Sorry, you need to enable JavaScript to visit this website.

സൗദി ബാങ്കുകളില്‍നിന്ന് ഈടാക്കിയത് 14 ശതമാനംവരെ സക്കാത്ത്

റിയാദ് - സൗദിയിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം ബാങ്കുകൾക്കും കഴിഞ്ഞ വർഷം അറ്റാദായത്തിന്റെ പന്ത്രണ്ടു മുതൽ പതിനാലു ശതമാനം വരെയാണ് സകാത്ത് ബാധകമാക്കിയതെന്ന് കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി ഗവർണർ അഹ്മദ് അൽഖുലൈഫി വെളിപ്പെടുത്തി. 
പുതിയ നിയമം അനുസരിച്ച് ബാങ്കുകൾ അറ്റാദായത്തിന്റെ പത്തു മുതൽ ഇരുപതു ശതമാനം വരെയാണ് സകാത്ത് നൽകേണ്ടത്. 


ഓരോ ബാങ്കുകൾക്കും ബാധകമായ സകാത്ത് വിഹിതം വ്യത്യസ്തമാണ്. ദീർഘകാല നിക്ഷേപം, ബോണ്ടുകളിലുള്ള നിക്ഷേപം, ഗവൺമെന്റ് ബോണ്ടുകളിലുള്ള നിക്ഷേപം, സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റിയിൽ ബാങ്കുകൾക്കുള്ള നിക്ഷേപം എന്നിവ കിഴിച്ച ശേഷമുള്ള അറ്റാദായത്തിനാണ് ബാങ്കുകൾ സകാത്ത് നൽകേണ്ടത്. 
കഴിഞ്ഞ വർഷം നാലാം പാദത്തിൽ കൈവരിച്ച വളർച്ചാ നിരക്ക് സൗദി സമ്പദ്‌വ്യവസ്ഥയെ കുറിച്ച് പ്രത്യാശയുള്ള ചിത്രം നൽകുന്നു. നാലാം പാദത്തിൽ സൗദി അറേബ്യ 3.6 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചു. വാർഷിക അടിസ്ഥാനത്തിൽ നാലാം പാദത്തിൽ സാമ്പത്തിക വളർച്ച 2.2 ശതമാനമായിരുന്നു. ഉപഭോഗവും പൊതുധന വിനിയോഗവുമാണ് സൗദിയിൽ സാമ്പത്തിക വളർച്ചക്ക് പ്രധാന ചാലകശക്തിയായി മാറുന്നത്. ഉപഭോഗ മേഖലയിൽ നാലാം പാദത്തിൽ അഞ്ചു ശതമാനം വളർച്ച രേഖപ്പെടുത്തി. 
സൗദിയിൽ ബാങ്കിംഗ് മേഖല അതിശക്തമാണ്. ബാങ്കുകൾ പരസ്പരം ലയിച്ച് കൂടുതൽ ശക്തമായ ധനസ്ഥാപനങ്ങൾ നിലവിൽവരുന്നത് ദേശീയ സമ്പദ്‌വ്യവസ്ഥക്ക് ഗുണം ചെയ്യും. സാബ്, അൽഅവ്വൽ ബാങ്കുകളുടെ ലയനത്തിന് കോംപറ്റീഷൻ അതോറിറ്റി അനുമതി നൽകിയിട്ടുണ്ട്. 
അൽറിയാദ്, അൽഅഹ്‌ലി ബാങ്കുകളുടെ ലയനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഇതുവരെ കൈക്കൊണ്ടിട്ടില്ല. നിലവിൽ രാജ്യത്തെ കൂടുതൽ ബാങ്കുകൾ തമ്മിൽ പരസ്പരം ലയിക്കുന്നതിന് നീക്കങ്ങളില്ല. എന്നാൽ ബാങ്കുകളുടെ പരസ്പര ലയനത്തിന് ലൈസൻസ് നൽകുന്നതിന് അവസരങ്ങൾ തുറന്നുകിടക്കുകയാണെന്നും അഹ്മദ് അൽഖുലൈഫി പറഞ്ഞു.
സകാത്ത് കുടിശ്ശിക കാര്യത്തിൽ സകാത്ത്, നികുതി അതോറിറ്റിയുമായി ഒത്തുതീർപ്പുണ്ടാക്കിയതായി സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത പന്ത്രണ്ടു ബാങ്കുകൾ അടുത്തിടെ അറിയിച്ചിരുന്നു. 2017 അവസാനം വരെയുള്ള സകാത്ത് കുടിശ്ശികയുടെ കാര്യത്തിലാണ് ബാങ്കുകളും സകാത്ത്, നികുതി അതോറിറ്റിയും ഒത്തുതീർപ്പുണ്ടാക്കിയത്. ഇതുപ്രകാരം കുടിശ്ശിക ഇനത്തിൽ ബാങ്കുകൾ 1,675 കോടി റിയാൽ അതോറിറ്റിയിൽ അടച്ചു. കഴിഞ്ഞ വർഷം സൗദി ബാങ്കുകൾ നേടിയ അറ്റാദായത്തിന്റെ 33.53 ശതമാനത്തിന് തുല്യമായ തുകയാണ് സകാത്ത് കുടിശ്ശികയായി അടച്ചത്. 
സൗദി ബാങ്കുകൾ കഴിഞ്ഞ വർഷം ആകെ 4,996 കോടി റിയാൽ ലാഭം നേടിയിരുന്നു. 
 

Latest News