ന്യൂദൽഹി- മുസ്‌ലിം പള്ളികളിലെ വനിതാ പ്രവേശനം സംബന്ധിച്ച ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും. മുസ്‌ലിം പള്ളികളിൽ വനിതകളെ പ്രവേശിപ്പിക്കുന്നത് വിലക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് വിധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് സുപ്രീം കോടതി നാളെ പരിഗണിക്കുന്നത്. ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസ് അബ്ദുൽ നസീർ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിക്കുക. പള്ളികളിൽ വനിതകളെ പ്രവേശിക്കുന്നത് വിലക്കുന്നത് ഭരണഘടന ലംഘനമാണെന്ന് ഹരജിക്കാരായ യാസ്മീൻ സുബീർ അഹമ്മദ് പീർസാദേ, സുബീർ അഹമ്മദ് നാസിർ അഹമ്മദ് പീർസാദേ എന്നിവർ ഹരജിയിൽ ചൂണ്ടിക്കാട്ടി. വ്യക്തി നിയമങ്ങളിൽ നിലനിൽക്കുന്ന അന്തരം ഒഴിവാക്കി ഏക സിവിൽ നിയമം ഉറപ്പാക്കണം എന്ന ഭരണഘടനയുടെ 44 അനുച്ഛേദത്തിന്റെ ലംഘനമാണിതെന്നും ഹരജിയിലുണ്ട്.
പൂനാ ബോപ്പോഡിയിലെ മുഹമ്മദിയ ജുമാ മസ്ജിദിൽ പ്രാർത്ഥന്ക്ക് കയറാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് യാസ്മീൻ സുബീർ അഹമ്മദ് പീർസാദേപള്ളി ഇമാമിന് കത്ത് നൽകിയെങ്കിലും അനുമതി ലഭിച്ചില്ലെന്നും ഇക്കാര്യം ആവശ്യപ്പെട്ട് പോലീസിനോട് സുരക്ഷ തേടിയെങ്കിലും സഹായം ലഭിച്ചില്ലെന്നും പരാതിയിലുണ്ട്. കേന്ദ്ര സർക്കാർ ആണ് ഹർജിയിലെ ഒന്നാം എതിർ കക്ഷി. കേന്ദ്ര വഖഫ് കൗൺസിൽ, മുസ്‌ലിം വ്യക്തി നിയമ ബോർഡ് ഉൾപ്പടെ മറ്റ് 6 എതിർ കക്ഷികളും ഉണ്ട്.






