കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയ ബംഗ്ലാദേശി നടന്‍ ഫിര്‍ദൗസ് അഹ്മദിന്റെ വീസ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ഉടന്‍ ഇന്ത്യ വിടണമെന്നാവശ്യപ്പെട്ട് നോട്ടീസും നല്‍കി. ബിസിനസ് വീസയില്‍ ഇന്ത്യയിലെത്തി ചട്ടം ലംഘിച്ചതിന് സര്‍ക്കാര്‍ അദ്ദേഹത്തെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഉത്തരവ് നടപ്പിലാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൊല്‍ക്കത്തയിലെ ഫോറിനേവ്‌സ് റീജണല്‍ രജിസട്രേഷന്‍ ഓഫീസിനോട് ആവശ്യപ്പെട്ടു.
റായ്ഗഞ്ചിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിക്കു വേണ്ടിയാണ് പ്രാദേശിക താരങ്ങള്‍ക്കൊപ്പം ഫിര്‍ദൗസും പ്രചാരണത്തിനിറങ്ങിയത്. ഇന്ത്യ-ബംഗ്ലദേശ് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഹെമത്ബാദ്, കരണ്‍ഡിഗി മേഖലകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യലാല്‍ അഗര്‍വാളിനു വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് ഫിര്‍ദൗസ് അഹ്മദ് പര്യടനം നടത്തിയെന്നാണ് ഇന്റലിജന്‍സ് ആഭ്യന്തര മന്ത്രാലയത്തിനു റിപോര്‍ട്ട് നല്‍കിയത്. തുടര്‍ന്നാണ് നടപടി.