'പി എം മോഡി' റിലീസ് തടഞ്ഞത് പുനപ്പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷനോട് സുപ്രീം കോടതി

ന്യുദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവചരിത്രം പറയുന്ന പി എം നരേന്ദ്ര മോഡി എന്ന സിനിമ വോട്ടെടുപ്പു നടക്കുന്ന വേളയില്‍ റിലീസ് ചെയ്യുന്നത് തടഞ്ഞ തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനം പുനപ്പരിശോധിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഈ സിനിമ പൂര്‍ണമായും കാണാതെയാണ് കമ്മീഷന്‍ റീലീസ് വിലക്കിയതാണ് അറിഞ്ഞത്. ഈ ഉത്തരവിന്റെ യോഗ്യതയെ കുറിച്ച് പ്രതികരിക്കുന്നില്ല. എന്നാല്‍ തെരഞ്ഞെടപ്പു കമ്മീഷനോ അല്ലെങ്കില്‍ പ്രത്യേകമായി അധികാരപ്പെടുത്തുന്ന സമിതിയോ ഈ സിനിമ പൂര്‍ണമായും കാണണമെന്ന് നിര്‍ദേശിക്കുന്നു. ശേഷം ഹരജിക്കാര്‍ ഉന്നയിച്ച വിഷയങ്ങള്‍ കൂടി പരിഗണിച്ച് ഈ സിനിമ പൊതുജനങ്ങളെ കാണിക്കേണ്ടതുണ്ടോ എന്നു തീരുമാനിക്കാം- സുപ്രീം കോടതി വ്യക്തമാക്കി.

ഈ സിനിമ തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുമോ എന്നറിയിക്കാന്‍ നാലു ദിവസത്തെ സമയവും കോടതി കമ്മീഷനു നല്‍കി. ഇതിനകം സിനിമ പൂര്‍ണമായും കണ്ട് വിലയിരുത്തി റിപോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. തെരഞ്ഞെടുപ്പു കമ്മീഷനു വേണ്ടി പ്രത്യേക പ്രദര്‍ശനം ഒരുക്കാന്‍ സിനിമയുടെ നിര്‍മ്മാതാക്കളോടും കോടതി ആവശ്യപ്പെട്ടു. 

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതും വരെ പി എം മോഡി സിനിമ റിലീസ് ചെയ്യരുതെന്ന് ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉത്തരവിട്ടത്. ഇതിനെതിരെ സിനിമ നിര്‍മ്മാതാക്കളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
 

Latest News