Sorry, you need to enable JavaScript to visit this website.

തെരുവു പട്ടിക്ക് തീറ്റ നല്‍കിയ യുവതിക്ക് മുംബൈയില്‍ മൂന്നര ലക്ഷം രൂപ പിഴ

മുംബൈ- തെരുവു പട്ടിക്ക് തീറ്റ നല്‍കിയ യുവതിക്ക് മുംബൈയിലെ ഹൗസിങ് സൊസൈറ്റി പിഴയിട്ടത് 3.60 ലക്ഷം രൂപ. കണ്ടിവലിയിലെ നിസര്‍ഗ് ഹെവന്‍ സൊസൈറ്റിയിലെ അപാര്‍ട്‌മെന്റില്‍ താമസിക്കുന്ന പരസ്യ കമ്പനി എക്‌സിക്യൂട്ടീവായ യുവതിക്കാണ് മിണ്ടാപ്രാണികളെ പോറ്റിയതിന് കനത്ത പിഴയിട്ടത്. സൊസൈറ്റി പരിസരത്ത് തെരുവുപട്ടികള്‍ക്കു തീറ്റ നല്‍കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തണമെന്ന് 98 ശതമാനം താമസക്കാരും ഒപ്പുവച്ച പ്രമേയം പാസാക്കിയിരുന്നു. ഭൂരിപക്ഷം താമസക്കാരുടെ പിന്തുണയോടെ നടപ്പിലാക്കുന്ന ചട്ട പാലിക്കാന്‍ താമസക്കാര്‍ ബാധ്യസ്ഥരാണെന്ന് സൊസൈറ്റ് ചെയര്‍മാന്‍ മിതേഷ് ബോറ പ്രതികരിച്ചു. ഈ പട്ടികള്‍ ആക്രമാസക്തരാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നേരെ കുരച്ചു ചാടാറുണ്ട്. പരിസരം വൃത്തികേടാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറയന്നു.

എന്നാല്‍ താന്‍ തീറ്റ നല്‍കിയിരുന്ന പട്ടികള്‍ സൊസൈറ്റി കോമ്പൗണ്ടിനുള്ളില്‍ പെറ്റുവളര്‍ന്നവയാണെന്നും സഹജീവി സ്‌നേഹം കൊണ്ടാണ് ഇവയക്ക് തീറ്റ നല്‍കി വരുന്നതെന്നും പിഴ ചുമത്തപ്പെട്ട നേഹ ദത്‌വാനി പറഞ്ഞു. മാര്‍ച്ച് വരെയുള്ള മെയിന്റനന്‍സ് ബില്ലില്‍ 3.60 ലക്ഷ രൂപയാണ് ചുമത്തിയിരിക്കുന്നത്. പട്ടികളെ തീറ്റിച്ചതിന് ഒരു മാസം 75,000 രൂപ വീതം പിഴയിട്ടിരിക്കുന്നു- നേഹ പറഞ്ഞു. പട്ടികള്‍ക്ക് തീറ്റ നല്‍കുന്നതിന് പിഴയിടുന്ന വിവരം മൃഗാവകാശ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. തുടര്‍ന്ന് 2018 നവംബറില്‍ പിഴ ചുമത്തുന്നത് നിര്‍ത്തിയിരുന്നു. എന്നാല്‍ ഇതു വീണ്ടും തുടങ്ങിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
 

Latest News