Sorry, you need to enable JavaScript to visit this website.

രാഷ്ട്രീയ ആയുധമാക്കുന്നതിൽ സൈന്യത്തിലും അസ്വസ്ഥത

പ്രധാനമന്ത്രിയും ഭരണകക്ഷിയും സൈന്യത്തിന്റെ പേരിൽ വോട്ടുപിടിക്കുന്നത് കര-നാവിക-വ്യോമസേനാ വിഭാഗങ്ങളിൽ അസ്വസ്ഥത പരത്തി. ഇത് സൈനികരുടെ ആത്മവീര്യത്തെയും പൊരുതാനുള്ള കാര്യക്ഷമതയേയും ബാധിക്കുമെന്ന് അവർ ഭയപ്പെടുന്നു. അത് ദേശസുരക്ഷയേയും ദേശീയ ഐക്യത്തേയും പ്രതികൂലമായി ബാധിക്കുമെന്നും. 
മൂന്നു സേനാവിഭാഗങ്ങളുടെയും എട്ട് മുൻ മേധാവികളുൾപ്പെടെ റിട്ടയർചെയ്ത 148 ഉന്നത സൈനിക  ഉദ്യോഗസ്ഥർ രാഷ്ട്രപതി രാംനാഥ് കോവിന്ദിനു സമർപ്പിച്ച ഹർജി അതാണ് വെളിപ്പെടുത്തുന്നത്. രാഷ്ട്രീയ പാർട്ടികളെ അപകടകരമായ  ഈ നീക്കത്തിൽനിന്ന് അടിയന്തരമായി തടയണമെന്നാണ് മൂന്നു സേനാവിഭാഗങ്ങളുടെയും സുപ്രിം കമാന്ററായ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്നത്. 
മുൻ കരസേനാ മേധാവി ജനറൽ എസ്.എഫ് റോഡ്‌റിഗ്‌സ്, റിട്ടയേർഡ് ജനറൽമാരായ ശങ്കർ റോയ് ചൗധരി, ദീപക് കപൂർ, മുൻ വായുസേനാ മേധാവി എയർചീഫ് മാർഷൽ എൻ.സി ഷൂരി, നാവികസേനയുടെ മുൻ മേധാവികളായ അഡ്മിറൽ രാംദാസ്, അരുൺ പ്രകാശ്, സുരേഷ് മേത്ത, വിഷ്ണു ഭാഗവത് എന്നിവരാണ് മറ്റ് 140 ഉന്നത സൈനിക ഉദ്യോഗസ്ഥർക്കൊപ്പം രാഷ്ട്രപതിയെ സമീപിച്ചത്.  ഹർജിയുടെ കോപ്പി തെരഞ്ഞെടുപ്പു പെരുമാറ്റചട്ടത്തിന്റെ കസ്റ്റോഡിയനായ തെരഞ്ഞെടുപ്പു കമ്മീഷനും നൽകിയിട്ടുണ്ട്. 
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പുതന്നെ ദേശവ്യാപകമായി 120 ലോകസഭാ മണ്ഡലങ്ങളിൽ പ്രധാനമന്ത്രി നടത്തിയ പ്രചാരണങ്ങൾ സൈന്യത്തിനെതിരാണ്  പ്രതിപക്ഷ പാർട്ടികൾ എന്നു വരുത്താനായിരുന്നു. പ്രതിപക്ഷം  സൈന്യത്തിന്റെ വിശ്വാസത്തെ ചോദ്യംചെയ്യുന്നു, അപമാനിക്കുന്നു, അവർ ഭീകരപക്ഷപാതികളും ശത്രുരാജ്യത്തിന്റെ ഏജന്റുമാരുമാണ് എന്നൊക്കെ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 
പുൽവാമയിൽ ജീവാർപ്പണംചെയ്ത സൈനികർക്കും ബാലാക്കോട്ട് ആക്രമിച്ച വ്യോമസേനാ പോരാളികൾക്കും കന്നിവോട്ടർമാർ അവരുടെ ആദ്യവോട്ട് സമർപ്പിക്കണമെന്നാണ് ഇപ്പോൾ പ്രധാനമന്ത്രി ആവശ്യപ്പെടുന്നത്.  ഏപ്രിൽ 9ന് മഹാരാഷ്ട്രയിലെ ഔറംഗബാദിലെ തെരഞ്ഞെടുപ്പു റാലിയിൽ എല്ലാ തെരഞ്ഞെടുപ്പു ചട്ടങ്ങളും പ്രധാനമന്ത്രി കാറ്റിൽപറത്തി.  'ബി.ജെ.പിയുടെ താമരയുടെയും  സഖ്യകക്ഷിയായ ശിവസേനയുടെ അമ്പുംവില്ലിന്റെയും ബട്ടൻ അമർത്തുക.  നിങ്ങളുടെ വോട്ട് മോഡിയുടെ അക്കൗണ്ടിൽ വന്നുവീഴും.'  പ്രധാനമന്ത്രി പറഞ്ഞു.  
