Sorry, you need to enable JavaScript to visit this website.

പാരമ്പര്യത്തിന്റെ നൂലുകൾ കോർത്ത് തളങ്കര തൊപ്പി

പാരമ്പര്യത്തിന്റെ മഹിമ; തളങ്കര തൊപ്പിയുമായി അബ്ദുൽ റഹ്മാൻ

കാസർകോട്- സംസ്‌കാരത്തിന്റെ ഈടുവെയ്പും ചരിത്രത്തിന്റെ നാൾവഴിയുമാണ് തളങ്കര തൊപ്പി. ഓരോ നാടിന്റെയും സവിശേഷതകൾ ചരിത്രമെന്നിരിക്കെ കാസർകോടിന്റെ ഗതകാല വിശേഷങ്ങളിൽ തളങ്കര തൊപ്പിയുടെ സ്ഥാനം വലുതാണ്. ഒരു കാലത്ത് ആഫ്രിക്കൻ ഭൂഖണ്ഡം വരെ തളങ്കര തൊപ്പിയെത്തിയിരുന്നു. ഗൾഫുനാടുകളിലും മുംബൈയിലും പ്രസിദ്ധമായിരുന്നു. അന്നത്തെ ധനികരായ മുസൽമാൻമാർ പലരും ഉപയോഗിച്ചിരുന്നത് കൈയിൽ തുന്നിയെടുക്കുന്ന തളങ്കര തൊപ്പിയായിരുന്നു. കൈവിരുതിൽ മെനയുന്ന മഹനീയ രൂപമായിരുന്നു തൊപ്പിയുടേത്. പണ്ടുകാലത്ത് കാസർകോടിന്റെ പെരുമ ലോകം അറിഞ്ഞത് തളങ്കര തൊപ്പിയിലൂടെയാണ്. അക്കാലത്ത് മുന്നൂറിലധികം കുടുംബങ്ങളുടെ വരുമാന മാർഗം തൊപ്പി നിർമ്മാണമായിരുന്നു. തളങ്കര ഭാഗത്തെ ഇത്രയും കുടുംബങ്ങൾ കൈത്തൊഴിലായി ഇതിലേർപ്പെട്ടിരുന്നു. പരുത്തി നൂൽ കൊണ്ട് പ്രത്യേക രീതിയിലാണ് തൊപ്പി തുന്നുന്നത്. ദശകങ്ങൾക്ക് മുമ്പ് വരെ പുരുഷന്മാർ തൊപ്പിയുണ്ടാക്കുകയും സ്ത്രീകൾ അലങ്കാര പണികളും ചെയ്തിരുന്നു. തളങ്കര തൊപ്പികൾ ആകർഷകമാക്കുന്നത് കരവേലകളാണ്. അറബിക് പേർഷ്യൻ നിസ്‌കാര പായകളിലെ കലിഗ്രഫ് രീതികളാണ് ഇതിന് ഉപയോഗിക്കുന്നത്. എന്നാൽ ആധുനികതയുടെ കടന്നുകയറ്റത്തിൽ തളങ്കര തൊപ്പിക്കും പിടിച്ചുനിൽക്കാനാവുന്നില്ല. സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം ഈ മേഖലയെ തളർത്തി. പുതുതലമുറ ഇതിനോട് മുഖം തിരിക്കുകയാണ്. തളങ്കര മാലിക് ദീനാർ പള്ളികളിൽ എത്തുന്ന വിശ്വാസികൾ ഓർമ്മയ്ക്കായി തളങ്കര തൊപ്പികൾ വാങ്ങി സൂക്ഷിക്കുമായിരുന്നു. മലേഷ്യ, സിംഗപ്പുർ, ഗൾഫ് രാജ്യങ്ങളിലേക്ക് നീളുന്നതാണ് വിശ്വാസത്തിന്റെ ഈ തൊപ്പിപ്പെരുമ. വ്രതനിഷ്ഠ പോലെ തൊപ്പി നിർമ്മാണം കൊണ്ടുപോയിരുന്നത് തളങ്കര ഖാസിലേനിലെ അബൂബക്കർ മുസ്ല്യാരായിരുന്നു. അസുഖം കാരണം അദ്ദേഹം കിടപ്പിലായതോടെ മകൻ അബ്ദുൽ റഹ്മാനാണ് പാരമ്പര്യത്തിന്റെ നൂലുകൾ കോർക്കുന്നത്. കാസർകോട് നഗരത്തിലെ വസ്ത്ര വ്യാപാരിയായ അബ്ദുൽ റഹീം ഈ ചുമതല മുടങ്ങാതെ കൊണ്ടുപോകുകയാണ്. മലപ്പുറം മുതൽ മലബാറിലെ മുഴുവൻ ജില്ലകളിലും തളങ്കര തൊപ്പി ലഭ്യമാക്കുന്നുണ്ട്. 175 രൂപ മുതൽ 200 രൂപ വരെയാണ് ഒരു തൊപ്പിയുടെ വില. ഒരു മീറ്റർ തുണിയിൽ അഞ്ച് തൊപ്പികൾ ഉണ്ടാക്കാം. തൊപ്പിക്ക് ഡിസൈൻ വരക്കുന്നത് തങ്കളര പടിഞ്ഞാറിലെയും ബെണ്ടിച്ചാലിലെയും ചില വീട്ടമ്മമാരാണെന്ന് അബ്ദുൾ റഹ്മാൻ വ്യക്തമാക്കുന്നു. പ്രതീക്ഷിച്ച പ്രതിഫലമില്ലെങ്കിലും പാരമ്പര്യമായി കിട്ടിയ ഈ ഭാഗ്യം കൈവിടാതെ സൂക്ഷിക്കാനാണ് ആഗ്രഹമെന്നും റഹീം പറയുന്നു.

Latest News