കൂര്‍ത്ത നഖങ്ങള്‍ ആഴ്ത്തി കസ്സോവറി പക്ഷി ഉടമയെ കൊന്നു

ഫ്‌ളോറിഡ- ലോകത്തെ ഏറ്റവും അപകടകാരിയെന്ന് വിശേഷിപ്പിക്കാറുള്ള കസ്സോവറി പക്ഷി അതിന്റെ ഉടമയെ കൊലപ്പെടുത്തി. യു.എസില്‍ ഫ്‌ളോറഡയിലെ ഗെയിനെസ്‌വില്ലെക്ക്  സമീപമാണ് സംഭവം. നീണ്ട കാല്‍ നഖം ഉപയോഗിച്ചായിരിക്കും കസ്സോവറി കൊല നടത്തിയതെന്ന് കരുതുന്നതായി അലച്ചുവ കൗണ്ടി അഗ്നിശമന വിഭാഗം പ്രാദേശിക പത്രത്തോട് പറഞ്ഞു. ഇരകളെ തുണ്ടമാക്കുന്ന പ്രകൃതമാണ് ഓസ്‌ട്രേലിയയും ന്യൂഗിനയയും സ്വദേശമായ ഈ പക്ഷിയുടേതെന്ന് വിദഗ്ധര്‍ പറയുന്നു.
അപ്രതീക്ഷിത സംഭവമാണിതെന്നും വയോധികനായ ഉടമ നിലത്ത് വീണപ്പോള്‍  പക്ഷി കുതിച്ചെത്തി ആക്രമിച്ചതാകാമെന്നും വന്യജീവി വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. മാര്‍വിന്‍ ഹജോസ് എന്ന 75 കാരനാണ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും അന്വേഷണം നടത്തി വരികയാണെന്നും കൗണ്ടി ഷരീഫ് ഓഫീസ് അറിയിച്ചു.
ആറടി നീളവും 60 കിലോ വരെ തൂക്കവുമുള്ള കസ്സോവറി ഓസ്‌ട്രേലിയന്‍ ഒട്ടകപക്ഷി (എമു)യെ പോലുള്ളതാണ്. കാലില്‍ നാല് ഇഞ്ച് നീളമുള്ള ഡ്രാഗര്‍ നഖമുള്ള കസ്സോവറി ലോകത്തെ ഏറ്റവും അപകടകാരിയാണെന്ന് സാന്‍ഡീഗോ സൂ വെബ്‌സൈറ്റില്‍ പറയുന്നു.

 

Latest News