Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലബാറിൽ മൂന്നു മണ്ഡലങ്ങളിൽ കടുത്ത പോരാട്ടം

മലപ്പുറം- ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ മലബാർ മേഖലയിൽ മൂന്നു മണ്ഡലങ്ങളിൽ നടക്കുന്നത് കടുത്ത പോരാട്ടം. വടകര, കണ്ണൂർ, കോഴിക്കോട് മണ്ഡലങ്ങളിലാണ് ഇടതു-വലതു മുന്നണികൾ തെരഞ്ഞെടുപ്പു വിജയത്തിനായി ഇഞ്ചോടിഞ്ച് പോരാടുന്നത്. കടുത്ത വേനൽ ചൂടിനെ ഗൗനിക്കാതെ അഭിമാന പോരാട്ടത്തിന്റെ തീച്ചൂളയിലാണ് സ്ഥാനാർഥികളും മുന്നണി പ്രവർത്തകരും. ഈ മൂന്നു മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പു ഫലം പ്രവചനാതീതമായി തുടരുകയാണ്. കാസർകോട്,വയനാട്,മലപ്പുറം,പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് ചൂട് കുറവാണ്. എന്നാൽ കാസർകോട്, പൊന്നാനി മണ്ഡലങ്ങളിൽ അടിയൊഴുക്കുകൾ ശക്തമാണ്. മലബാറിൽ ഇത്തവണയും യു.ഡി.എഫിന് മേൽകൈ ലഭിക്കുമെന്നാണ് സൂചനകൾ.
കാസർകോട് മണ്ഡലത്തിൽ ഇടതുസ്ഥാനാർഥിക്ക് അനുകൂലമായാണ് പ്രചാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. മണ്ഡലം ഇത്തവണയും ഇടതുപക്ഷം നിലനിർത്തുമെന്നാണ് സൂചനകൾ. പ്രധാന മുന്നണികളുടെ സ്ഥാനാർഥികൾ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങളായതിനാൽ ജയപരാജയങ്ങൾ നേരിയ വ്യത്യാസത്തിലായിരിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഇടതുസ്ഥാനാർഥി സി.പി.എമ്മിലെ കെ.പി.സതീഷ് ചന്ദ്രന്റെ ശക്തി പ്രാദേശികമായ പിന്തുണയാണ്. മുൻ എം.എൽ.എ എന്ന നിലയിൽ സതീഷ്ചന്ദ്രൻ മണ്ഡലത്തിലെ ജനങ്ങൾക്ക് സുപരിചിതനാണ്. നിയമസഭാംഗമായിരുന്ന കാലത്ത് കാസർകോട് മേഖലയിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും അദ്ദേഹത്തിന് ഉയർത്തിക്കാട്ടാനുണ്ട്. എതിരാളി കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താന്റെ രാഷ്ട്രീയതന്ത്രങ്ങൾ ഇടതുപാളയത്തിൽ വിള്ളലുണ്ടാക്കുമോ എന്നതാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ പി.കരുണാകരൻ നേടിയ 5825 വോട്ടുകളുടെ ഭൂരിപക്ഷം അട്ടിമറിക്കുമെന്ന ഉറപ്പിലാണ് രാജ്‌മോഹൻ ഉണ്ണിത്താനുള്ളത്. എന്നാൽ കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർഥി ടി.സിദ്ദീഖിന് ലഭിച്ച പിന്തുണ മണ്ഡലത്തിൽ രാജ്‌മോഹന് ലഭിക്കില്ലെന്നാണ് സൂചനകൾ. കാസർകോട് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നാലെണ്ണത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ലീഡ് ലഭിച്ചത്. ഇത്തവണ കൂടുതൽ മണ്ഡലങ്ങളിൽ ലീഡുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുപ്രവർത്തകർ. കഴിഞ്ഞ തവണ എൻ.ഡി.എ  17.7 ശതമാനം വോട്ടുകൾ പിടിച്ച മണ്ഡലമാണ് കാസർകോട്. ഇത്തവണ എൻ.ഡി.എ സ്ഥാനാർഥി രവീശ തന്ത്രിയും വോട്ടുനില മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ്. ന്യുനപക്ഷ വോട്ടുകൾ നിർണായകമായ കാസർകോട് മണ്ഡലത്തിൽ അത് അനുകൂലമാക്കാനായാണ് ഇടതു-വലതുമുന്നണികളുടെ തീവ്രശ്രമം. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയ സജീവ ചർച്ചയായ മണ്ഡലത്തിൽ സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് ഇടതുപക്ഷം ജനപിന്തുണ തേടുന്നത്.
കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ ഇത്തവണ അട്ടിമറിയുടെ മണമുണ്ട്. തുടർച്ചയായ രണ്ടാം വിജയത്തിന് രംഗത്തിറങ്ങിയിട്ടുള്ള സി.പി.എം.നേതാവ് പി.കെ.ശ്രീമതി ടീച്ചർക്ക് കോൺഗ്രസിന്റെ മലബാറിലെ ശക്തനായ നേതാവ് കെ.സുധാകരൻ കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. പുറമെക്ക് വാശി കുറവാണെങ്കിലും അടിത്തട്ടിൽ അട്ടിമറിയുടെ തിരയിളക്കങ്ങളുണ്ട്. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയം ഏറ്റവുമധികം ചർച്ച ചെയ്യുന്ന മണ്ഡലങ്ങളിലൊന്നാണ് കണ്ണൂർ. കണ്ണൂരിന്റെ മനസ് ആഴത്തിലറിയുന്ന സുധാകരന് മണ്ഡലം തിരിച്ചു പിടിക്കാനാകുമെന്നാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം. 2009 ൽ കണ്ണൂരിൽ വിജയിച്ച സുധാകരൻ ഒരിടവേളക്ക് ശേഷം വീണ്ടും വിജയിച്ച് പാർലമെന്റിലെത്തുമെന്ന കണക്കുകൂട്ടൽ തന്നെയാണ് യു.ഡി.എഫ് കേന്ദ്രങ്ങളിലുള്ളത്. രാഹുൽഗാന്ധിയുടെ കേരളത്തിലേക്കുള്ള വരവിന്റെ പ്രധാന ഗുണഭോക്താക്കളിലൊരാളും സുധാരനാകുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നുണ്ട്. ശബരിമല വിഷയത്തിൽ വിശ്വാസ സംരക്ഷണത്തിനായി സുധാകരൻ നടത്തിയ യാത്ര കണ്ണൂരിൽ ഹൈന്ദവ വോട്ടുകൾ അനുകൂലമാക്കാൻ സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശ്രീമതി ടീച്ചർ നേടിയ 6566 വോട്ടുകളുടെ ഭൂരിപക്ഷം സുരക്ഷിതമല്ലെന്ന ആശങ്ക ഇടതുക്യാമ്പിലുണ്ട്. അക്രമരാഷ്ട്രീയത്തിനെതിരെയും സംസ്ഥാന ഭരണത്തിനെതിരെയും ജനവിധിയുണ്ടായാൽ അത് ആദ്യം പ്രതിഫലിക്കുന്നത് കണ്ണൂരിലെ തെരഞ്ഞെടുപ്പു ഫലത്തിലായിരിക്കും.
വടകര, കോഴിക്കോട് മണ്ഡലങ്ങളിൽ പ്രചാരണം മുന്നോട്ടു പോകുന്നത് ഏതാണ്ട് ഒരേ രീതിയിലാണ്. വടകരയിലെ ജയരാജന്റെ സ്ഥാനാർഥിത്വത്തിനെതിരായ പ്രചാരണങ്ങളുടെ അലയൊലികൾ കോഴിക്കോട്ടും ഉയരുന്നുണ്ട്. ഇരുമണ്ഡലങ്ങളിലും ഫലം മുൻകൂട്ടി പ്രവചിക്കുന്നത് അസാധ്യം.വടകര മണ്ഡലം തിരിച്ചു പിടിക്കാൻ രംഗത്തിറങ്ങിയിട്ടുള്ള സി.പി.എം നേതാവ് പി.ജയരാജനാണ് ഒരു പക്ഷെ ഈ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം രാഷ്ട്രീയമായി പ്രതിരോധിക്കപ്പെടുന്ന സ്ഥാനാർഥി. അവിടെ ഇടതുപക്ഷം എതിർപ്പുകളുടെ പത്മവ്യൂഹത്തിനുള്ളിലാണ്. യു.