Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫാസിസത്തെ ചെറുക്കാൻ യു.ഡി.എഫിനെ വിജയിപ്പിക്കുക -പ്രവാസി സാംസ്‌കാരിക വേദി മക്ക

ലോക്‌സഭാ തെരെഞ്ഞെടുപ്പ് നയം വിശദീകരിച്ചുകൊണ്ട് പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് നിസാർ ഇരിട്ടി സംസാരിക്കുന്നു.

മക്ക - ഫാസിസത്തെ പുണരുന്ന ശക്തികൾ രാജ്യത്തെയും കേരളത്തെയും ഇരുളിലേക്ക് തള്ളാൻ ശ്രമിക്കുമ്പോൾ അതിനെ ചെറുക്കാൻ ഉണർന്നു പ്രവർത്തിക്കണമെന്ന് പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് നിസാർ ഇരിട്ടി ആഹ്വാനം ചെയ്തു. പിഞ്ചു മക്കൾ പോലും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുമ്പോഴും പ്രധാനമന്ത്രിയും ഭരണകൂടവും രാജ്യത്തിന്റെ ചരിത്രം തിരുത്തിയെഴുതാനാണ് ശ്രമിക്കുന്നത്. വംശീയത കൊടികുത്തി വാഴുകയും,  മതേതരത്വം തകർക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ജനങ്ങൾ ഭയത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു -പ്രവാസി സാംസ്‌കാരിക വേദി മക്ക കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിൽ നയ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം. 
എഴുത്തുകാരെയും സാംസ്‌കാരിക പ്രവർത്തകരെയും സാഹിത്യ പ്രതിഭകളെയും ഫാസിസം ഭയപ്പെടുന്നുവെങ്കിൽ അവരുടെ തൂലികയും പ്രഭാഷണവും ജനങ്ങളിൽ ചെലുത്തുന്ന സ്വാധീനം അവർ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതിന്റെ തെളിവാണ്. രാജ്യത്തിന്റെ നന്മക്കും സുരക്ഷിതത്വത്തിനും കാവൽനിന്ന പാരമ്പര്യത്തിനു തുടർച്ചകളുണ്ടാവണമെന്നും,  ബഹുസ്വര രാഷ്ട്രമായ ഇന്ത്യയിൽ വസിക്കുന്ന വ്യത്യസ്ത ജനവിഭാഗങ്ങളിൽക്കിടയിൽ തുല്യനീതിയും സമത്വവും ഉറപ്പുവരുത്തുകയാണ് ഭരണഘടന വിഭാവനം ചെയ്യുന്നതെന്നും, അത് തിരിച്ചുപിടിക്കാൻ യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഫാസിസ്റ്റ് വർഗീയ കക്ഷികൾ വീണ്ടും അധികാരത്തിലേറുന്നത് തടയാൻ ഏറ്റവും വലിയ മതേതര കക്ഷിയായ കോൺഗ്രസിന്റെ നേതൃത്വത്തിൽ വിശാല ജനാധിപത്യ മുന്നണി അധികാരത്തിൽ എത്തേണ്ടത് അനിവാര്യമാണെന്ന്  അധ്യക്ഷ പ്രസംഗം നടത്തിയ സാംസ്‌കാരിക വേദി മക്ക മേഖല പ്രെസിഡന്റ് അഡ്വ. ഫാറൂഖ് മരിക്കാർ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി കൈക്കൊണ്ട നിലപാട് ചരിത്രത്തിൽ അടയാളപ്പെടുത്തുമെന്ന് ആശംസകളർപ്പിച്ചുകൊണ്ട് യു.ഡി.എഫ് മക്ക തെരെഞ്ഞെടുപ്പ് കൺവീനർ ഷാനിയസ് കുന്നിക്കോട് പ്രസ്താവിച്ചു. രാജ്യത്തു ജനാധിപത്യം തിരിച്ചു കൊണ്ടുവരേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും, രാഹുൽ ഗാന്ധിയിലൂടെ അത് സാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി പിന്തുണക്കുന്ന യു.ഡി.എഫ് മുന്നണിയെ വിജയിപ്പിക്കുന്നതിനായി പ്രവാസി വിവിധ കാമ്പയിനുകളും പ്രചാരണ പരിപാടികളും സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ടെന്ന് സാംസ്‌കാരിക വേദി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ പറഞ്ഞു. ഈ നിർണ്ണായക തെരഞ്ഞെടുപ്പിൽ പ്രവാസികൾ ഉത്തരവാദിത്വം നിർവഹിക്കണമെന്ന് യു.ഡി.എഫ് മക്ക തെരഞ്ഞെടുപ്പ് ചീഫ് കോർഡിനേറ്റർ മുജീബ് പൂക്കോട്ടൂർ പറഞ്ഞു.
കേരളത്തിലെ 20 മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ പരിചയപ്പെടുത്തിക്കൊണ്ടു അബ്ദുൽ ഹക്കീം ആലപ്പുഴ നടത്തിയ പ്രെസന്റേഷൻ സദസ്സിൽ തെരഞ്ഞെടുപ്പ് ആവേശമുണർത്തി. അഷ്‌റഫ് വെള്ളിപ്പറമ്പ് തയ്യറാക്കിയ 'ജനാധിപത്യം തിരിച്ചു പിടിക്കുക' എന്ന തെരഞ്ഞെടുപ്പ് ഗാനം ശ്രദ്ധയാകർഷിച്ചു.

അഡ്വ. ജലീൽ എറണാകുളം,  റഫീഖ് കുറ്റിച്ചിറ, സമീർ തിരൂർ, അബ്ദുൽ മജീദ് വേങ്ങര, ഫായിസ് കുറ്റിപ്പുറം, അഷ്‌റഫ് വെള്ളിപ്പറമ്പ്, നൗഫൽ കമ്മുട്ടി, ഇഖ്ബാൽ കൊണ്ടോട്ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് ശമീൽ ചേന്ദമംഗല്ലൂർ സ്വാഗതവും ട്രഷറർ സഫീർ അലി മഞ്ചേരി നന്ദിയും പറഞ്ഞു.

 

Latest News