Sorry, you need to enable JavaScript to visit this website.

അമേരിക്കയില്‍ മുസ്ലിം വനിതാ ജനപ്രതിനിധിക്കെതിരെ വിദ്വേഷ പ്രചാരണം


വിവാദമാക്കിയത് സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയ പ്രസംഗം


വാഷിംഗ്ടണ്‍- അമേരിക്കയില്‍ 2001 സെപ്റ്റംബര്‍ 11 നുണ്ടായ ഭീകരാക്രമണത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഡെമോക്രാറ്റിക് അംഗം ഇല്‍ഹാന്‍ ഉമറിനെതിരെ വിദ്വേഷ പ്രചാരണം.

ഭീകരാക്രമണത്തെ കുറിച്ച് ആരോ എന്തോ ചെയ്തുവെന്ന് പറഞ്ഞതിന്റെ പേരില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടക്കമുള്ളവരാണ് വന്‍ വിമര്‍ശനവുമായി രംഗത്തുള്ളത്. എന്നാല്‍ ഇതിലൂടെ തന്നെ നിശ്ശബ്ദയാക്കാന്‍ കഴിയില്ലെന്ന് ഇല്‍ഹാന്‍ ഉമര്‍ തിരിച്ചടിച്ചു. പ്രസംഗത്തില്‍ ഒരു ഭാഗം അടര്‍ത്തിയെടുത്താണ് അടിസ്ഥാന രഹിതമായ പ്രചാരണം നടത്തുന്നത്.

സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ ഫൂട്ടേജ് സഹിതമാണ് നമ്മള്‍ ഒരിക്കലും മറക്കില്ലെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്വീറ്റ്. ചിലയാളുകള്‍ ചിലത് ചെയ്തുവെന്ന് പറഞ്ഞതിലൂടെ ഭീകരാക്രമണത്തിന്റെ പ്രാധാന്യം കുറച്ചു കാണിച്ചുവെന്ന് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ കുറ്റപ്പെടുത്തി. എന്നാല്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയാണ് ഇല്‍ഹാനെതിരായ വിമര്‍ശനമെന്നും അവര്‍ക്കെതിരെയും മുസ്ലിംകള്‍ക്കെതിരേയും ട്രംപ് ആക്രമണത്തിന് പ്രേരിപ്പിക്കുകയാണെന്നും ഡെമോക്രാറ്റ് അംഗങ്ങള്‍ ആരോപിച്ചു.

യു.എസ് കോണ്‍ഗ്രസിലേക്ക് ഇതുവരെ തെരഞ്ഞെടുക്കപ്പെട്ട രണ്ട് മുസ്ലിം വനിതകളിലൊരാണ് മിന്നസോട്ടയില്‍നിന്ന് കഴഞ്ഞ നവംബറില്‍ ജനപ്രതിനിധി സഭയിലെത്തിയ ഇല്‍ഹാന്‍ ഉമര്‍. സോമാലിയയില്‍നിന്ന് യു.എസില്‍ അഭയം തേടിയ കുടുംബത്തിലെ അംഗമായ ഇവര്‍ യു.എസ് കോണ്‍ഗ്രസില്‍ ഹിജാബ് ധരിച്ചെത്തിയ ആദ്യ വനിത കൂടിയാണ്.

പൗരാവകാശ സംഘടനയായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ റിലേഷന്‍സ് (കെയര്‍) പരിപാടിയില്‍ മാര്‍ച്ച് 23-ന് ഇല്‍ഹാന്‍ നടത്തിയ പ്രസംഗമാണ് വിവാദമാക്കിയത്. 20 മിനിറ്റ് പ്രംഗത്തില്‍ ന്യൂസിലാന്‍ഡില്‍ പള്ളികള്‍ക്ക് നേരെ നടന്ന ആക്രമണവും ഇസ്ലാം ഭീതിയുമാണ് അവര്‍ ചൂണ്ടിക്കാണിച്ചത്. സെപ്റ്റംബര്‍ 11 ആക്രമണത്തിനുശേഷം അമേരിക്കയില്‍ മുസ്്‌ലിംകളെ രണ്ടാംകിട പൗരന്മാരായി കണ്ടുവെന്നും താന്‍ അത് അനുഭവിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. ചിലര്‍ ചിലത് ചെയ്തതിന്റെ പേരില്‍ നമ്മള്‍ക്കെല്ലാവര്‍ക്കും പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് കെയര്‍ രൂപം കൊണ്ടതെന്നും അവര്‍ വിശദീകരിച്ചിരുന്നു. ഈ പരാമര്‍ശമാണ് പ്രസിഡന്റ്  ട്രംപ് അടക്കമുള്ളവര്‍ സന്ദര്‍ഭത്തില്‍നിന്നടര്‍ത്തി പ്രചരിപ്പിക്കുന്നത്.

 

Latest News