Sorry, you need to enable JavaScript to visit this website.

വനിതാവൽക്കരണ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് പിഴ 

റിയാദ് - വനിതാവൽക്കരണ വ്യവസ്ഥകൾ ലംഘിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് മടിച്ചുനിൽക്കില്ലെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി മുന്നറിയിപ്പ് നൽകി. സ്വകാര്യ മേഖലയിൽ വനിതകളുടെ തൊഴിൽ സാഹചര്യം ക്രമീകരിക്കുന്ന ഏകീകൃത നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 1,000 റിയാൽ മുതൽ 25,000 റിയാൽ വരെ പിഴ ലഭിക്കും. നിയമ ലംഘനത്തിന്റെ സ്വഭാവമനുസരിച്ചാണ് പിഴകൾ ചുമത്തുക. വനിതാ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങൾക്ക് ഇരട്ടി തുക പിഴ ചുമത്തും. 
വനിതാ ജീവനക്കാർ മാന്യമായി വസ്ത്രം ധരിക്കാതിരിക്കുകയും ഹിജാബ് വ്യവസ്ഥകൾ പാലിക്കാതിരിക്കുകയും ചെയ്താൽ തൊഴിലുടമകൾ ഉത്തരം പറയേണ്ടിവരും. ഇത്തരം സാഹചര്യങ്ങളിൽ ആയിരം റിയാൽ തോതിലാണ് പിഴ ചുമത്തുക. വിശ്രമ സ്ഥലം ഒരുക്കാതിരിക്കൽ അടക്കം വനിതകളുടെ തൊഴിൽ സ്ഥലങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കാതിരുന്നാൽ 5,000 റിയാൽ പിഴ ലഭിക്കും. ഹിജാബ് പാലിക്കൽ നിർബന്ധമാക്കുന്ന നിർദേശങ്ങൾ എഴുതി പ്രദർശിപ്പിക്കാതിരിക്കുന്നത് അയ്യായിരം റിയാൽ പിഴ ലഭിക്കുന്ന നിയമ ലംഘനമാണ്. രാത്രിയിൽ നിരോധിത സമയങ്ങളിൽ വനിതകളെ ജോലിക്കു വെക്കുന്നതിനും ഇതേ തുക പിഴ ലഭിക്കും.
അപകടകരമായ തൊഴിലുകളിൽ വനിതകളെ നിയമിക്കുന്നതിന് പതിനായിരം റിയാൽ പിഴ ലഭിക്കും. അമ്പതും അതിൽ കൂടുതലും ജീവനക്കാരികളുള്ള സ്ഥാപനങ്ങളിൽ കുട്ടികളുടെ പരിചരണത്തിന് പ്രത്യേക സൗകര്യം ഏർപ്പെടുത്താതിരിക്കുന്നത് നിയമലംഘനമാണ്. ഇതിന് 15,000 റിയാലാണ് പിഴ ലഭിക്കുക. സ്ത്രീപുരുഷന്മാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ വനിതകൾക്ക് പ്രത്യേകം വേർതിരിച്ച വിഭാഗങ്ങൾ ഒരുക്കാത്ത സ്ഥാപനങ്ങൾക്കാണ് ഏറ്റവും കൂടിയ പിഴയായ 25,000 റിയാൽ പിഴ ചുമത്തുക. 
രണ്ടു മാസത്തിനിടെ 27,000 സ്വദേശി യുവതീയുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് സാധിച്ചതായി തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് ഏതാനും സർക്കാർ വകുപ്പുകളുമായും സ്വകാര്യ സ്ഥാപനങ്ങളുമായും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഒപ്പുവെച്ച കരാറുകൾ ശ്രദ്ധേയമായ ഫലങ്ങൾ നൽകുന്നതിന് തുടങ്ങിയിരിക്കുന്നു. ഉദ്ദിഷ്ട ഫലങ്ങൾ സാക്ഷാൽക്കരിക്കുന്നതിന് പങ്കാളികളുമായി ഒപ്പുവെച്ച മുഴുവൻ കരാറുകളും നടപ്പാക്കുന്നത് നിരീക്ഷിക്കുന്നത് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം തുടരുമെന്നും മന്ത്രി പറഞ്ഞു. 
കഴിഞ്ഞ വർഷം നാലാം പാദത്തിലെ കണക്കുകൾ പ്രകാരം സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മൂന്നാം പാദത്തിൽ തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമായിരുന്നു. സൗദി പുരുഷന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 6.6 ശതമാനവും വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 32.5 ശതമാനവുമാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 


 

Latest News