പ്രധാനമന്ത്രിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റും വോട്ടുപിടുത്തത്തിന് സേനയെ ഉപയോഗിക്കുന്നതാണ് മുൻ കരസേനാ മേധാവികളടക്കമുള്ളവരെ പരസ്യമായി രംഗത്തിറക്കിയിരിക്കുന്നത്. 
മൂന്നു സർവ്വീസിലുമുള്ള സൈനിക സഹോദരന്മാരുടെ നാഡിമിടിപ്പ് തങ്ങൾക്കറിയാമെന്ന് ആമുഖമായി പറഞ്ഞാണ് സൈന്യത്തെ  രാഷ്ട്രീയവത്ക്കരിക്കുന്നതിനെതിരെ അവർ പ്രതിഷേധിക്കുന്നത്. ഈ നീക്കങ്ങൾ സൈന്യത്തിൽ 'ഞെട്ടലും' 'അസ്വസ്ഥതയും' ഉണ്ടാക്കിയതായി ഹർജിയിൽ പറയുന്നു. സൈനിക നടപടിയുടെ ഭാഗമായ വിഷയങ്ങൾ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുത്.  അതിർത്തി കടന്നുള്ള ആക്രമണങ്ങൾ തൊട്ട് സായുധസേന മോഡിയുടെ സേനയാണ് എന്ന അവകാശവാദംവരെ അസാധാരണവും അസ്വീകാര്യവുമായ നടപടികൾ രാഷ്ട്രീയ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാവുകയാണ്. സൈനിക പ്രവർത്തനങ്ങളുടെ ഖ്യാതി രാഷ്ട്രീയനേതാക്കൾ അവകാശപ്പെടുകയാണ്.  
തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ സൈനികരുടെ, വിശേഷിച്ച് വ്യോമസേനയുടെ വിങ് കമാന്റർ അഭിനന്ദൻ വർത്തമാന്റെ പോസ്റ്ററുകളും പടങ്ങളും പ്രദർശിപ്പിക്കുന്നു. സൈനിക യൂണിഫോം പാർട്ടി പ്രവർത്തകർ അണിഞ്ഞുനടക്കുന്നു. ഇത് തടയണമെന്ന് ഹർജിയിൽ പ്രത്യേകം ആവശ്യപ്പെട്ടു. 
രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ പരമാധികാരവും ദേശീയോദ്ഗ്രഥനവും സംരക്ഷിക്കുക എന്ന ജോലിയാണ് ഭരണഘടന സൈന്യത്തെ ഏല്പിച്ചിട്ടുള്ളത്. സൈന്യത്തിന്റെമേൽ ജനാധിപത്യ തത്വങ്ങൾക്കുള്ള സിവിൽ നിയന്ത്രണങ്ങൾ എന്നും അംഗീകരിച്ചുപോന്നിട്ടുണ്ട്. സൈന്യത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി വലിച്ചിഴക്കുന്നത് അവരുടെ മനക്കരുത്തിനെയും പോരാട്ട വീര്യത്തെയും ബാധിക്കും. ഇത് ദേശീയ സുരക്ഷയേയും രാജ്യത്തിന്റെ ഏകതയേയും നേരിട്ടു ബാധിക്കും. 
