Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിചിത്ര ദമ്പതികൾക്ക് വേറിട്ട വഴി

പപ്പു യാദവ് മഹാസഖ്യത്തിനെതിരെ,ഭാര്യ രഞ്ജീത് മഹാസഖ്യത്തിനു വേണ്ടി
ബിഹാറിലെ രാഷ്ട്രീയ താരദമ്പതികൾ വോട്ടർമാരിൽ ആശയക്കുഴപ്പുമുണ്ടാക്കുകയാണ്. പപ്പു യാദവ് മധേപ്പുരയിൽ മഹാസഖ്യത്തിന്റെ സ്ഥാനാർഥി ശരദ് യാദവിനെതിരെ മത്സരിക്കുകയാണ്. അതേസമയം കോൺഗ്രസ് ടിക്കറ്റിൽ 2014 ൽ സുപോളിൽ ജയിച്ച ഭാര്യ രഞ്ജീത് രഞ്ജൻ ഇത്തവണയും അവിടെ മഹാസഖ്യത്തിന്റെ സ്ഥാനാർഥിയാണ്. 2014 ൽ മധേപുരയിൽ ആർ.ജെ.ഡി ടിക്കറ്റിൽ ജയിച്ചത് പപ്പു യാദവായിരുന്നു. ശക്തമായ മോഡി തരംഗം അതിജീവിച്ചാണ് ആർ.ജെ.ഡി, കോൺഗ്രസ് ടിക്കറ്റിൽ ഭാര്യയും ഭർത്താവും ജയിച്ചു കയറിയത്. അഞ്ചു വർഷത്തിനിടെ ചിത്രം പലകുറി മാറിമറിഞ്ഞു. ഇത്തവണ ഇരുവരും ശക്തമായ പോരാട്ടമാണ് നേരിടുന്നത്. 
2014 ൽ ആർ.ജെ.ഡി ടിക്കറ്റിൽ മധേപുരയിൽ ജയിച്ച പപ്പു യാദവ് ഒരു വർഷത്തിനകം പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കപ്പെട്ടു. തുടർന്ന് ജന അധികാർ പാർട്ടി (ലോകതാന്ത്രിക്) എന്ന കക്ഷിക്ക് രൂപം നൽകി. ഇത്തവണ ലോക്‌സഭാ ഇലക്ഷൻ അടുത്തതോടെ ആർ.ജെ.ഡിയിൽ തിരിച്ചുവരാൻ പപ്പു യാദവ് പഠിച്ച പണി പതിനെട്ടും പയറ്റി. എന്നാൽ ആർ.ജെ.ഡി ടിക്കറ്റിൽ ശരദ് യാദവിനെയാണ് മഹാസഖ്യം മധേപുരയിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. ശരദ് യാദവ് കഴിഞ്ഞ ഇലക്ഷനിൽ ജെ.ഡി.യു സ്ഥാനാർഥിയായി മധേപുരയിൽ മത്സരിച്ചിരുന്നു. പപ്പു യാദവിനോട് 70,000 വോട്ടിന് തോറ്റു. 2009 ൽ അദ്ദേഹം ഇവിടെ നിന്ന് ജയിക്കുകയും ചെയ്തിരുന്നു. എന്നാൽ നിതിഷ്‌കുമാർ ബി.ജെ.പി സഖ്യത്തിലേക്ക് തിരിച്ചുപോയതോടെ ശരദ് യാദവ് പഴയ എതിരാളിയും സുഹൃത്തുമൊക്കെയായ ലാലു പ്രസാദ് യാദവിനൊപ്പം നിൽക്കാൻ തീരുമാനിച്ചു. ആർ.ജെ.ഡി ഇത്തവണ തിരസ്‌കരിച്ചതോടെ പപ്പു യാദവ് സ്വന്തം പാർട്ടി ടിക്കറ്റിൽ ഇവിടെ ജനവിധി തേടാൻ തീരുമാനിച്ചു. ലാലു പ്രസാദിനെതിരായ ശരദ് യാദവിന്റെ പഴയ പ്രസ്താവനകൾ പൊടി തട്ടിയെടുത്ത് പ്രചരിപ്പിക്കുകയാണ് പപ്പു യാദവ്. 
അതേസമയം സുപോളിൽ പപ്പു യാദവിന്റെ ഭാര്യ രഞ്ജീത് രഞ്ജനെ കോൺഗ്രസ് നിലനിർത്തി. ഇത് ആർ.ജെ.ഡി അണികളിൽ വലിയ മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്. രഞ്ജീതിനു വേണ്ടി പ്രചാരണം നടത്തില്ലെന്ന വാശിയിലാണ് പ്രദേശത്തെ ആർ.ജെ.ഡി എം.എൽ.എ യദുവൻഷ്‌കുമാർ യാദവും അണികളും. എന്നാൽ ആർ.ജെ.ഡി അണികൾ ഒരിക്കലും തങ്ങൾക്ക് വോട്ട് ചെയ്യാറില്ലെന്നാണ് രഞ്ജീത് രഞ്ജനും ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ബിമൽകുമാർ യാദവും പറയുന്നത്. 
