Sorry, you need to enable JavaScript to visit this website.

നോട്ടര്‍ഡാം ദേവാലയത്തിലെ തീയണച്ചു; പൂര്‍ണമായും നശിക്കാത്തതില്‍ ആശ്വാസം-video

പാരീസ്- ഫ്രഞ്ച് തലസ്ഥാനത്ത് നോട്ടര്‍ഡാം കത്തീഡ്രലില്‍ തിങ്കളാച വൈകുന്നേരത്തോടെ ഉണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമായി. പന്ത്രണ്ടാം നൂറ്റാണ്ടിലെ ചരിത്രപ്രധാന കെട്ടിടം പൂര്‍ണമായും കത്തിയമരുന്നതില്‍നിന്ന് രക്ഷിച്ചതായി ഫ്രഞ്ച് ഫയര്‍ സര്‍വീസ് അറിയിച്ചു. ഒരു അഗ്നിശമന സൈനികന് ഗുരുതരമായി പരിക്കേറ്റു. തീപ്പിടിത്തം അപകടമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ദേശീയ എമര്‍ജന്‍സി പ്രഖ്യാപിച്ച പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നമ്മുടെ എല്ലാവരുടേയും ഒരു ഭാഗം കത്തിയമരുന്നതില്‍ അതീവ ദുഃഖിതനാണെന്നാണ് പ്രതികരിച്ചത്.
ലോകത്തെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികളോട് അനുതാപം പ്രകടിപ്പിച്ച അദ്ദേഹം വലിയ ദുരന്തമാണ് ഒഴിവായതെന്ന് കത്തീഡ്രല്‍ സന്ദര്‍ശിച്ച ശേഷം വാര്‍ത്താ ലേഖകരോട് പറഞ്ഞു. നോട്ടര്‍ ഡാം ലോകം ഒരുമിച്ച് പുനര്‍നിര്‍മിക്കുമെന്നും രാജ്യാന്തര തലത്തില്‍ സംഭാവനകള്‍ ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

400 ലേറെ അഗ്നിശമന സൈനികര്‍ തീവ്രശ്രമം നടത്തിയാണ് തീയണച്ചത്. കത്തീഡ്രല്‍ രക്ഷിക്കാന്‍ സാധ്യത വിരളമാണെന്ന് നേരത്തെ ഫ്രഞ്ച് ആഭ്യന്തര മന്ത്രി പറഞ്ഞിരുന്നു.
പാരിസില്‍ വളരെ പുരാതനമായ നോട്ടര്‍ ഡാം കത്തീഡ്രല്‍. ഫ്രഞ്ച് ഗോത്തിക് വാസ്തു ശില്‍പ രീതിയില്‍ പണികഴിപ്പിച്ചിട്ടുള്ള ഈ ദേവാലയം സീന്‍ നദിയിലെ  ഒരു ചെറിയ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്.

1345 ല്‍ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായ നോട്ടര്‍ ഡാം കത്തീഡ്രലിന്റെ വിസ്തൃതി 5500 ചതുരശ്ര മീറ്റര്‍ ആണ്. മനോഹരമായ അള്‍ത്താരയും 387 ഇടുങ്ങിയ പടികള്‍ കയറി മുകളിലേക്കെത്തിയാല്‍ അവിടെ നിന്നുള്ള പാരിസ് നഗര ത്തിന്റെ കാഴ്ചയും ആണ് സഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷി ക്കുന്ന പ്രധാന ഘടകങ്ങള്‍. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്താറുള്ളത്.

800 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ കത്തീഡ്രല്‍ വിക്ടര്‍ യൂഗോയുടെ ക്ലാസിക് നോവലായ ഹഞ്ച്ബാക്ക് ഓഫ് നോട്ടര്‍ ഡാമില്‍ ചിത്രീകരിച്ചിട്ടുണ്ട്. നോട്ടര്‍ ഡാമിലെ കൂനന്‍ എന്നാണ് ഈ നോവലിന്റെ മലയാള പരിഭാഷ.

 

 

Latest News