ജോധ്പൂർ- രാജസ്ഥാനിലെ സൂർസാഗറിൽ വർഗീയ ലഹള. ഹിന്ദു കുടുംബത്തെ മുസ്‌ലിം കുടുംബം അക്രമിച്ചുവെന്നും സഹായം തേടിയെങ്കിലും പോലീസ് തിരിഞ്ഞുനോക്കിയില്ലെന്നും ആരോപിച്ചാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞദിവസങ്ങളിൽ ഇവിടെ ചെറിയതോതിൽ സംഘർഷമുണ്ടായിരുന്നു. ഇതാണ് വ്യാപകമായത്. റാംനവമി റാലിക്ക് നേരെയും ആക്രമണമുണ്ടായി. ജനം വാഹനങ്ങൾക്ക് തീയിട്ടു. ജനങ്ങൾ ആക്രമസക്തമായതിനെത്തുടർന്ന് പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ജോധ്പൂരിലെ സൂർസാഗറിലൂടെ റാം നവമി റാലി കടന്നു പോകവേ, ഒരു കൂട്ടം ആളുകൾ റാലിക്ക് നേരെ കല്ലെറിയുകയായിരുന്നു. തുടർന്നുണ്ടായ ലഹളയിൽ ആക്രമികൾ നിരവധി വാഹനങ്ങൾക്ക് തീയിടുകയും വീടുകൾ നശിപ്പിക്കുകയുമായിരുന്നു.
ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പോലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ടെങ്കിലും തങ്ങൾക്ക് സഹായം ലഭ്യമായില്ലെന്ന് ആക്രമിക്കപ്പെട്ട കുടുംബം ആരോപിക്കുന്നു.എന്നാൽ റാം നവമി റാലി കടന്നു പോകുന്നതിനെത്തുടർന്നാണ് കൃത്യസമയത്ത് എത്താൻ കഴിയാതിരുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നത്.
ജനങ്ങൾ സംയമനം പാലിക്കണമെന്നും സമാധാനം കാത്തുസൂക്ഷിക്കണമെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആഹ്വാനം ചെയ്തു. ആക്രമണങ്ങളെത്തുടർന്ന് കസ്റ്റഡിയിൽ എടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര കാർഷികാര്യസഹമന്ത്രി ഗജേന്ദ്ര സിഗ് ഷെഖാവത്ത് ധർണ ആരംഭിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജോധ്പൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് ഗജേന്ദ്ര സിഗ് ഷെഖാവത്ത്.