1994 ലാണ് പപ്പു യാദവും രഞ്ജീതും വിവാഹിതരാവുന്നത്. 1995 ൽ സുപോളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും തോറ്റു. 2004 ൽ സഹർസ ലോക്‌സഭാ മണ്ഡലത്തിൽ രാംവിലാസ് പസ്വാന്റെ ലോക്ജനശക്തി പാർട്ടി ടിക്കറ്റിൽ ജയിച്ചു. എന്നാൽ പിന്നീട് ഈ ലോക്‌സഭാ മണ്ഡലം ഇല്ലാതായി. 2009 ലാണ് സുപോൾ ലോക്‌സഭാ മണ്ഡലം നിലവിൽ വരുന്നത്. 2009 ൽ കോൺഗ്രസ് ടിക്കറ്റിൽ സുപോളിൽ മത്സരിച്ചെങ്കിലും ജെ.ഡി.യു സ്ഥാനാർഥിയോട് തോറ്റു. എന്നാൽ 2014 ൽ മോഡി തരംഗത്തിനിടയിലും അവിടെ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചു.
പപ്പു യാദവ് മധേപുരയിൽ നിന്നും പൂർണിയയിൽ നിന്നുമായി അഞ്ചു തവണ ലോക്‌സഭയിലെത്തിയിട്ടുണ്ട്. 1990 ൽ സ്വതന്ത്രനായി സിംഗേശ്വർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ജയിച്ചാണ് തുടക്കം. 1991 ൽ ബിഹാറിലെ പൂർണിയ ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് ആദ്യം ജയിച്ചത്. 1996 ലും 1999 ലും വിജയം ആവർത്തിച്ചു. 2004 ൽ ആർ.ജെ.ഡി ടിക്കറ്റിൽ മധേപുര പിടിച്ചു. 1998 ൽ സി.പി.എം തീപ്പൊരി എം.എൽ.എ അജിത് സർക്കാർ വധിക്കപ്പെട്ട കേസിൽ പപ്പു യാദവ് പ്രതിയായി. തുടർന്ന് ജയിലിലാവുകയും 2009 ൽ ഇലക്ഷനിൽ മത്സരിക്കുന്നതിൽ നിന്ന് നിരോധിക്കപ്പെടുകയും ചെയ്തു. 2013 ൽ കോടതി കുറ്റവിമുക്തനാക്കി. 2014 ൽ മധേപുരയിൽ ആർ.ജെ.ഡി ടിക്കറ്റിൽ ജയിച്ചു. 
മധേപുര വലിയ രാഷ്ട്രീയപ്രാധാന്യമുള്ള മണ്ഡലമാണ്. 2004 ൽ ലാലുവും ശരദ് യാദവും ഇവിടെ ഏറ്റുമുട്ടി. മധേപുരക്കു പുറമെ ഛപ്രയിലും  ലാലു ജയിച്ചു. മധേപുരയിൽ നിന്ന് രാജി വെച്ചു. ഉപതെരഞ്ഞെടുപ്പിൽ പപ്പു യാദവ് ജെ.ഡി.യുവിന്റെ രാജേന്ദ്ര പ്രസാദ് യാദവിനെ കീഴടക്കി. എന്നാൽ 2009 ൽ ശരദ് യാദവ് ഇവിട നിന്ന് ജയിച്ചു. 2014 ൽ പപ്പു യാദവിനോട് തോറ്റു. 
ലാലുവിന്റെ അടുത്ത അനുയായിയായിരുന്ന പപ്പു യാദവിനെ 2015 ലാണ് ആർ.ജെ.ഡിയിൽ നിന്ന് പുറത്താക്കിയത്. ജെ.എ.പി രൂപീകരിച്ചെങ്കിലും വലിയ സ്വാധീനമുണ്ടാക്കിയില്ല. 2015 ലെ നിയമസഭാ തെരഞ്ഞൈടുപ്പിൽ 40 സീറ്റിൽ മത്സരിച്ചെങ്കിലും ഒന്നിൽ പോലും ജയിച്ചില്ല. ലാലുവിന്റെ മകൻ തേജസ്വി യാദവുമായി പരസ്യമായി കൊമ്പുകോർത്തത് പപ്പു യാദവിന് വലിയ തിരിച്ചടിയായി. 
മധേപുരയിൽ നാല് ലക്ഷം യാദവ വോട്ടർമാരും രണ്ടു ലക്ഷത്തോളം മുസ്‌ലിം വോട്ടർമാരുമുണ്ട്. ഒരിക്കലും യാദവരല്ലാത്തവർ ഇവിടെ നിന്ന് ജയിച്ചിട്ടില്ല. സുപോളിൽ 16 ശതമാനം പട്ടികജാതി വർഗ വോട്ടർമാരും 16 ശതമാനത്തോളം മുസ്‌ലിംകളുമാണ്. ഉന്നത ജാതിക്കാർക്കും സ്വാധീനമുണ്ട്. 

Latest News