പരിഭാഷയിൽ ചോർന്ന് പോകുന്നതാണ് എത്ര നല്ല പ്രസംഗങ്ങളുടെയും ഊർജം. പത്തനാപുരത്ത് ഇന്നലെ എ.ഐ.സി.സി പ്രസിഡന്റ് രാഹുൽ ഗാന്ധിക്ക് ആ പ്രയാസം നേരിടേണ്ടി വന്നില്ല. കോൺഗ്രസ് കുടുംബത്തിൽ നിന്ന് വന്ന ജ്യോതികുമാർ ആ കുറവ് നികത്തിക്കൊടുത്തു. രണ്ട് തവണ സിവിൽ സർവീസ് പ്രിലിമിനറി കടമ്പ കടന്ന ജ്യോതി അതുപേക്ഷിച്ച് അധ്യാപന ജോലി തെരഞ്ഞെടുത്തയാളാണ്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ കെ.എസ്.യുവിനെ പ്രതിനിധീകരിച്ച വനിതാ ചെയർപേഴ്‌സണായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബിൽ നിന്നും പത്ര പ്രവർത്തനത്തിൽ പി.ജി ഡിപ്ലോമ സ്വന്തമാക്കിയ ജ്യോതി ജയ്ഹിന്ദ് ചാനലിൽ പ്രത്യേക പരിപാടികൾ ചെയ്യുന്നുമുണ്ട്.
ചെങ്ങന്നൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ഡി.വിജയകുമാറിന്റെ മകൾ. തിരുവനന്തപുരത്തെ ഐ.എ.എസ് അക്കാദമിയിലെ പരിശീലക. പത്തനാപുരത്ത് രാഹുൽ തെരഞ്ഞടുപ്പ് പ്രചാരണ പ്രസംഗം തുടങ്ങിയപ്പോൾ തന്നെ പരിഭാഷയുടെ സൗന്ദര്യം ലോകമെങ്ങുമുള്ള കേൾവിക്കാരിലെത്തിയിരുന്നു. ഇതാരാണ്, ഇതാരാണ് ഇത്ര മനോഹരമായി ..എന്ന് എല്ലാവരും ചോദിച്ചു പോയ ഘട്ടം. പ്രസംഗം കഴിഞ്ഞപ്പോഴേക്കും സാമൂഹ്യമാധ്യമങ്ങൾ ജ്യോതിയെ ഏറ്റെടുത്തു. ഇപ്പോൾ അതിന്റെ ആഘോഷമാണ്.
രാഹുലിന്റെ പത്തനാപുരം പ്രസംഗം ശരിക്കും തീപ്പൊരി തന്നെയായിരുന്നു. രാഹുൽ ശക്തമായി പറയാനുദ്ദേശിച്ച കാര്യങ്ങൾക്ക് അങ്ങിനെയൊരു പരിഭാഷ ഇല്ലായിരുന്നുവെങ്കിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ താരമായ രാഹുലിനെ ജനങ്ങൾക്കിടയിലേക്കെത്തിക്കാൻ പാർട്ടിയും മുന്നണിയും പ്രയാസപ്പെടുമായിരുന്നു. രാഹുൽ ഗാന്ധി എന്ന ആധുനിക കാലത്തിന്റെ നേതാവ് ഹൃദയം കൊണ്ട് പറയുന്ന കാര്യങ്ങൾക്ക് ഹൃദയഭാഷയിൽ തന്നെയുള്ള മലയാളം കണ്ടെത്തുക അത്ര എളുപ്പമല്ലെന്ന് തൊട്ടടുത്ത് പത്തനംതിട്ടയിൽ പ്രൊഫ. പി.ജെ.കുര്യൻ നടത്തിയപരിഭാഷ തെളിയിച്ചു. സഹികെട്ട് ആളുകൾ കൂവുന്നഅവസ്ഥ എത്ര ദയനീയം. എത്രയോ വർഷങ്ങൾ ഇന്ത്യയുടെ പാർലമെന്റിനെ നിയന്ത്രിച്ച മനുഷ്യൻ. ഇംഗ്ലീഷറിയാത്തതുകൊണ്ടാണെന്ന് ആരും പറയില്ല. പ്രസംഗവും പരിഭാഷയുമെല്ലാം ഒരു കലായണെന്ന് വീണ്ടും വീണ്ടും മനസ്സിലാക്കി തരുന്ന ഘട്ടങ്ങൾ. വർത്തമാനം പറച്ചിലല്ല പ്രസംഗവും പരിഭാഷയും. ജ്യോതി