫ് നേതാക്കളും പ്രവർത്തകരും എത്തിയതോടെ കൊല്ലങ്കാനത്ത് കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്റെ ഉദ്ഘാടന പ്രസംഗം. 
സി പി എമ്മിന്റെ കൊലപാതക രാഷ്ട്രീയവും നരേന്ദ്രമോഡിയുടെ ഭരണ പരാജയവും പെരിയ ഇരട്ടകൊലപാതകവും അരിയിൽ ഷുക്കൂർ വധവുമെല്ലാം വിഷയമാക്കി നീലകണ്ഠൻ കത്തിക്കയറി. മണ്ഡലം പിടിക്കുമെന്ന ആത്മവിശ്വാസത്തോടെ വോട്ടർമാരെ നേരിൽ കണ്ട് വോട്ടുകൾ ഉറപ്പിച്ചും ഓട്ടപ്രദക്ഷിണം നടത്തിയുമാണ് രാജ്മോഹൻ ഉണ്ണിത്താന്റെ തുടക്കം. വ്യാപാരികൾ , തൊഴിലാളികൾ തുടങ്ങി ആരെയും അദ്ദേഹം ഒഴിവാക്കുന്നില്ല. നേരിട്ടുകണ്ടാണ് വോട്ടുപിടുത്തം. സ്ഥാനാർഥി എത്തുമ്പോൾ യൂത്ത് ലീഗ് നേതാവ് അബ്ദുല്ലകുഞ്ഞി ചെർക്കള തകർക്കുകയായിരുന്നു. തുടക്കത്തിൽ ചുരുക്കം ചില വാക്കുകളിൽ വോട്ട് അഭ്യർത്ഥിച്ച് ഉണ്ണിത്താൻ പുറപ്പെടുന്നു. ബദിയടുക്ക പഞ്ചായത്തിലെ കുഞ്ചാർ ആയിരുന്നു അടുത്ത സ്വീകരണ കേന്ദ്രം. 
അവിടെ നിന്ന് മധൂർ അറന്തോട് ജംഗ്ഷനിൽ സ്ഥാനാർത്ഥി എത്തുമ്പോഴേക്കും നിരവധി കാറുകളിലും ബൈക്കുകളിലുമായി യു ഡി എഫ് പ്രവർത്തകരും യൂത്ത് ലീഗ് പ്രവർത്തകരും റെഡിയായി  രാഹുൽഗാന്ധിയുടെ ചിത്രം പതിച്ച യു ഡി എഫിന് വോട്ട് ചെയ്യണം എന്ന് ആലേഖനം ചെയ്ത വെളുത്ത ബനിയൻ ധരിച്ചു ചെട്ടുംകുഴിയിലെ യൂത്ത് ലീഗ് പ്രവർത്തകരുടെ ഒരുസംഘം തുറന്ന വാഹനത്തിൽ രാജ്മോഹൻ ഉണ്ണിത്താന് അകമ്പടിയായി എത്തിയതോടെ സ്വീകരണവേദികൾ 'കളർ ഫുൾ' ആയി മാറി. വിശ്രമമില്ലാത്ത വോട്ടുപിടുത്ത യാത്രകൾ കാരണം ശാരീരിക അവശതകൾ ഉണ്ടെങ്കിലും അതൊന്നും വകവെക്കാതെ ഉണ്ണിത്താന്റെ ജൈത്രയാത്ര തുടരുകയാണ്. ഓരോ കേന്ദ്രങ്ങളിൽ എത്തുമ്പോഴും യു ഡി എഫ് പ്രവർത്തകരുടെ മുമ്പെങ്ങും കാണാത്തവിധത്തിലുള്ള മുദ്രാവാക്യം വിളിയും ആവേശവും  മാനംമുട്ടെ ഉയരുന്നതോടെ സ്വീകരണ കേന്ദ്രങ്ങളിൽ രാജ്മോഹൻ ഉണ്ണിത്താനും ആവേശത്തിലാകുന്നു. 
