വയനാട്ടില്‍ ആവേശം പകരാന്‍  ഖുശ്ബു എത്തുന്നു 

ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ അഭാവം വയനാട്ടില്‍ ബാധിക്കാതിരിക്കാന്‍ അവസാനലാപ്പില്‍ താരപ്രചാരകരെ ഇറക്കി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ രണ്ടാം വട്ട പര്യടനത്തിനെത്തിയ ശേഷം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു, നടി ഖുശ്ബു എന്നിവരാണ് താരപ്രചാരകരായി മണ്ഡലത്തില്‍ നിറയുക.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനു ശേഷം രണ്ടാമതായി 17നെത്തുന്ന രാഹുല്‍ഗാന്ധി ബത്തേരിയിലും തിരുവമ്പാടിയും വണ്ടൂരിലും കോണ്‍ഗ്രസ് പൊതുയോഗങ്ങളില്‍ പങ്കെടുക്കും.
രണ്ടാം വട്ട പര്യടനം കഴിഞ്ഞു മടങ്ങുന്ന രാഹുല്‍ തെരഞ്ഞെടുപ്പിന് മുമ്പ് മണ്ഡലത്തിലേക്കുണ്ടാവില്ലെന്ന സൂചനയാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്നത്. രാഹുലിന്റെ റോഡ്‌ഷോയും ഉണ്ടാവില്ല. പൊതുയോഗങ്ങളിലേക്ക് ഹെലികോപ്റ്ററിലായിരിക്കും രാഹുല്‍ എത്തുക.
മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ റോഡ് ഷോ വേണ്ടെന്ന നിര്‍ദ്ദേശമാണ് സുരക്ഷാചുമതലയുള്ള എസ്.പി.ജി നല്‍കിയിരിക്കുന്നത്. രാഹുലിന്റെ അഭാവം യു.ഡി.എഫ് പ്രചരണത്തെ ബാധിക്കാതിരിക്കാനും പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാനും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, സിദ്ദു, ഖുശ്ബു എന്നിവര്‍ക്ക് കഴിയുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. വയനാട്ടിലും നിലമ്പൂരിലും ഏറനാട് മണ്ഡലത്തിലുമാണ് ഈ താരപ്രചാരകര്‍ എത്തുന്നത്.
18ന് എത്തുന്ന സിദ്ദു വൈകുന്നേരം അഞ്ചിന് എടവണ്ണ സീതിഹാജി സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് കളിക്കും. എടവണ്ണയിലെ യുവാക്കളുമായാണ് സിദ്ദുവിന്റെ സൗഹൃദ ക്രിക്കറ്റ് മത്സരം. തുടര്‍ന്ന് നിലമ്പൂര്‍ ചുങ്കത്തറയിലെ പ്രചരണ പരിപാടികളിലും പങ്കെടുക്കും. തെന്നിന്ത്യന്‍ സിനിമാതാരവും കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബു 16ന് എത്തും തുവ്വൂരിലും എടക്കരയിലും കിഴിശേരിയിലും നടക്കുന്ന പൊതുയോഗങ്ങളില്‍ രാഹുലിനായി അവര്‍ വോട്ട്‌തേടും.

Latest News