ആലപ്പുഴ - ആർ.എസ്.എസിനെ ആക്രമിച്ചും ഇടതുപക്ഷത്തെ തലോടിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും ആർ.എസ്.എസ് തകർക്കുകയാണ്. ആർ.എസ്.എസ് ചെയ്യുന്നതുപോലെ ഇടതുപക്ഷം ഒരിക്കലും ചെയ്യില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഷാനിമോൾ ഉസ്മാന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസിനെയും ഇടതുപക്ഷത്തെയും വ്യത്യസ്തമായിട്ടാണ് കോൺഗ്രസ് പാർട്ടി കാണുന്നത്. ഇടതുപക്ഷം ഭരണഘടനാ സ്ഥാപനങ്ങളെയും ഭരണഘടനയെയും തകർക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആരുടെയും വിശ്വാസ അവകാശത്തെ കോൺഗ്രസ് തടയില്ല. പാരമ്പര്യവിശ്വാസികൾക്കൊപ്പമാണ് കോൺഗ്രസ് നിലകൊള്ളുന്നത്. സ്വന്തം വിശ്വാസത്തിലൂന്നി ജീവിക്കാൻ ഓരോ പൗരനും സ്വാത്രന്ത്യമുണ്ട്. ആരുടെയും വിശ്വാസം ഹനിക്കാൻ കോൺഗ്രസ് തയാറല്ല.
വിവിധങ്ങളായ സംസ്‌കാരത്തിലൂന്നി ജീവിക്കുന്ന ഇന്ത്യയിലെ ജനതയെ അവരുടെ ആചാരാനുഷ്ഠാനങ്ങളെ മാനിക്കാനും അത് നിലനിർത്താനും കഴിയുന്നവരായിരിക്കണം ഭരണകർത്താക്കൾ. എന്നാൽ, തന്റെ ആശയങ്ങൾ അടിച്ചേൽപ്പിച്ച് ജനങ്ങളെ ആക്രമിച്ച് ഭരിക്കാനാണ് ശ്രമം നടത്തുന്നത്. ആർ.എസ്.എസും കോൺഗ്രസും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പിൽ നടക്കുന്നത്. മുൻകാല നേതാക്കൾ ഉയർത്തിക്കൊണ്ടുവന്ന ഇന്ത്യയെ അതേ കാഴ്ചപ്പാടോടെ വളർത്തിയെടുക്കാൻ കോൺഗ്രസിനുമാത്രമെ കഴിയൂ. വ്യത്യസ്തമായ ചരിത്രം, ഭാഷ, സംസ്‌ക്കാരം ഇവയെല്ലാമാണ് ഇന്ത്യയുടെ മുഖമുദ്ര. ഈ ഭൂമികയിൽ മലയാളിക്കും തമിഴനും കാശ്മീരിക്കും തുല്യ അവകാശത്തോടെ സ്ഥാനം വേണം. ഏത് കാര്യത്തോടും യോജിക്കാനും വിയോജിക്കാനും സംവദിക്കാനും സ്വാതന്ത്ര്യം വേണം. ഒറ്റ ആശയം അടിച്ചേൽപ്പിച്ച് ഇന്ത്യയെ അടക്കിവാഴാമെന്നത് വെറും മോഹം മാത്രമാണ്. ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രത്തോട് യോജിക്കാത്തവരെ തകർക്കുന്നു. ആശയത്തോട് എതിർപ്പാണെങ്കിലും ബിജെപിയെയും ആർ.എസി.എസിനെയും ആക്രമിക്കുന്നത് കോൺഗ്രസ് നയമല്ല. നമ്മുടെ രാജ്യത്തിന്റെ ആശയം സ്‌നേഹവും സഹാനുഭൂതിയും ആർദ്രതയുമാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ സാ്രമാജ്യത്വം ലോകത്ത് ആധിപത്യം സ്ഥാപിച്ചിരുന്നു. ഇതിനെതിരേ ഒരേയൊരു രാഷ്ട്രമാണ് നിലകൊണ്ടത്.
ഇന്ത്യയിലെ എല്ലാ സമൂഹങ്ങളും ഒരുപോലെ ബഹുമാനിക്കപ്പെടണമെന്നുകൊണ്ടാണ് താൻ വയനാട്ടിലും മൽസരിക്കാൻ തീരുമാനിച്ചത്. 5 വർഷം മുമ്പ് നരേന്ദ്രമോഡി നൽകിയ വാഗ്ദാനങ്ങളിൽ ഏതാണ് പാലിച്ചത്. 15 ലക്ഷം രൂപ വീതം ഓരോ പൗരനും നൽകുമെന്ന് പറഞ്ഞു, ലഭിച്ചോ?, കർഷകരോടും മൽസ്യത്തൊഴിലാളികളോടും ചെറുകിട കച്ചവടക്കാരോടും പലവിധ വാഗ്ദാനങ്ങൾ നൽകി. എന്നാൽ ഇക്കൂട്ടരെ ആരെയും മോഡി ആശ്വസിപ്പിച്ചില്ല. അനിൽ അംബാനിയുടെ കീശ വീർപ്പിക്കുന്ന ജോലിയാണ് ചൗക്കിദാർ ഏറ്റെടുത്തത്. ഭരണത്തിലേറുമ്പോൾ തനിക്ക് 56 ഇഞ്ച് നെഞ്ചളവ് ഉണ്ടെന്നും തന്നെ ഇന്ത്യയുടെ കാവൽക്കാരനായി കണ്ടാൽ മതിയെന്നും പറഞ്ഞ നരേന്ദ്രമോഡി 15 കുത്തക അഴിമതിക്കാരുടെ കാവൽക്കാരനായി നിൽക്കുന്നതാണ് രാജ്യം കണ്ടത്. കർഷകനോടും മത്സ്യത്തൊഴിലാളിയോടും ദുരിതമനുഭവിക്കുന്നവനോടും സംസാരിക്കാൻ പ്രധാനമന്ത്രിക്ക് സമയമില്ല. അദ്ദേഹം സംവദിക്കുന്നത് അനിൽ അംബാനിയോടാണ്. അദ്ദേഹം കാവൽ നിൽക്കുന്നത് കോടികൾ കടത്തിയ അഴിമതിക്കാർക്കുവേണ്ടിയാണ്. 15 ലക്ഷം രൂപ വീതം ഓരോ പൗരനും നൽകാൻ കഴിയില്ല. അത് പാഴ് വാക്കാണ്. അത് ഇന്ത്യയെ കൂടുതൽ ദരിദ്രമാക്കും.
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി കാർഷിക കടം തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ ഒരു കർഷകനും ജയിലിൽ പോകേണ്ടിവരില്ലെന്നും പ്രഖ്യാപിച്ചു.