ബി.ജെ.പിയിലെ നെഹ്‌റു കുടുംബാംഗം വരുൺ ഗാന്ധി തന്റെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്നു...
ചോ: താങ്കളും അമ്മ മനേകാ ഗാന്ധിയും മണ്ഡലങ്ങൾ വെച്ചു മാറിയതെന്തിനാണ്?
ഉ: പിലിബിറ്റും സുൽത്താൻപൂരും ഞങ്ങൾക്ക് സ്വന്തം വീട് പോലെയാണ്. ഫിലിബിറ്റിൽ ഞാൻ നേരത്തെ ജയിച്ചിട്ടുണ്ട്. ഫിലിബിറ്റിലെ ആളുകളുമായി ഒമ്പതാം വയസ്സ് മുതൽ എനിക്ക് ബന്ധമുണ്ട്. അക്കാലത്താണ് അമ്മ ആദ്യമായി അവിടെ നിന്ന് ജയിക്കുന്നത്. ഇത്തവണ പാർട്ടി നേതൃത്വം ഞങ്ങളെ പരസ്പരം മാറ്റാൻ തീരുമാനിച്ചു. ഞങ്ങൾ അത് അംഗീകരിച്ചു.
ചോ: സുൽത്താൻപൂരിലെ മുസ്‌ലിം വോട്ടർമാർ തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ അവർ പരാതികളുമായി സമീപിക്കരുതെന്ന് അമ്മ പ്രഖ്യാപിച്ചുവല്ലോ?
ഉ: ഒരാൾ സഹായമഭ്യർഥിച്ച് വരുമ്പോൾ അയാളുടെ മതം ഞാൻ നോക്കാറില്ല. ഞാൻ മുസ്‌ലിം വിരുദ്ധനാണെന്നത് പ്രചാരണം മാത്രമാണ്. എന്റെ അച്ഛനും (സഞ്ജയ് ഗാന്ധി) മുത്തശ്ശിക്കും (ഇന്ദിരാ ഗാന്ധി) സുൽത്താൻപൂരിലെ മുസ്‌ലിംകൾ വോട്ട് ചെയ്തിട്ടുണ്ട്. എനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ പോലും സഹായമഭ്യർഥിച്ചു വരാൻ മടിക്കരുത് എന്നാണ് അവരോട് പറയാനുള്ളത്.
ചോ: കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹമുണ്ടായിരുന്നുവല്ലോ?
ഉ: 15 വർഷം മുമ്പ് ബി.ജെ.പിയിൽ ചേരുമ്പോൾ ഞാൻ പറഞ്ഞിരുന്നു. ഈ പാർട്ടി വിടുന്ന ദിവസം എന്റെ രാഷ്ട്രീയത്തിന്റെ അവസാനമായിരിക്കുമെന്ന്. അതു തന്നെയാണ് ആവർത്തിക്കാനുള്ളത്.
ചോ: യു.പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് താങ്കളുടെ പേര് പരിഗണിക്കപ്പെട്ടിരുന്നുവല്ലോ?
ഉ: തീർച്ചയായും അതിൽ താൽപര്യമുണ്ടായിരുന്നില്ല. ദേശീയ രാഷ്ട്രീയത്തിലാണ് എനിക്കു താൽപര്യം. ആ റോൾ എന്താണെന്ന് പാർട്ടി തീരുമാനിക്കും.
ചോ: ഫിലിബിറ്റിലും യു.പിയിൽ പ്രത്യേകിച്ചും എസ്.പി-ബി.എസ്.പി സഖ്യം അതിശക്തമായ വെല്ലുവിളി ഉയർത്തുകയാണല്ലോ?
ഉ: പേപ്പറിൽ അവരുടെ ശക്തി വലുതായി തോന്നും. എന്നാൽ റിസൾട് വരുമ്പോൾ അവർ ഒന്നുമല്ലെന്ന് മനസ്സിലാവും. 80 ശതമാനം ആളുകളും പ്രതീക്ഷയുടെ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരാണ്. പ്രതീക്ഷയുടെ രാഷ്ട്രീയം ജാതി സമവാക്യങ്ങൾ മാറ്റിമറിക്കും. ഗ്രാമങ്ങളിൽ മോഡി തരംഗമാണ് ഞാൻ കാണുന്നത്. സർക്കാരിന്റെ സാമൂഹിക വികസന പദ്ധതികളും വിജയം കാണുന്നുണ്ട്.
ചോ: വൻ കാർഷിക പ്രതിസന്ധി ഉള്ളതായി ഈയിടെ താങ്കൾ എഴുതുകയുണ്ടായി?
ഉ: സർക്കാർ അത് മനസ്സിലാക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തു. കർഷകരുടെ കടങ്ങളൊക്കെ എഴുതിത്തള്ളി. വലിയ പുരോഗതിയാണ് ഈ മേഖലയിൽ ഉണ്ടായത്.
ചോ: ബി.ജെ.പി സ്ഥാനാർഥികളെല്ലാം പ്രധാനമന്ത്രിയുടെ പേരിലാണല്ലോ വോട്ട് പിടിക്കുന്നത്?
ഉ: ഞാനും നേതൃത്വത്തിന്റെ പേരിൽ തന്നെയാണ് വോട്ടഭ്യർഥിക്കുന്നത്. രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്ന് ജനങ്ങൾ അറിയണം. ഒപ്പം മണ്ഡലത്തിൽ ഞാനും അമ്മയും ചെയ്ത സേവനങ്ങളുടെ പേരിലും ഞാൻ വോട്ടഭ്യർഥിക്കാറുണ്ട്.
ചോ: രാഹുലിനും പ്രിയങ്കക്കുമെതിരെ പ്രചാരണം നടത്തുമോ?
ഉ: പാർട്ടി നിർദേശിച്ചാൽ എന്തും ചെയ്യും.
ചോ: ബി.ജെ.പിയുടെ സാധ്യത എങ്ങനെയാണ്?
ഉ: ബംഗാളിലും ഒഡിഷയിലും തമിഴ്‌നാടിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പാർട്ടി വലിയ മുന്നേറ്റമുണ്ടാക്കും. പഴയ ശക്തികേന്ദ്രങ്ങൾ നിലനിർത്തും.