ഫോട്ടോയെടുപ്പും സെൽഫി പിടുത്തവും ധാരാളം. അപകടത്തിൽ മരിച്ച യുവാവിനെ സന്ദർശിച്ചു എത്തിയ എൻ എ നെല്ലിക്കുന്ന് എം എൽ എ, യു ഡി എഫ് പര്യടനത്തിൽ പങ്കുചേർന്നത് അറന്തോട് ജംഗ്ഷനിലെ പൊതുയോഗത്തിൽ വെച്ചാണ്. അറന്തോട് മൊയ്തീൻ കൊല്ലമ്പാടിയുടെ വാക്കുകൾക്ക് ശേഷം എൻ എ നെല്ലിക്കുന്ന് എം എൽ എയുടെ ദൗത്യമായിരുന്നു. രാജ്യം നിലനിൽക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള നിർണ്ണായകമായ തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്നും വോട്ടർമാർ ഉത്തരവാദിത്വം മറക്കരുതെന്നും പറഞ്ഞു കൊണ്ടാണ് എൻ എ നെല്ലിക്കുന്ന് വോട്ടർമാരെ ആകർഷിച്ചത്. തുടക്കത്തിൽ ആരും ഉണ്ടാകാതിരുന്ന സ്ഥലത്ത് സ്ഥാനാർഥി എത്താറായതോടെ നൂറുകണക്കിന് പ്രവർത്തകരെ കൊണ്ട് നിറഞ്ഞു. പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മഹിളാ കോൺഗ്രസ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറിയുമായ ജമീല അഹമ്മദ് മുഴുവൻ കേന്ദ്രങ്ങളിലും സ്വീകരണങ്ങൾ നിയന്ത്രിച്ചു. കൊല്ല്യ മുതൽ പടഌജംഗ്ഷൻ വരെയും അവിടെ നിന്ന് ഉളിയത്തടുക്ക വരെയും രാജ്മോഹൻ ഉണ്ണിത്താനെയും എൻ എ നെല്ലിക്കുന്നിനെയും തുറന്ന വാഹനത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയിൽ റോഡ് ഷോ നടത്തിയാണ് പ്രവർത്തകർ ആനയിച്ചത്. ഉളിയത്തടുക്ക എത്തിയപ്പോൾ സി ടി അഹമ്മദലിയും ഒപ്പം ചേർന്നു. പടഌയിലെ സി പി എമ്മിന് ശക്തിയുള്ള പ്രദേശങ്ങളിലൂടെയാണ് നാടിളക്കി ഉണ്ണിത്താന്റെ റോഡ്‌ഷോ കടന്നുപോയത്. റോഡിന് ഇരുവശവും സ്ഥാനാർത്ഥിയെ കാണാനും കൈകൾ വീശി അഭിവാദ്യം ചെയ്യാനും നിരവധി പേർ തടിച്ചുകൂടി. തൊഴുകൈയ്യോടെ അവരോടെല്ലാം വോട്ടഭ്യർത്ഥിച്ചു. 
മായിപ്പാടി രാജാവിന്റെ കീഴിലായിരുന്ന ഉളിയത്ത് വാഴുന്നവരുടെ പശുക്കളെ മേയ്ച്ചിരുന്ന അട്ക്ക എന്നറിയപ്പെടുന്ന തുളുനാട്ടിലെ ഉളിയത്തടുക്കയിൽ രാജ്മോഹൻ ഉണ്ണിത്താൻ എത്തുമ്പോൾ നിശ്ചയിച്ച സമയത്തിൽ നിന്നും രണ്ടര മണിക്കൂർ വൈകിയിരുന്നു. ഉച്ചവെയിലിനെ വകവെക്കാതെ കാത്തിരുന്ന ജനസമുദ്രം ഉണ്ണിത്താന്റെ വാക്കുകൾക്ക് കാതോർത്തു. ആളുകളെ കണ്ടതോടെ വാക്കുകൾക്ക് ശക്തിയും നീളവും കൂടി. വാക്ചാതുരിയിൽ എന്നെ തോൽപ്പിക്കാൻ ആർക്കും കഴിയില്ലെന്ന് തെളിയിക്കുകയായിരുന്നു ഉണ്ണിത്താൻ. മലയാളത്തിലും കന്നടയിലും വോട്ട് ചോദിച്ചു. ' എല്ലാവരുടെയും വീടുകളിൽ വന്നു കുടുംബക്കാരെ കണ്ടു വോട്ട് ചോദിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സമയപരിമിതി അനുവദിക്കുന്നില്ല. ഞാൻ ഈ വാഹനത്തിൽ നിന്നുകൊണ്ട് ഓരോരുത്തരുടെയും കാല് തൊട്ടുവന്ദിക്കുകയാണ്. 
എന്റെ വിജയത്തിനായി പ്രാർത്ഥിക്കണം , വോട്ട് ചെയ്യണം. എനിക്ക് ഇന്ത്യൻ പാർലമെന്റിൽ പോകാൻ അവസരം തരണം. 20 കൊല്ലം മുമ്പ് ഇവിടെ വന്നിരുന്നെങ്കിൽ ഞാൻ രാഷ്ട്രീയത്തിൽ മുമ്പേ രക്ഷപ്പെട്ടേനെ. ഞാൻ കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക വക്താവ് കൂടിയാണ്. എന്റെ ചാനൽ ചർച്ചകളിൽ എന്നെ കേൾക്കുന്നവർക്ക് അറിയാം. അഴിമതിക്കും വർഗീയതക്കും ഞാൻ എതിരാണ്. ഞാൻ എന്നും ജനങ്ങളോടൊപ്പം ഉണ്ടാകും. മോഡിയെ മാറ്റി രാഹുൽഗാന്ധി പ്രധാനമന്ത്രിയായി ഒരു ജനാധിപത്യ സർക്കാർ അധികാരത്തിൽ വരണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. പ്രവാസി മലയാളികളായ ആളുകളുടെ അവകാശങ്ങൾ സംരക്ഷിക്കണം. കാർഷിക കടങ്ങൾ എഴുതിത്തള്ളണം. 35 കൊല്ലമായി വികസനത്തിന്റെ ശവപ്പറമ്പാക്കി മാറ്റിയ മുന്നണിയെ തൂത്തെറിയണം. വികസനം തിരിഞ്ഞു നോക്കാത്ത മണ്ഡലത്തിൽ എവിടെ നോക്കിയാലും രക്തസാക്ഷി കുടീരങ്ങൾ മാത്രമാണുള്ളത്. മെഡിക്കൽ കോളേജ് പോയി. ഉക്കിനടുക്ക എൻഡോസൾഫാൻ മെഡിക്കൽ കോളേജ് എവിടെയാണ്. 
