ദല്‍ഹിയില്‍ നാലു സീറ്റ് എഎപിക്കു വിട്ടുകൊടുക്കാന്‍ തയാറെന്ന് രാഹുല്‍ 

ന്യുദല്‍ഹി- ദല്‍ഹിയില്‍ ബിജെപിയെ പൂര്‍ണമായും പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്-എഎപി സഖ്യത്തിനാകുമെന്നും ഇതിനായി നാലു സീറ്റുകള്‍ എഎപിക്ക് വിട്ടുകൊടുക്കാന്‍ ഒരുക്കമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിയുടെ പരാജയം ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് സഖ്യത്തിന് ഒരുക്കമാണ്. എന്നാല്‍ കേജ്‌രിവാള്‍ നിലപാട് മാറ്റി. സഖ്യത്തിനായി കോണ്‍ഗ്രസിന്റെ വാതിലുകള്‍ ഇപ്പോഴും തുറന്നു കിടക്കുകയാണെന്നും എന്നാല്‍ കാത്തിരിക്കാന്‍ അധികസമയമില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ഇനി എഎപിയാണ് തീരുമാനം അറിയിക്കേണ്ടതെന്ന് രാഹുല്‍ സൂചിപ്പിച്ചു. 

ഇതാദ്യമായാണ് ദല്‍ഹിയിലെ കോണ്‍ഗ്രസ്-എഎപി സഖ്യത്തെ കുറിച്ച് രാഹുല്‍ പ്രതികരിക്കുന്നത്. ആഴ്ചകളായി ചര്‍ച്ചകള്‍ നടന്നെങ്കിലും ഈ സഖ്യം യാഥാര്‍ത്ഥ്യമായിരുന്നില്ല. കോണ്‍ഗ്രസിനു മൂന്നു സീറ്റുകള്‍ വിട്ടു കൊടുക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ ഹരിയാനയിലും പഞ്ചാബിലും കൂടി സഖ്യത്തിന് തയാറാകണമെന്ന് എഎപി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടതാണ് ഉടക്കിനു കാരണം.

Latest News