കഴിഞ്ഞകാലങ്ങളിൽ ഇന്ത്യയുടെ മൂന്നുവിഭാഗത്തിലെയും സേനകളെ സമാധാനകാലത്തും യുദ്ധത്തിലും നയിച്ച ഉന്നത സൈനികോദ്യോഗസ്ഥരാണ് രാഷ്ട്രീയം ആയുധമാക്കുന്ന അപകടത്തിനെതിരെ മുന്നോട്ടുവന്നിരിക്കുന്നത്. 
പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പിനുള്ള ഏഴുഘട്ട വോട്ടെടുപ്പു പ്രക്രിയയ്ക്കിടയിലാണ് സൈനിക മുൻമേധാവികൾതന്നെ അപകട മുന്നറിയിപ്പു നൽകുന്നത്.  ദേശീയ സുരക്ഷിതത്വത്തേയും രാജ്യത്തിന്റെ ഐക്യത്തേയും ഈ സംഭവഗതി ഗുരുതരമായി ബാധിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.  പരോക്ഷമായി പ്രധാനമന്ത്രി മോഡിക്കുനേരെ സൈന്യത്തിനുള്ളിൽനിന്നുള്ള വികാരമാണ് മുൻ സേനാമേധാവികളിലൂടെ പ്രകടമാകുന്നത്.  പ്രധാനമന്ത്രി തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നത് പ്രതിപക്ഷം ദേശീയ സുരക്ഷിതത്വം തകർക്കുന്നു എന്നാണ്. എന്നാൽ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുതന്നെയാണ് അത് സംഭവിക്കുന്നത് എന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് സൈനിക മേധാവികൾ. മോഡിയെ സംബന്ധിച്ചിടത്തോളം രാജ്യത്തെ ചൗക്കിദാരെല്ലാം തനിക്കൊപ്പമാണെന്ന് പറയുന്ന ലാഘവത്തിലാണ് ഇന്ത്യൻ സായുധസേന മോഡിയുടെ സേനയാണ് എന്ന് അവകാശവാദവും.  
ഈ നിവേദനത്തിനുപുറമെ സൈന്യത്തിൽനിന്നുതന്നെ ഒട്ടേറെ പരാതികൾ ഇത്തവണ അസാധാരണമായി ഉയർന്നുവന്നിട്ടുണ്ട്. ഒരു മുൻ നാവികസേനാ മേധാവിതന്നെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് യു.പി മുഖ്യമന്ത്രിയോട് വിശദീകരണം തേടിയതായി തെരഞ്ഞെടുപ്പു കമ്മീഷന്റെ വിജ്ഞാപനമുണ്ടായിരുന്നു. എന്നിട്ടൊന്നും ബന്ധപ്പെട്ട രാഷ്ട്രീയ നേതാക്കളുടെ സമീപനത്തിലോ സ്വഭാവത്തിലോ കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ല. മാതൃകാ പെരുമാറ്റചട്ടം ലംഘിക്കുന്ന സംഭവങ്ങൾ പെരുകുകയാണ് - ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 
പ്രധാനമന്ത്രിക്കും ബി.ജെ.പി നേതാക്കൾക്കും സംഭവിക്കുന്ന നാക്കുപിഴയല്ല ഇത്. ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ആസൂത്രണം ചെയ്യുന്ന നടപടികളുടെ ഭാഗമാണ്.  അത് തിരിച്ചറിയാത്തതാണ് രാജ്യത്തിന്റെ സുരക്ഷിതത്വവും ഭരണഘടനയുടെ നിലനിൽപ്പും തുടർന്നും വെല്ലുവിളിക്കപ്പെടുന്നതിന്റെ യഥാർത്ഥ കാരണം.