കാഞ്ഞങ്ങാട് -കാണിയൂർ പാത വേണ്ടെന്ന് പറയുന്നു. റെയിൽവെ സ്റ്റേഷനുകളുടെ കഥകൾ പരമദയനീയം.15 കൊല്ലം ഇരുന്ന എം പിയുടെ മൂക്കിന് താഴെയുള്ള റെയിൽവേഗേറ്റ് മാറ്റാൻ കഴിഞ്ഞില്ല. ഇതിനെല്ലാം മാറ്റം വേണം .
യു ഡി എഫ് മണ്ഡലമായി കാസർകോടിനെ മാറ്റണം. എനിക്ക് അവസരം തന്നാൽ കാസർകോടിന്റെ വികസനത്തിന് അഞ്ചു വർഷം മതി. വികസനം എന്താണെന്ന് ഞാൻ നിങ്ങളെ പഠിപ്പിച്ചു തരാം. പെരിയയിൽ ഞങ്ങളുടെ രണ്ടു കുഞ്ഞുങ്ങളെ കൊന്നു. വീട്ടുകാർ പറഞ്ഞിട്ടും പെരിയ കൊലപാതക കേസ് സി ബി ഐക്ക് വിടാൻ നിങ്ങൾ എന്തിന് പേടിക്കുന്നു. 
ഞാൻ എം പിയായാൽ ആദ്യ തീരുമാനം കേസ് സി ബി ഐക്ക് വിടുന്നതിനാണ്. വാക്കുകൾക്ക് മൂർച്ച കൂടിയതോടെ ആളുകൾ ഹർഷാരവം മുഴക്കി പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ഹിദായത് നഗറിൽ അബ്ബാസ് ഹാജിയുടെ വീട്ടിൽ ആയിരുന്നു ഉച്ചഭക്ഷണം. അവിടെ വെച്ച് 'കേരളകൗമുദി'യോട് സംസാരിച്ച ശേഷം വീണ്ടും ഗോദയിലേക്ക്. 'സർവ്വേകളിലൊന്നും വലിയ കാര്യമില്ല . ഞാൻ ജനങ്ങളിൽ വിശ്വസിക്കുന്നു. അവർ എനിക്ക് വോട്ട് ചെയ്യും വിജയിപ്പിക്കും..' ഉണ്ണിത്താൻ പറയുന്നു. പ്രചാരണ വിശേഷങ്ങൾ തിരക്കി ഡി സി സി പ്രസിഡണ്ട് ഹക്കിം കുന്നിൽ , നോയൽ ജോസഫ് തുടങ്ങിയവർ അബ്ബാസ് ഹാജിയുടെ വീട്ടിൽ എത്തിയിരുന്നു. യു ഡി എഫ് നേതാക്കളായ എം രാജീവൻ നമ്പ്യാർ, ഹാരിസ് ചൂരി, കരിവെള്ളൂർ വിജയൻ, അഷ്റഫ് എടനീർ, എം എച്ച് ജനാർദ്ദനൻ, അഡ്വ. ജവാദ് , ഹാഷിം അരിയിൽ എന്നിവരും ഒപ്പമുണ്ടായി. 
ചെട്ടുംകുഴി , നെല്ലിക്കുന്ന് , നുള്ളിപ്പാടി, അണങ്കൂർ ,കസബ കടപ്പുറം, ചേരങ്കൈ കടപ്പുറം, കൊല്ലമ്പാടി, ബാങ്കോട്, തളങ്കര കടവത്ത്, കണ്ടത്തിൽ തുടങ്ങിയ സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ട് ദീനാർ നഗറിൽ സമാപിക്കുമ്പോൾ യു ഡി എഫിന്റെ കോട്ടയിൽ ആധിപത്യം ഉറപ്പിക്കുന്ന ജനപങ്കാളിത്തമായിരുന്നു ഉണ്ണിത്താനെ വരവൽക്കാൻ എത്തിയത്. 

Latest News