കൊപ്പം- തൃത്താല കൊപ്പത്ത് കിണറ്റിൽ ചാടിയ അണ്ണാനെ രക്ഷപ്പെടുത്താനിറങ്ങിയ മൂന്നു പേരിൽ രണ്ടു പേർ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ. കൊപ്പം ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് വെട്ടിക്കാട് കരിമ്പനക്കൽ രാമകൃഷ്ണന്റെ മകൻ സുരേഷ് (42), മയിലാട്ട്കുന്ന് കുഞ്ഞിക്കുട്ടന്റെ മകൻ സുരേന്ദ്രൻ (36) എന്നിവരാണ് മരിച്ചത്. സുരേന്ദ്രന്റെ സഹോദരൻ കൃഷ്ണൻകുട്ടി (30)യാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇന്നലെ രാവിലെ ഒൻപതോടെ കരിമ്പനക്കൽ സുരേഷിന്റെ വീട്ടു കിണറ്റിലാണ് സംഭവം. കരിമ്പനക്കൽ സുരേഷ് തന്റെ കിണറ്റിൽ വീണ അണ്ണാറക്കണ്ണനെ രക്ഷപ്പെടുത്താനിറങ്ങിയതായിരുന്നു. ഒമ്പത് അടി താഴ്ചയുള്ള കിണറ്റിൽ ഒരടി വെള്ളമുണ്ട്. മോട്ടോറിന്റെ കയറിൽ തൂങ്ങിനിന്ന് കിണറ്റിലകപ്പെട്ട അണ്ണാനെ രക്ഷിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയും ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു. ബഹളം കേട്ട് സുരേഷിനെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയ അയൽവാസിയായ സുരേന്ദ്രനും കിണറ്റിലകപ്പെട്ടതിനെ തുടർന്ന് ഇയാളെ രക്ഷപ്പെടുത്താനിറങ്ങിയതായിരുന്നു സുരേന്ദ്രന്റെ സഹോദരൻ കൃഷ്ണൻകുട്ടി. കൃഷ്ണൻകുട്ടിയെ നാട്ടുകാർ കരയ്ക്ക് കയറ്റിയെങ്കിലും വീണ്ടും കിണറ്റിലിറങ്ങിയതോടെ ഇയാളും ശ്വാസം മുട്ടി. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും കൊപ്പം പോലീസും മൂവരെയും കരയ്ക്ക് കയറ്റിയെങ്കിലും രണ്ട് പേർ മരിച്ചിരുന്നു. കൃഷ്ണൻകുട്ടിയെ ഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. മരിച്ച സുരേഷ് തിരുവനന്തപുരം സ്വകാര്യ ഐ.ടി കമ്പനിയിൽ ജീവനക്കാരനാണ്. സൗമ്യയാണ് സുരേഷിന്റെ ഭാര്യ. മക്കളില്ല. അമ്മ: വിശാലമ്മ. സുരേന്ദ്രന്റെ ഭാര്യ: സംഗീത. ഏക മകൾ: അനയ. അമ്മ: അമ്മിണി.