വിജയകുമാർ രാഹുൽ ഗാന്ധിയുടെ ഇംഗ്ലീഷ് ശബ്ദത്തിന് ശക്തമായ മലയാള സ്വരം നൽകികേൾവിക്കാർക്ക് മുന്നിൽ വിജയിയാവുകയായിരുന്നു. തിരുവനന്തപുരം സിവിൽ സർവീസ് അക്കാദമിയിലെ സോഷ്യോളജി ഫാക്കൽറ്റിയായി ജോലി ചെയ്യുന്ന ജ്യോതി ഇതിന് മുമ്പ് 2016ൽ സോണിയാ ഗാന്ധി കേരളത്തിലെത്തിയപ്പോൾ പ്രസംഗം പരിഭാഷപ്പെടുത്തിയിരുന്നു. സോണിയാ ഗാന്ധിയുടെ പ്രസംഗത്തിന് കൃത്യമായ പരിഭാഷാ നിർവഹിച്ച ജ്യോതിയെ അന്ന് സോണിയാ ഗാന്ധി പ്രത്യേകമായി അഭിനന്ദിച്ചിരുന്നു. പരിഭാഷക്ക് നല്ല ഗൃഹപാഠം ആവശ്യമാണെന്ന് ജ്യോതി പ്രസംഗാനനന്തരം പറയുകയുണ്ടായി. കോൺഗസ് പ്രസിഡന്റ് എന്തൊക്കെ വിഷയത്തെക്കുറിച്ചാകും പറയുക എന്ന ഒരു പൊതുധാരണ ആദ്യമെ ഉണ്ടാകണം. ഇല്ലെങ്കിൽ ജനങ്ങൾക്ക് മുന്നിൽ പ്രയാസപ്പെടും. ശരിക്കും രാഹുലും, സദസ്സും ഇന്നലെ പ്രൊഫ. കുര്യനെ വല്ലാതെ സഹിക്കുകയായിരുന്നു. എന്തിനിവരൊക്കെ ഇങ്ങിനെ കഷ്ട്ടപ്പെടുന്നു എന്ന് കേട്ടു നിൽക്കുന്നവർക്ക് തോന്നിപ്പോകുന്ന സന്ദർഭം. ഹോ, അത്രയൊക്കെ മതി എന്ന തോന്നലുണ്ടായാൽ തന്നെ ഇതുപോലുള്ള ഘട്ടങ്ങളിൽ പരിഭാഷകർ വല്ലാതെ തോറ്റുപോകും.
രാഹുൽ ഗാന്ധിയുടെ ഒരു പാസംഗത്തിന് അബ്ദുസമദ് സമദാനി നിർവ്വഹിച്ച പരിഭാഷ ഹോ, എന്തൊരു ഭാഷ,എന്തൊരവതരണം എന്ന മുഖവുരയിൽ സോഷ്യൽ മീഡിയയിൽ സുനിതാ ദേവദാസ് വലിയ പ്രചാരണം നൽകുകയുണ്ടായി. രാഹുൽ എന്താണ് പറയുന്നതെന്ന് കേരളത്തെ ശരിക്കും കേൾപ്പിച്ച പരിഭാഷയായിരുന്നു അത്. ഇപ്പോഴിതാ ജ്യോതി വിജയകുമാർ.
പ്രസംഗങ്ങളുടെ പരിഭാഷകരും, പരിഭാഷയും എല്ലാകാലത്തും ശ്രദ്ധിക്കപ്പെട്ട സംഗതിയാണ്. പ്രത്യേകിച്ച് ദേശീയ നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലൊക്കെ. ഇന്ദിര ഗാന്ധിയുടെ പ്രസംഗത്തിന് പി.പി.ഉമ്മർ കോയനടത്തുന്ന പരിഭാഷ കേൾക്കാൻ എന്തൊരു ചേർച്ചയായിരുന്നുവെന്ന് പ്രസംഗവും പരിഭാഷയും കേട്ടവർക്കറിയാം. സി.എം.സ്റ്റീഫനും ഇന്ദിരാഗാന്ധിയുടെ ഒന്നാന്തരം പരിഭാഷകനായിരുന്നു. ജവഹർലാൽ നെഹ്‌റുവിന്റെയും പരിഭാഷകാനായിരുന്നു പി.പി.