നരേന്ദ്രമോഡിയേയും ബി.ജെ.പിയേയും വിജയിപ്പിച്ചെടുക്കാൻ നടക്കുന്ന കാലേക്കൂട്ടി തയാറാക്കിയ അജണ്ടയുടെ ഭാഗമായാണ് നമ്മുടെ സൈന്യത്തെ തെരഞ്ഞെടുപ്പിൽപ്രധാനമന്ത്രിക്കും ബി.ജെ.പിക്കുംവേണ്ടി ഉപയോഗപ്പെടുത്തുന്നത്.   
ദേശീയ സുരക്ഷാ ഉപദേശകനായി പ്രധാനമന്ത്രി  നിയമിച്ച അജിത് ഡോവലാണ് യഥാർത്ഥ ആസൂത്രകൻ.  സേനയെക്കൂടി തെരഞ്ഞെടുപ്പു പോരാട്ടത്തിന്റെ ഭാഗമാക്കി തന്ത്രപരമായ ഇടപെടലുകൾ ആവിഷ്‌ക്കരിക്കുന്നത് ഡോവലാണ്. അടുത്ത പത്തുവർഷത്തേക്കുകൂടി മോഡിതന്നെ പ്രധാനമന്ത്രിയായി തുടരണം എന്ന രാഷ്ട്രീയ അജണ്ട തെരഞ്ഞെടുപ്പിനുമുമ്പ് ഡോവൽ പരസ്യമായി മുന്നോട്ടുവെച്ചതാണ്. പ്രത്യേക സുരക്ഷാ നയ ഗ്രൂപ്പിന്റെ (എസ്.പി.ജി) അധ്യക്ഷപദവി ഡോവലിനു നൽകി.  മൂന്ന് സേനാ മേധാവികളെയും എല്ലാ ഇന്റലിജന്റ്‌സ് ഏജൻസികളെയും കയ്യാളാൻ പ്രത്യേക അധികാരവും.  കശ്മീർപ്രശ്‌നം പരിഹരിക്കാൻ മോഡിതന്നെ അധികാരത്തിൽ തിരിച്ചുവരണമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ  ഖാനെകൊണ്ട് പ്രസ്താവന ചെയ്യിക്കാൻ പോലും തന്ത്രപരബന്ധങ്ങളും സ്വാധീനവും ഡോവലിനുണ്ട്. 
അടിയന്തരാവസ്ഥയിൽപോലും ഇന്ത്യൻ സൈന്യം തീർത്തും അതിന്റെ ഭരണഘടനാ ചുമതലകളിൽ ഒതുങ്ങി രാഷ്ട്രീയ - ഭരണ നേതൃത്വത്തിൽനിന്ന് തീർത്തും വേറിട്ടു നിൽക്കുകയാണ് ചെയ്തത്.  ഇന്ദിരാഗാന്ധിയുമായി നല്ല ബന്ധമുണ്ടായിരുന്ന കശ്മീരി പണ്ഡിറ്റുകൂടിയായ ജനറൽ ടി.എൻ റെയ്‌നയായിരുന്നു അടിയന്തരാവസ്ഥയിലെ കരസേനാ മേധാവി.