ഡി.എഫും ആർ.എം.പിയും അക്രമരാഷ്ട്രീയത്തെ എതിർക്കുന്ന നിഷ്പക്ഷ വോട്ടർമാരുമെല്ലാം ജയരാജനെതിരെ തിരിയുമെന്ന അവസ്ഥയാണ്. ജയരാജനെ തോൽപ്പിച്ചാൽ സി.പി.എമ്മിനെ തറപറ്റിച്ചു എന്ന് വിശ്വസിക്കുന്ന ബി.ജെ.പിയുടെ നിലപാടും ഇവിടെ നിർണായകമാണ്. ഇടതുപക്ഷത്തിനാകട്ടെ ആകെ ആശ്രയിക്കാനുള്ളത് മുന്നണിയുടെ രാഷ്ട്രീയ വോട്ടുകളാണ്. സി.പി.എമ്മിന്റെ സംഘടനാ ശക്തി ബലപരീക്ഷണം നേരിടുന്ന തെരഞ്ഞെടുപ്പാണിത്. കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ രണ്ടു തവണ തുടർച്ചയായി വിജയിച്ച വടകരയിൽ ഇത്തവണ മണ്ഡലം നിലനിർത്താൻ കെ.മുരളീധരൻ വിശ്രമമില്ലാതെയാണ് പ്രചാരണം നടത്തുന്നത്. മുരളീധരന് ബി.ജെ.പിയുടെ രഹസ്യ പിന്തുണയുണ്ടെന്ന പ്രചാരണം സി.പി.എം മണ്ഡലത്തിൽ വ്യാപകമാക്കിയിട്ടുണ്ട്. അക്രമരാഷ്ട്രീയത്തിന്റെ വക്താവെന്ന ജയരാജനെതിരായ ആരോപണം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചാൽ ഇത്തവണ മുരളീധരൻ നിയമസഭ വിട്ട് ലോക്‌സഭയിലേക്ക് യാത്രയാകും.കോഴിക്കോട് മണ്ഡലത്തിൽ വിജയം ആർക്കൊപ്പമെന്ന് പ്രവചിക്കാനാകാത്ത നിലയാണ്. യു.ഡി.എഫ് സ്ഥാനാർഥിയും സിറ്റിംഗ് എം.പിയുമായ എ.കെ.രാഘവനും ഇടതു സ്ഥാനാർഥി സിറ്റിംഗ് എം.എൽ.എയായ എ.പ്രദീപ് കുമാറും മണ്ഡലത്തിൽ ജനപ്രിയരാണ്. ന്യുനപക്ഷ വോട്ടുകളും നിഷ്പക്ഷ വോട്ടുകളും ആർക്ക് ലഭിക്കുമെന്നത് സുപ്രധാനമാണ്. ഹാട്രിക് വിജയത്തിനിറങ്ങിയിട്ടുള്ള രാഘവനെ പിടിച്ചു കെട്ടാൻ കെൽപ്പുള്ള പ്രദീപ്കുമാർ മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. രാഘവനെതിരെ ഉയർന്ന സാമ്പത്തിക ആരോപണം ഇടതുമുന്നണിക്ക് ഗുണം ചെയ്തിട്ടുണ്ട്. എന്നാൽ മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളിലും രാഘവനുള്ള രാഷ്ട്രീയവും വ്യക്തിപരവുമായ സ്വാധീനമാണ് യു.ഡി.എഫിന്റെ പ്രതീക്ഷ വളർത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഘവന്റെ വിജയം 16883 വോട്ടുകൾക്കായിരുന്നു. ഇത്തവണ കേരളത്തിലെ രാഹുൽ തരംഗവും കേന്ദ്രത്തിലെ എൻ.ഡി.എ.വിരുദ്ധ നീക്കങ്ങളും കോഴിക്കോട്ടെ വോട്ടർമാരെ സ്വാധീനിച്ചാൽ എം.കെ.രാഘവൻ ഹാട്രിക് വിജയം നേടും.
രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം കൊണ്ട് രാജ്യത്തെ തന്നെ വി.ഐ.പി മണ്ഡലങ്ങളിലൊന്നായ വയനാട്ടിൽ ഇടതുപക്ഷത്തിന് ശക്തമായ മൽസരം കാഴ്ചവെക്കാനുള്ള അവസരം തന്നെ അപ്രതീക്ഷിതമായി നഷ്ടപ്പെട്ടിരിക്കുന്നു.  യു.ഡി.എഫിന്റെ ശക്തമായ മണ്ഡലമായ വയനാട്ടിൽ ഇടതുപക്ഷത്തിന് വിജയം വിദൂരസാധ്യതയാണ്. അതിനിടെയാണ് രാഹുൽഗാന്ധി തന്നെ യു.ഡി.എഫ് സ്ഥാനാർഥിയായി എത്തിയത്. രാഹുലിന് ഒരു ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷമുണ്ടാകുമെന്ന കണക്കുകൂട്ടലാണ് യു.ഡി.എഫ് നേതാക്കൾക്കുള്ളത്. സംസ്ഥാനത്ത് സ്വതന്ത്രൻമാരടക്കം ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ള മണ്ഡലം കൂടിയാണ് വയനാട്. ഇടതുസ്ഥാനാർഥി സി.പി.ഐയിലെ പി.പി.സുനീർ നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചിരുന്നെങ്കിലും രാഹുൽഗാന്ധിയുടെ വരവോടെ ചിത്രം മാറി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എം.ഐ. ഷാനവാസിന്റെ ഭൂരിപക്ഷത്തിൽ കുറവുണ്ടാക്കാനായത് ഇടതുമുന്നണിക്ക് പ്രതീക്ഷ നൽകിയിരുന്നു. മുസ്‌ലിം ലീഗിനെ ആക്രമിച്ച് രാഹുൽഗാന്ധിക്കെതിരെ പ്രചാരണം നടത്താൻ ബി.ജെ.പി ശ്രമിക്കുന്നുണ്ടെങ്കിലും മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ അതൊന്നും ചലനങ്ങളുണ്ടാക്കിയിട്ടില്ല.
മലപ്പുറം മണ്ഡലം ഇത്തവണയും യു.ഡി.എഫിന്റെ ശക്തിദുർഗമായി തന്നെ നിലനിൽക്കുമെന്നാണ് സൂചനകൾ. മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി.സാനു മികച്ച പ്രചാരണമാണ് നടത്തി വരുന്നത്. യുവാക്കളിൽ തരംഗമായി മാറാൻ സാനുവിന് കഴിഞ്ഞു. എന്നാൽ ലോക്‌സഭാ മണ്ഡലത്തിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളും അടക്കിവാഴുന്ന യു.ഡി.എഫിനെ തറപറ്റിച്ച് അട്ടിമറി വിജയം നേടാൻ ഇടതുമുന്നണിക്ക് ഇത്തവണയും കഴിയില്ല.
പൊന്നാനിയിൽ കാര്യങ്ങൾ മാറി മറിയുകയാണ്. സിറ്റിംഗ് എം.പി.മുസ്‌ലിം ലീഗിലെ ഇ.ടി.മുഹമ്മദ് ബഷീറിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവെക്കാൻ രംഗത്തിറങ്ങിയ നിലമ്പൂർ എം.എൽ.എ. ഇത്തവണ പൊന്നാനിയിൽ വിജയചരിത്രം സൃഷ്ടിക്കുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പു അടുത്തു കൊണ്ടിരിക്കെ ഇടതുപ്രവർത്തകരിൽ പോലും ആവേശം ചോരുന്നത് യു.ഡി.എഫിന് ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. മണ്ഡലത്തിലെ വികസന മുരടിപ്പ് ഉയർത്തിക്കാട്ടിയാണ് പി.വി.അൻവറിന്റെ പ്രധാന പ്രചാരണം. കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ വോട്ട് തനിക്ക് ലഭിക്കുമെന്ന വിശ്വാസവും അൻവറിനുണ്ട്. എന്നാൽ യു.ഡി.എഫിലെ ഭിന്നത ഏറെയൊന്നും പ്രകടമല്ലാത്ത തെരഞ്ഞെടുപ്പാണിത്. പി.വി.അൻവറിനെതിരായ കേസുകൾ ഉയർത്തിക്കാട്ടാൻ യു.ഡി.എഫ് പ്രവർത്തകർ പരമാവധി ശ്രമിക്കുന്നുണ്ട്. മാത്രമല്ല, അൻവറിനെ പൂർണപിന്തുണ നൽകാൻ ഇടതുമുന്നണിയിലെ ഒരു വിഭാഗം ഇനിയും തയ്യാറായിട്ടില്ലെന്നത് അൻവറിന്റെ വിജയപ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നുണ്ട്.
മലബാറിലെ ഏഴ് മണ്ഡലങ്ങളിലും എൻ.ഡി. എ ഇത്തവണ അഞ്ചു ശതമാനത്തോളം വോട്ട് വർധനവുണ്ടാക്കുമെന്നാണ് കണക്കുകൂട്ടുന്നത്. കാസർകോട്, കണ്ണൂർ, പൊന്നാനി മണ്ഡലങ്ങളിൽ എൻ.ഡി.എയുടെ വോട്ടുവിഹിതത്തിൽ ഗണ്യമായ വർധനവുണ്ടാകുമെന്നാണ് സൂചനകൾ.

Latest News