ഉമ്മർ കോയ. അദ്ദേഹത്തിന്റെ ഭാഷാ പ്രയോഗത്തിലെ കഴിവ് എത്രമാത്രമെന്നറിയാൻ ലീഗിനെക്കുറിച്ച് നെഹ്‌റു പറഞ്ഞ പ്രമാദമായ 'ഡെഡ് ഹോഴ്‌സ് 'എന്ന ഇംഗ്ലീഷ് പ്രയോഗത്തിന്റെ പരിഭാഷ ധാരാളം മതി. ശരിക്കും ഒരു പ്രത്യേക അവസ്ഥയിലെത്തിയ കുതിരയെ ഇനി അടിച്ചിട്ട് കാര്യമില്ല , ഒട്ടുമെ നടക്കില്ല എന്നു പറയാനാണ് ഡെഡ് ഹോഴ്‌സ് എന്ന് ഇംഗ്ലീഷിലെ ആ പ്രയോഗം. അതായിരുന്നു അന്ന് നെഹ്‌റു പറഞ്ഞത്. കടുത്ത ലീഗ് വിരുദ്ധൻ കൂടിയായിരുന്നു ഉമ്മർ കോയ സാഹിബ് രണ്ടും കൽപ്പിച്ച് പദം ചത്ത കുതിര എന്നങ്ങ് പരിഭാഷപ്പെടുത്തി. കാലമെത്രയോ കഴിഞ്ഞിട്ടും പ്രസംഗത്തെക്കാൾ വിവാദമായ പരിഭാഷയായി ചത്ത കുതിര എന്ന പദം ജീവിക്കുന്നു. മഹാത്മ ഗാന്ധി 1925ൽ തിരുവനന്തപുരത്ത് വന്നപ്പോൾ പരിഭാഷ നിർവ്വഹിച്ചത് കേരള നിയമസഭയുടെ മുൻസ്പീക്കറായിരുന്ന കെ.എം. സീതി സാഹിബായിരുന്നു. 'വാട്ടർ വാട്ടർ എവരിവേർ ' എന്ന് തുടങ്ങുന്ന വാചകത്തിന് വെള്ളം വെള്ളം സർവ്വത്ര തുള്ളികുടിപ്പാനില്ലിത്ര..
മലയാളം പറഞ്ഞത് സീതിസാഹിബായിരുന്നു.
മുസ്‌ലിം ലീഗ് നേതാക്കൾക്കായിരുന്നു കേരളത്തിൽ ഏറ്റവുമധികം പരിഭാഷകരുണ്ടായിരുന്നത്. ഇബ്രാഹിം സുലൈമാൻ സേട്ട്, ബനാത്ത് വാല എന്നിവരുടെ പ്രസംഗം പരിഭാഷപ്പെടുത്തിയവരിൽ എത്രയോ പ്രമുഖരുണ്ട്. അബ്ദുസമദ് സമദാനിയുടെ പേര് സേട്ടു സാഹിബിന്റെ പേരിനോട് ചേർത്തു വെച്ചിരിക്കുന്നു. ജി.എം. ബനാത്തവാലയുടെ ദീർഘനാളത്തെ പരിഭാഷകൻ പി.ആർ.ഡി.ഡപ്യൂട്ടി ഡയരക്ടറായി പിരിഞ്ഞ പി.എ.റഷീദായിരുന്നു. ഇപ്പറഞ്ഞവരുടെയൊക്ക പ്രസംഗം പൊന്നാനി കുഞ്ഞിമുഹമ്മദ്, ടി.സി.മുഹമ്മദ്, അടുത്ത ദിവസം മരിച്ച പി.മുഹമ്മദ് കുഞ്ഞിമാസ്റ്റർ എന്നിവരും വിവിധ കാലങ്ങളിൽ പരിഭാഷപ്പെടുത്തി.
സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനക്കാരനായിരുന്ന ഇ.ടി.മുഹമ്മദ് ബഷീർ പ്രസംഗകലയോട് നിതി പുലർത്തുന്ന രാഷ്ട്രീയ നേതാവാണ്. അദ്ദേഹം ബനാത്ത്‌വാലയുടെയും മറ്റും പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തിയപ്പോഴും പ്രസംഗ കലയിലെ ഔന്നത്യം നിലനിർത്തി. ഒന്നാന്തരം പ്രസംഗകനായിരുന്ന പി.എ.റഷീദും ഇക്കാര്യത്തിൽ ബാനാത്ത്ബാലയോട് ദീർഘ വർഷങ്ങൾ നീതി പുലർത്തിയയാളാണ്. പി.ജെ.കുര്യനും മറ്റ് പരിഭാഷാ പരാജിതർക്കും ഇതൊക്കെ പാഠമാക്കാവുന്നതാണ്. ഓർക്കുക, രാഹുൽ ഗാന്ധി പറയുന്ന ഇംഗ്ലീഷ് മനസ്സിലാകുന്നവരാണ് അദ്ദേഹത്തിന്റെ കേരളത്തിലെ കേൾവിക്കാരിൽ ഭൂരിപക്ഷവും. പരിഭാഷ പീഡനം ഒഴിവാക്കുക, അല്ലെങ്കിൽ നല്ല ഭാഷാസ്വാധീനവും, പ്രസംഗം കലയായി അംഗീകരിക്കുന്നവരെയും മാത്രം ഈ ദൗത്യം ഏൽപ്പിക്കുക.