പത്തനാപുരം- മാതൃകാപരമായ സമൂഹമായതിനാലാണ് കേരളം മത്സരിക്കാൻ തെരഞ്ഞെടുത്തതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പത്തനാപുരത്ത് തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. കേരളത്തിൽ സ്ഥാനാർഥിയാകുന്നത് തനിക്ക് കിട്ടുന്ന ആദരവാണ്. കേരളം മികച്ച ആത്മവിശ്വാസവുമായാണ് മുന്നോട്ടുപോകുന്നത്. ആ ആത്മവിശ്വാസത്തിൽ നിന്നാണ് കേരളം വളരുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അമിത് ഷാ പറഞ്ഞതുപോലെയല്ല കേരളമെന്നും രാഹുൽ പറഞ്ഞു.
ഇടതുപക്ഷത്തെയും സി.പി.എമ്മിനെയും വിമർശിക്കാത്ത രാഹുൽ ഗാന്ധി ബി.ജെ.പിക്കെതിരെ കടുത്ത വിമർശനമാണ് രാഹുൽഗാന്ധി നടത്തിയത്. ബി.ജെ.പിയും ആർ.എസ്.എസും മറ്റുള്ളവരുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും പത്തനാപുരത്തെ പൊതുയോഗത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചു. കേരളം മാതൃകാപരമായ സ്ഥലമായതുകൊണ്ടാണ് മൽസരിക്കാൻ കേരളം തെരഞ്ഞെടുത്തത്.
ആർ.എസ്.എസിനെതിരെ കടുത്ത വിമർശനമാണ് രാഹുൽ ഗാന്ധി നടത്തിയത്. ആർ.എസ്.എസിൽനിന്ന് രാജ്യം വലിയ ഭീഷണി നേരിടുന്നു. ആർ.എസ്.എസിന്റെതല്ലാത്ത എല്ലാ ശബ്ദങ്ങളെയും തകർക്കുന്നു. അഹിംസയിലൂടെ കോൺഗ്രസ് മറുപടി നൽകും. സംഘപരിവാർ ആശയം മാത്രം മതിയെന്നാണ് ആർ.എസ്.എസ് പറയുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസിന്റെ ലക്ഷ്യം ദാരിദ്ര്യ നിർമാർജ്ജനമാണ്. ദാരിദ്ര്യത്തിന് മുകളിൽ മിന്നലാക്രമണം നടത്തണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.






