കൊച്ചി- തിരുവല്ല സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും 35 ലക്ഷം കൈക്കലാക്കുകയും ചെയ്ത വിദേശ മലയാളി അറസ്റ്റില്‍. പത്തനംതിട്ട വൈക്കത്തു വീട്ടില്‍ ജെയിംസ് തോമസിനെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി കുടുംബ സമേതം കാനഡയില്‍ ആണ് താമസം. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ഇയാള്‍ ഫേസ്ബുക് വഴിയാണ് യുവതിയുമായി അടുപ്പത്തിലാകുന്നത്.
പിന്നീട് അസുഖം മൂലം രണ്ടു മാസത്തിലധികം എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കിടന്ന യുവതിയെ പരിചരിക്കാന്‍ ഇയാള്‍ കൂടെ നിന്നു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയതിന് ശേഷം ഇയാള്‍ യുവതിയുടെ കൂടെ താമസമാക്കി. ഇതിനിടയില്‍ പല ബിസിനസ് ആവശ്യങ്ങള്‍ പറഞ്ഞ് 35 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. പിന്നീട് കാനഡയില്‍ പോയ ഇയാള്‍ നാട്ടില്‍ തിരിച്ചെത്തി മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ തിരുവല്ല സ്വദേശിനി എറണാകുളം എ.സി.പിക്ക് നല്‍കിയ പരാതിയില്‍ നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ പിടിയിലായത്.
ചോദ്യം ചെയ്യലില്‍ ഫേസ്ബുക്ക് പ്രൊഫൈലില്‍ സിനിമാ നിര്‍മാതാവാണെന്നു അവകാശപ്പെട്ടിരുന്നു. ഇതു കണ്ട് ഇയാളുമായി സൗഹൃദത്തിലായ നിരവധി യുവതികളെ ഇയാള്‍ വലയിലാക്കിയതായി പോലീസ് സംശയിക്കുന്നുണ്ട്.
എറണാകുളം എ.സി.പി. സുരേഷിന്റെ നിര്‍ദേശ പ്രകാരം, തിരുവനന്തപുരത്തെ വിവിധ ഹോട്ടലുകളില്‍ ഒളിവില്‍ താമസിച്ചു വന്നിരുന്ന ഇയാളെ നോര്‍ത്ത് എസ്.എച്ച്.ഒ. റോജ്, എസ്.ഐ. രാജന്‍ ബാബു, സീനിയര്‍ സി.പി.ഒ. വിനോദ് കൃഷ്ണ, സി.പി.ഒമാരായ രാജേഷ്, അജിലേഷ്, ഡി.വി.ആര്‍. ജോമോന്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.






