കർണാടകയിലെ പ്രായം കുറഞ്ഞ ബി.ജെ.പി സ്ഥാനാർഥിയാണ് ബംഗളൂരു സൗത്തിൽ മത്സരിക്കുന്ന തേജസ്വി സൂര്യ. ഇരുപത്തെട്ടുകാരന്റെ സ്ത്രീവിരുദ്ധ, മുസ്‌ലിം വിരുദ്ധ നിലപാടുകൾ കുപ്രസിദ്ധമാണ്. ഇപ്പോൾ മി ടൂ കാമ്പയിനിൽ കുടുങ്ങിയിരിക്കുകയാണ് യുവ നേതാവ്. തനിക്കെതിരായ ലൈംഗികാരോപണ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ദ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ഡെക്കാൻ ഹെറാൾഡ്, ഇന്ത്യ ടുഡേ ഉൾപ്പെടെ 49 പ്രമുഖ മാധ്യമങ്ങളെ വിലക്കുന്ന ഉത്തരവ് കീഴ്‌കോടതിയിൽനിന്ന് തേജസ്വി സൂര്യ സമ്പാദിച്ചിരുന്നു. എന്നാൽ മേൽകോടതി ഈ ഉത്തരവ് റദ്ദാക്കി. തേജസ്വി സൂര്യ താനുൾപ്പെടെ മൂന്നു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അമേരിക്കയിൽ സ്ഥിരതാമസമാക്കിയ യുവതി ആരോപിക്കുന്ന ഓഡിയൊ ക്ലിപ്പുകൾ കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്തുവിട്ടു.
അന്തരിച്ച കേന്ദ്രമന്ത്രി അനന്തകുമാർ പ്രതിനിധീകരിച്ച മണ്ഡലമായിരുന്നു ബംഗളൂരു സൗത്ത്. അദ്ദേഹത്തിന്റെ ഭാര്യ തേജസ്വിനി അനന്തകുമാറായിരുന്നു ഇവിടെ ഇത്തവണ മത്സരിക്കേണ്ടിയിരുന്നത്. അവസാന നിമിഷമാണ് പാർട്ടി തേജസ്വി സൂര്യയെ ഇറക്കിയത്.
സൂര്യ സ്ത്രീവിരുദ്ധ നിലപാട് പരസ്യമായി പ്രകടിപ്പിക്കാൻ മടികാണിച്ചിട്ടില്ലാത്തയാളാണ്. സ്ത്രീ സംവരണം നിലവിൽ വരുന്ന ദിനത്തെ താൻ ഭയപ്പെടുന്നുവെന്ന് 2014 ൽ സൂര്യ പറഞ്ഞു. മുസ്‌ലിം വിരുദ്ധത പറയാൻ ഒരു മറയും സൂര്യ ബാക്കിവെച്ചില്ല. 'എന്നെ പിന്തിരിപ്പനെന്ന് വിളിച്ചോളൂ..മുസ്‌ലിം വോട്ട് ഏകോപിപ്പിക്കുന്നതിലൂടെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിൽ തോൽക്കുന്നത്. ബി.ജെ.പി മറയില്ലാത്ത വിധം ഹിന്ദു പാർട്ടി ആവണം. ഹിന്ദുക്കൾ ഹിന്ദുരാഷ്ട്രത്തിന് വേണ്ടി പൊരുതണം. മതേതരത്വം വിലയില്ലാത്ത സാധനമാണ്'. ഇലക്ഷൻ ദേശീയതയുടെ പരീക്ഷണമാണെന്നും മോഡിക്ക് വോട്ട് ചെയ്യാത്തവരെല്ലാം ദേശവിരുദ്ധരാണെന്നും ഈയിടെ സൂര്യ പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം ഒരു വനിതാ വ്യവസായിയാണ് സൂര്യക്കെതിരെ ട്വിറ്ററിലൂടെ പീഡനം ആരോപിച്ചത്. കോറമംഗല പോലീസിൽ ഇവർ പരാതി നൽകുകയും ചെയ്തു. ബി.ജെ.പി, ആർ.എസ്.എസ് നേതൃത്വത്തിനും പരാതിയുടെ കോപ്പി നൽകിയതായി പറയുന്നു. കോൺഗ്രസ് വക്താവ് ബ്രിജേഷ് കാലപ്പ ഈ ഓഡിയൊ പത്രസമ്മേളനത്തിൽ പുറത്തുവിടുകയും തനിക്കെതിരായ പരാതി സൂര്യ ഇലക്ഷൻ സത്യവാങ്മൂലത്തിൽ കാണിച്ചില്ലെന്ന് ആരോപിക്കുകയും ചെയ്തതോടെ യുവതി കോൺഗ്രസിനെതിരെ തിരിഞ്ഞു. തന്റെ സ്വകാര്യത ലംഘിച്ചതായി അവർ ആരോപിച്ചു. എന്നാൽ ഈ ഓഡിയൊ ദിവസങ്ങളായി പ്രചരിക്കുന്നുണ്ടെന്നും താൻ എങ്ങനെയാണ് യുവതിയുടെ സഭ്യത ലംഘിച്ചതെന്ന് വിശദീകരിക്കണമെന്നും കാലപ്പ ആവശ്യപ്പെട്ടു. ഇത് എനിക്ക് നേരിട്ടു ലഭിച്ച ഓഡിയൊ ടേപ്പല്ല. ആയിരക്കണക്കിനാളുകൾ കേട്ടു കഴിഞ്ഞതാണ്. എനിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നുവെങ്കിൽ സ്വാഗതം -കാലപ്പ പറഞ്ഞു.ബംഗളൂരു സൗത്ത് ബി.ജെ.പിയുടെ കോട്ടയാണ്. 1989 ൽ ആർ. ഗുണ്ടുറാവുവാണ് അവസാനം ഇവിടെ നിന്ന് ജയിച്ച കോൺഗ്രസ് പ്രതിനിധി. 1996 ൽ അനന്ത്കുമാറാണ് ജയിച്ചിരുന്നത്. 2014 ൽ ഇൻഫോസിസ് ചെയർമാനായിരുന്ന നന്ദൻ നിലേകാനിയെ (കോൺഗ്രസ്) അനന്ത്കുമാർ രണ്ടേകാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് തോൽപിച്ചു. ഇത്തവണ ബി.കെ. ഹരിപ്രസാദാണ് കോൺഗ്രസ് സ്ഥാനാർഥി. -ടി. സാലിം