ഗൂഗ്‌ളും ആപ്പിളും ആപ് സ്റ്റോറുകളില്‍ നിന്ന് ടിക് ടോക്ക് നീക്കം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി- ഗൂഗ്‌ളും ആപ്പിളും തങ്ങളുടെ അപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്ന് ടിക് ടോക്ക് ആപ് നീക്കം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. രാജ്യത്ത് വൈറലായ ടിക് ടോക്ക് ആപ് നിരോധിക്കണമെന്ന കേന്ദ്രത്തോട് ആവശ്യപ്പെട്ട മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്നും ടിക് ടോക്ക് നീക്കം ചെയ്യാന്‍ ഉത്തരവിട്ടത്.

മദ്രാസ് ഹൈക്കോടതിയുടെ ടിക് ടോക്ക് നിരോധന ഉത്തരവ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അന്തിമ ഉത്തരവ് വന്നിട്ടില്ല. പ്ലേ സ്റ്റോറില്‍ നിന്നും ആപ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെടുന്നതോടെ ഇനി ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്യാനാവില്ല. അതേസമയം നിലവില്‍ ഈ ആപ്പ് മൊബൈലില്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. ടിക് ടോക്ക് ആപ്പ് ജനങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് തടയണമെന്ന് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടക്കത്തില്‍ ട്രോളുകള്‍ക്കും തമാശകള്‍ക്കും വ്യാപകമായി ഉപയോഗച്ചിരുന്ന ടിക് ടോക്കില്‍ അശ്ലീലവും അനുചിതവുമായ വിഡിയോകള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
 

Latest News