ടിക് ടോക് വീഡിയോ യുവാവിന്റെ ജീവനെടുത്തു; കൂട്ടുകാര്‍ അറസ്റ്റില്‍

ന്യൂദല്‍ഹി- ടിക്ക് ടോക്  വീഡിയോ ചിത്രീകരിക്കുന്നതിനിടെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് യുവാവ് മരിച്ചു. സല്‍മാന്‍ സാക്കിര്‍ (19)ആണ് മരിച്ചത്.
സുഹൃത്തുക്കളായ സുഹൈല്‍, അമീര്‍ എന്നിവരോടൊപ്പം ഇന്ത്യാഗേറ്റ് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു സല്‍മാന്‍. മടങ്ങും വഴി സല്‍മാന്‍ വാഹനം ഓടിക്കുമ്പോള്‍ സുഹൈല്‍ കൈവശമുണ്ടായിരുന്ന നാടന്‍ തോക്ക് സല്‍മാന്റെ കവിളിന് നേരെ ചൂണ്ടി ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കുകയായിരുന്നു.  തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടി പൊട്ടുകയും വെടിയുണ്ട സല്‍മാന്റെ കവിളെല്ല് തകര്‍ക്കുകയും ചെയ്തു.
സുഹൃത്തുക്കള്‍ സല്‍മാനെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി പതിനൊന്നരയോടെ സല്‍മാന്റെ മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ചു പോയ മൂന്നു പേരേയും പോലീസ് പിന്നീട് പിടികൂടി.
രക്തക്കറ പുരണ്ട വസ്ത്രവും വാഹനവും ഇവര്‍ കഴുകി വൃത്തിയാക്കിയെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അമീര്‍, സുഹൈല്‍, സുഹൈലിന്റെ ബന്ധു എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ആയുധം കൈവശം വച്ചതിനും തെളിവ് നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്.

 

Latest News