കൽപറ്റ- തെന്നിന്ത്യൻ ചലച്ചിത്ര നടിയും എ.ഐ.സി.സി വക്താവുമായ ഖുശ്ബുവിന്റെ തെരഞ്ഞെടുപ്പു പ്രചാരണം വയനാട്ടിൽ യു.ഡി.എഫ് പ്രവർത്തകർക്ക് ആവേശമായി. തിങ്കളാഴ്ച രാത്രി വടക്കേവയനാട്ടിലെ കുഞ്ഞോത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ പ്രസംഗിച്ച ഖുശ്ബു ഇന്നലെ തെക്കേവയനാട്ടിലെ കുമ്പളേരിയിൽ ബത്തേരി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണജാഥ ഫഌഗ് ഓഫ് ചെയ്തു.
ചെന്നൈയിൽനിന്നു കണ്ണൂരിലേക്കുള്ള വിമാനം വൈകിയതിനാൽ നിശ്ചയിച്ചതിലും രണ്ടു മണിക്കൂർ വൈകിയാണ് ഖുശ്ബു കുഞ്ഞോത്ത് എത്തിയത്. തമിഴിൽ പ്രസംഗിച്ച നടി ദേശീയ, തെന്നിന്ത്യൻ രാഷ്ട്രീയവും വയനാട്ടിലെ പ്രദേശിക വിഷയങ്ങളുമെല്ലാം പരാമർശിച്ച് കേൾവിക്കാരെ കൈയിലെടുത്തു. ലേറ്റായി വന്നാലും ലേറ്റസ്റ്റായി വന്നിടുവേൻ എന്നു പറഞ്ഞായിരുന്നു പ്രസംഗത്തിന്റെ തുടക്കം. രാഹുലിനെ തോൽപ്പിക്കാൻ ശ്രമിക്കുന്ന മോഡിക്ക് വയനാട്ടിലോ അമേഠിയിലോ മത്സരിക്കാൻ ധൈര്യമില്ലെന്നു ഖുശ്ബു പറഞ്ഞു. പൊതുയോഗത്തിനുശേഷം നടി നിരവിൽപ്പുഴയിൽനിന്നു മക്കിയാട്, വെള്ളമുണ്ട, തരുവണ, കെല്ലൂർ, അഞ്ചുകുന്ന്, കൈതക്കൽ വഴി പനമരം വരെ തുറന്ന വാഹനത്തിൽ റോഡ്‌ഷോ നടത്തി.
ഡി.സി.സി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എം.എൽ. എ നയിക്കുന്ന വാഹന പ്രചാരണ ജാഥയാണ് ഖുശ്ബു കുമ്പളേരിയിൽ ഫഌഗ് ഓഫ് ചെയ്തത്. രാജ്യത്തെ പാവപ്പെട്ടവരുടെ ജീവിതാവസ്ഥയിൽ മാറ്റം വരാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരേണ്ടതുണ്ടെന്നു അവർ പറഞ്ഞു.