റിയാദ് - പൊട്ടാറ്റോ ചിപ്‌സ് കയറ്റുമതി വിലക്ക് നീക്കം ചെയ്യുന്നതിന് ഫാക്ടറികൾ ഊർജ, വ്യവസായ മന്ത്രാലയത്തിന്റെ സഹായം തേടുന്നു. വിലക്ക് തങ്ങളെ ഗുരുതരമായി ബാധിക്കുകയാണെന്ന് ചിപ്‌സ് ഫാക്ടറികൾ ആവലാതിപ്പെടുന്നു. ചിപ്‌സ് കയറ്റുമതിക്ക് അനുമതിയുണ്ടാകുന്നത് മൊത്തം ആഭ്യന്തരോൽപാദനം വർധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് ഫാക്ടറികൾ പറയുന്നു.
ചിപ്‌സ് ഫാക്ടറികൾക്ക് ആവശ്യമായ പേക്കറ്റകളും സ്റ്റിക്കറുകളും മറ്റും വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ഫാക്ടറികൾ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തെയും സമീപിച്ചിട്ടുണ്ട്. സൗദി ഇൻഡസ്ട്രിയൽ പ്രോപ്പർട്ടി അതോറിറ്റിക്കു കീഴിലുള്ള ഇൻഡസ്ട്രിയൽ സിറ്റികൾക്കു പുറത്ത് പ്രവർത്തിക്കുന്ന ചിപ്‌സ് ഫാക്ടറികൾ പലവിധ വെല്ലുവിളികളും പ്രതിബന്ധങ്ങളും നേരിടുന്നു. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രിയിലെ വ്യവസായ കമ്മിറ്റി സൗദി ഇൻഡസ്ട്രിയൽ പ്രോപ്പർട്ടി അതോറിറ്റിയുമായി ആശയ വിനിമയം നടത്തിവരികയാണ്.
സൗദിയിൽ ജലവിനിയോഗം നിയന്ത്രിക്കുന്നതിന് ലക്ഷ്യമിട്ട് തീറ്റപ്പുല്ല് കൃഷി നിർത്തിവെക്കുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായി ഉരുളക്കിഴങ്ങ്, ചോളം ഉൽപന്നങ്ങൾ നിർമിക്കുന്ന ഫാക്ടറികളുടെ കയറ്റുമതിക്കുള്ള വ്യവസ്ഥകൾ കഴിഞ്ഞ വർഷം പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് കയറ്റുമതി ചെയ്യുന്ന ഉരുളക്കിഴങ്ങ്, ചോളം ഉൽപന്നങ്ങൾ നിർമിക്കുന്നതിന് തുല്യമായത്ര ഉരുളക്കിഴങ്ങും ചോളവും ഫാക്ടറികൾ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യൽ നിർബന്ധമാണ്. ഇത് പാലിക്കാത്ത ഫാക്ടറികളെ കയറ്റുമതിക്ക് അനുവദിക്കില്ല.
ഉരുളക്കിഴങ്ങ്, ചോളം ഉൽപന്നങ്ങൾ കയറ്റി അയക്കുന്നതിന് ആഗ്രഹിക്കുന്ന ഫാക്ടറികൾ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിൽ നിന്ന് പ്രത്യേക ലൈസൻസ് നേടൽ നിർബന്ധമാണ്. കയറ്റി അയക്കുന്നതിന് ഉദ്ദേശിക്കുന്ന ഉൽപന്നങ്ങളുടെ ഇനങ്ങൾ, അവയുടെ തൂക്കം, കയറ്റി അയക്കൽ ആരംഭിക്കുന്ന തീയതി എന്നിവ അറിയിച്ചും ഉൽപന്നങ്ങൾ നിർമിക്കുന്നതിന് ഊർജ, വ്യവസായ മന്ത്രാലയത്തിൽ നിന്ന് ലഭിച്ച ലൈസൻസ് കോപ്പി സഹിതവുമാണ് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ കയറ്റി അയക്കുന്ന ഉൽപന്നങ്ങൾ നിർമിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത ഉരുളക്കിഴങ്ങിന്റെയും ചോളത്തിന്റെയും അളവ് മന്ത്രാലയം കണക്കാക്കും. കയറ്റി അയക്കുന്ന ഉൽപന്നങ്ങൾ നിർമിക്കുന്നതിന് ആവശ്യമായതിന്റെ തുല്യമായ അളവിൽ ഉരുളക്കിഴങ്ങും ചോളവും ഇറക്കുമതി ചെയ്യുമെന്നതിന് ഫാക്ടറികൾ മന്ത്രാലയത്തിന് രേഖാമൂലം ഉറപ്പുനൽകണമെന്നും വ്യവസ്ഥയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഉരുളക്കിഴങ്ങ്, ചോളം ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിന് മന്ത്രാലയം ലൈസൻസ് അനുവദിക്കും. എത്ര ടൺ തൂക്കത്തിലുള്ള ഉൽപന്നങ്ങളാണ് കയറ്റുമതി ചെയ്യുന്നതിന് അനുമതിയുള്ളത് എന്ന കാര്യം ലൈസൻസിൽ പ്രത്യേകം വ്യക്തമാക്കുകയും ഇതിന്റെ കോപ്പി കസ്റ്റംസ് അതോറിറ്റിക്ക് കൈമാറുകയും ചെയ്യും.