മുംബൈ- തെരഞ്ഞെടുപ്പ് റാലിക്കിടെ സംഘര്‍ഷമുണ്ടായതിന് പിന്നാലെ മുംബൈ നോര്‍ത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നടിയുമായ ഊര്‍മിള മടോണ്‍കര്‍ പോലീസ് സംരക്ഷണം തേടി. ഊര്‍മിളയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ ഒരു സംഘം ബി.ജെ.പി അനുകൂലികള്‍ "മോഡി മോഡി' എന്ന മുദ്രാവാക്യങ്ങളുമായി എത്തിയതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.
ബി.ജെ.പിക്കാര്‍ ഭയം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഊര്‍മിള മാധ്യമങ്ങളോട് പറഞ്ഞു. റാലിക്കിടയിലേക്ക് ബി.ജെ.പി അനുകൂലികള്‍ തള്ളിക്കയറാന്‍ ശ്രമിച്ചുവെന്നും ഈ സാഹചര്യത്തില്‍ തന്റെ സുരക്ഷ അപകടത്തിലാണെന്നും പോലീസിന് നല്‍കിയ പരാതിയില്‍ അവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.