കരുത്തുണ്ടെങ്കില്‍ മോഡി എന്തിന് പാക്കിസ്ഥാന്‍ സംഘത്തെ വിളിച്ചു- കെജ് രിവാള്‍

പനാജി- കരുത്തുറ്റ നേതാക്കളും സര്‍ക്കാരുമാണെങ്കില്‍ പിന്നെ എന്തിന് 2016 പത്താന്‍കോട്ട് ആക്രമണം അന്വഷിക്കാന്‍ പാക്കിസ്ഥാന്‍ സംഘത്തെ വിളിച്ചുവെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ ചോദ്യം.

കരുത്തുറ്റ നേതാക്കളും ശക്തമായ സര്‍ക്കാരുമാണെന്നാണ് അവര്‍ സ്വയം പറയുന്നത്. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഇന്ത്യയില്‍ പല ദുര്‍ഭല സര്‍ക്കാരുകളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ മോഡി ജി ചെയ്തതു പോലെ ഒരു സര്‍ക്കാരും ചെയ്തിട്ടില്ല. പത്താന്‍കോട്ട് വ്യോമതാവളം പാക്കിസ്ഥാനി ഭീകരര്‍ തകര്‍ത്തപ്പോള്‍ മോഡി പാക് ചാര സംഘടനയായ ഐ.എസ്.ഐക്ക് എഴുതുകയാാണ് ചെയ്തത്. അവരെ അന്വേഷണത്തിനായി ക്ഷണിച്ചു- തെരഞ്ഞെടുപ്പ് റാലയില്‍ കെജ് രിവാള്‍ പറഞ്ഞു.

ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെട്ട പത്താന്‍കോട്ട് ആക്രമണത്തിനുശേഷം പാക് സേനയിലേയും ഐ.എസ്.ഐയിലേയും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന അഞ്ചംഗ സംഘം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയേക്കാള്‍ സ്വീകാര്യനായ മറ്റൊരു പ്രധാനമന്തിയെ പാക്കിസ്ഥാന് ഇനി കിട്ടാനുണ്ടോയെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് ജനക്കൂട്ടത്തോട് ചോദിച്ചു.

മോഡിജി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പറയുന്നു. ഇരുവര്‍ക്കുമിടയില്‍ എന്താണ് നടക്കുന്നതെന്ന് കെജ് രിവാള്‍ ചോദിച്ചു.

 

 

 

Latest News