ജെറ്റ് പ്രതിസന്ധി രൂക്ഷം,  പൈലറ്റുമാര്‍ സമരത്തിലേക്ക് 

ന്യൂദല്‍ഹി-ജെറ്റ് എയര്‍വേയ്‌സ് പ്രതിസന്ധി രൂക്ഷമാകുന്നു. ജെറ്റ് എയര്‍വേയ്‌സില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ നാഷണല്‍ ഏവിയേറ്റേഴ്‌സ് ഗ്വില്‍ഡ് ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള 1,100 പൈലറ്റുമാരാണ് സമരം ചെയ്യുമെന്ന് ഭീഷണി മുഴക്കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂന്നരമാസത്തക്കാലത്തെ ശമ്പള കുടിശ്ശികയുള്ള സാഹചര്യത്തിലാണ് പൈലറ്റുമാരുടെ സമര ഭീഷണി. ഏപ്രില്‍ 15 മുതല്‍ വിമാനം പറത്തില്ലെുന്നും ഗ്വില്‍ഡ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ സ്ഥിതി പരിഹരിക്കുന്നതിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയും യോഗം ചേരും. 1,100 പൈലറ്റുമാര്‍ സമരത്തില്‍ പ്രവേശിക്കുന്നതോടെ എയര്‍ലൈനുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചും സര്‍ക്കാര്‍ ബോധിപ്പിക്കും. ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ഏപ്രില്‍ 13 മുതല്‍ തന്നെ ജീവനക്കാര്‍ ജെറ്റ് എയര്‍വേയ്‌സിനെതിരെ പ്രതിഷേധം ആരംഭിച്ചിരുന്നു. ഫ്‌ളൈറ്റ് അറ്റന്‍ഡര്‍മാരും പൈലറ്റുമാരും ഗ്രൗണ്ട് സ്റ്റാഫുമാണ് പ്രതിഷേധത്തിനിറങ്ങിയത്. പ്രതിസന്ധി ശക്തമായതോടെ 56 വിമാനങ്ങള്‍ മാത്രമാണ് ശനിയാഴ്ച സര്‍വീസ് നടത്തിയത്.

Latest News