കോട്ടയം- പാലാ കരിങ്ങോഴയ്ക്കൽ തറവാട്ട് മുറ്റത്തേക്ക് രാഹുൽ ഗാന്ധിയെത്തി. വിടവാങ്ങിയ കെ.എം മാണിക്ക് സ്മൃതിപൂക്കളുമായി, തിരിക്കിട്ട കേരള പര്യടനത്തിനിടെ യുഡിഎഫിന്റെ സ്ഥാപക നേതാവിന് പ്രണാമം അർപ്പിക്കാൻ. കുടുംബനാഥന്റെ വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങൾക്ക് ആശ്വാസമേകി. വീടിന് പുറത്ത് തടിച്ചുകൂടിയ ജനങ്ങൾക്ക് കൈവീശി. രാഹുൽ പാലായുടെ വഴിയോരങ്ങൾക്കു വിസ്മയമായി.
ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പാലായിലെ കരിങ്ങോഴയ്ക്കൽ വസതിയിലെത്തിയത്. കെ.എം മാണിയുടെ അപ്രതീക്ഷിത മരണം സംഭവിച്ച അന്നു തന്നെ രാഹുൽ മകനും എംപിയുമായ ജോസ് കെ മാണിയെ വിളിച്ചിരുന്നു.
ഉയർന്ന സുരക്ഷാ കാറ്റഗറിയിലായതിനാൽ സന്ദർശകരുടെ എണ്ണം കുടുംബാംഗങ്ങളിലൊതുക്കി. പിന്നെ അടുത്ത കുടുംബ സുഹൃത്തുക്കളും. കൂടാതെ എംഎൽഎമാരായ റോഷി അഗസ്റ്റിൻ, മോൻസ് ജോസഫ് ഡിസിസി ഭാരവാഹികൾ, കേരള കോൺഗ്രസ് ജില്ലാ നേതാക്കൾ. കരിങ്ങോഴയ്ക്കലെ മുറ്റത്ത് സുരക്ഷാ ഉദ്യോഗസ്ഥരും സംസ്ഥാന പോലീസും. വസതിയിലേക്ക് ഇതുകൂടാതെ പ്രവേശനം അനുവദിച്ചത് മാധ്യമപ്രവർത്തകർക്കു മാത്രം.
പത്തംനംതിട്ടയിയിലെ പൊതുപരിപാടിക്ക് ശേഷം പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽ ഉച്ചയക്ക് 1.50 ഓടെ കോൺഗ്രസ് അധ്യക്ഷനെ വഹിച്ചുളള ഹെലികോപ്ടറെത്തി. പിന്നെ പാലായുടെ വികസന നാഴികകല്ലായ കെ.എം മാണിയുടെ വിശാലമായ ബൈപാസിലൂടെ കരിങ്ങോഴയ്ക്കലിലേക്ക്. പാലായിൽ ഇതാദ്യമായി എത്തിയ രാഹുലിനെ കാത്ത് ജനങ്ങൾ. കൊടുംചൂടുവകവയ്ക്കാതെ കുട്ടികളും സ്ത്രീകളും. ജനക്കൂട്ടത്തെ കണ്ടപ്പോൾ വാഹനത്തിന്റെ ചില്ല് താഴ്ത്തി രാഹുൽ അഭിവാദ്യം ചെയ്തു.
പതിവ് വെള്ളകൂർത്തയും പൈജാമയുമായി കരിങ്ങോഴയ്ക്കൽ വസതിയിലെത്തിയ രാഹുൽ ചെരുപ്പഴിച്ച് അകത്തേക്ക്. ഒപ്പം വാഹനത്തിൽ വന്ന ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും, വൈകാതെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി സെക്രട്ടറി മുകുൾ വാസ്‌നികും കെ.സി വേണുഗോപാലും എത്തി. പുമൂഖത്ത് സ്വാഗതം ചെയ്ത് ജോസ് കെ മാണി എംപി. സ്വീകരണ മുറിയിലെ കെഎം മാണിയുടെ ചിത്രത്തിന് മുന്നിൽ പൂക്കളർപ്പിച്ച് പ്രണാമം. പിന്നെ മാണി സാറിന്റെ പ്രിയ പത്‌നിയെ കണ്ടു അനുശോചിക്കാനായി നേരെ ഉള്ളിലേക്ക്. രാഹുലിനെ കണ്ടു കൈകൂപ്പി കുട്ടിയമ്മ. വേർപാടിന്റെ വികാരസാന്ദ്രമായ മുഖം. തിരിച്ച് തൊഴുകൈകളോടെ രാഹുൽ. പിന്നെ കെ.എം മാണി സാറിന്റെ മക്കളയെല്ലാം ജോസ് കെ മാണി പരിചയപ്പെടുത്തി. പ്രചരണ ചൂടിൽ ഇളനീരിന്റെ കുളിര്. ലഘുഭക്ഷണം. ഇതിനിടയിൽ കെഎം മാണി എന്ന സമാജികന്റെ അപൂർവതകളെക്കുറിച്ച് അത് വരുത്തിയ നഷ്ടത്തെക്കുറിച്ച് രാഹുൽ കുടുംബാംഗങ്ങളോട് സംസാരിച്ചു. 15 മിനിട്ടു നീണ്ട ഹൃസ്വസന്ദർശനം. ഇനി ആലപ്പുഴയിലെത്തണം. ഇടയ്ക്ക് കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനെ ജോസ് കെ മാണി പരിചയപ്പെടുത്തി. വിജയാശംസ നേർന്ന് രാഹുൽ.
വീടിന് പുറത്തേക്ക് വന്ന രാഹുൽ മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ അങ്ങോട്ട് എത്തി. കെഎം മാണിയെക്കുറിച്ച് രണ്ടു വാക്കിൽ അനുസ്മരണം. പ്രൗഡമായ വ്യക്തിത്വത്തിനുടമായ കെ.എം മാണി പാവങ്ങളുടെ പടത്തലവനായിരുന്നു. അദ്ദേഹത്തിന് പ്രണാമം അർപ്പിക്കുക എന്നത് എന്നെസംബന്ധിച്ചിടത്തോളം ഒരു ബഹുമതിയാണ്. യുഡിഎഫ് എന്ന പ്രസ്ഥാനം കെട്ടിപടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.
എല്ലാവരെയും കൈകൂപ്പി രാഹുൽ യാത്ര പറയുമ്പോൾ വസതിയുടെ പുറത്ത് തല ഉയർത്തി നിൽക്കുന്ന കെഎം മാണിയുടെ ചിത്രം. മൂന്നരപതിറ്റാണ്ട് മുമ്പ് പാലായിലെത്തിയ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി കെഎം മാണി നടത്തിയ കൂടിക്കാഴ്ച്ചയുടെ ഓർമകളിലേക്ക് പഴയ തലമുറയും.