കോൺഗ്രസ് ഇന്ദിരാഗാന്ധിക്ക് പിന്തുണ പ്രകടിപ്പിച്ച് ഡൽഹിയിൽ നടത്തിയ വൻ റാലിക്ക് പ്രതിരോധമന്ത്രി ബൻസിലാൽ സൈന്യത്തിന്റെ സഹായം ആവശ്യപ്പെട്ടു.പട്ടാളക്കാർ സിവിൽവേഷത്തിൽ ജനക്കൂട്ടത്തിൽ അണിചേർന്ന് റാലിയിൽ പങ്കെടുക്കുക, സൈനിക അടയാളങ്ങൾ നീക്കി വെള്ളമെത്തിക്കാൻ പട്ടാള ട്രക്കുകൾ വിട്ടുകൊടുക്കുക -  പ്രതിരോധമന്ത്രി ബൻസിലാൽ കരസേനാ മേധാവിയോട് ആവശ്യപ്പെട്ടു.  അതനുസരിക്കാൻ ജനറൽ റെയ്‌ന വിസമ്മതിച്ചു.  അടിയന്തരാവസ്ഥ നടപ്പാക്കാൻ സൈന്യം സഹായിക്കണമെന്ന ആവശ്യവും അനുവദിച്ചില്ല.  'നിങ്ങൾ എമർജൻസിയുടെ ഭാഗമല്ല.  രാഷ്ട്രീയത്തിൽനിന്ന് അകന്നുനിൽക്കുക' - എല്ലാ റാങ്കിൽപെട്ട സൈനികർക്കും പാരാ ട്രൂപ്പർമാർക്കും ജനറൽ ടി.എൻ റെയ്‌ന നൽകിയ കർശന നിർദ്ദേശം അതായിരുന്നു.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 77ലെ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ തോറ്റപ്പോൾ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കാൻ മണിക്കൂറുകൾ താമസിപ്പിച്ചു.  ആ അനിശ്ചിതത്വത്തിനിടയിലും പട്ടാള സഹായത്തോടെ അധികാരത്തിൽ തുടരാൻ കഴിയുമോ എന്ന ആലോചനകൾ റെയ്‌നയുമായി നടത്താൻ ചിലർ അടിയന്തര ശ്രമം നടത്തിയിരുന്നു. റെയ്‌ന വഴങ്ങിയില്ല.
മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ സൈന്യം രാഷ്ട്രീയത്തിൽ തലയിട്ടതിൽനിന്നു വ്യത്യസ്തമായി അടിയന്തരാവസ്ഥയിൽപോലും ഇന്ത്യൻ സൈന്യം പുലർത്തിപ്പോന്ന രാഷ്ട്രീയത്തിൽനിന്നു തീർത്തും അകന്നുനിൽക്കുന്ന സമീപനമാണ് നമ്മുടെ സേനയുടെ യശസ്സും വിശ്വാസ്യതയും രാജ്യത്തിനകത്തും പുറത്തും ഉയർത്തി വന്നത്.  അത് തിരുത്തിക്കാനുള്ള ഗൂഢ നീക്കങ്ങളാണ് സൈന്യം ചെറുക്കുന്നത്. 
    ജനപിന്തുണ നഷ്ടപ്പെട്ട മോഡി സർക്കാർ തിരിച്ചുവരവിന് സൈന്യത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള  ആസൂത്രിത ശ്രമം കഴിഞ്ഞ ഒക്‌ടോബർ മുതൽ ആരംഭിച്ചതാണ്.  ഭരണഘടനാ സ്ഥാപനങ്ങൾ ഒന്നൊന്നായി തകർത്ത് പ്രധാനമന്ത്രിയുടെയും ഭരണകക്ഷിയുടെയും നേരിട്ടുള്ള നിയന്ത്രണത്തിലാക്കാനുള്ള ശ്രമങ്ങളുടെകൂടി ഭാഗമായിരുന്നു ഇത്.  സുപ്രിംകോടതിയെപോലും വരുതിക്കു നിർത്താനുള്ള ശ്രമങ്ങൾ സുപ്രിംകോടതിതന്നെയാണ് പരാജയപ്പെടുത്തിയത്.  ശക്തമായ ഇന്ത്യ സൃഷ്ടിക്കാൻ ശക്തനായ പ്രധാനമന്ത്രി എന്ന രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് പുൽവാമ സംഭവത്തെയും ബാലാക്കോട്ട് ആക്രമണത്തെയും സൈന്യവുമായി ബന്ധപ്പെടുത്തി രാഷ്ട്രീയ അജണ്ടയാക്കിയത്.  
    അതു തിരിച്ചടിച്ചു എന്നതാണ് സൈന്യത്തിനകത്തുനിന്നും മുൻ സേനാമേധാവികൾ വഴി പുറത്തുവരുന്ന സേനയെ രാഷ്ട്രീയവത്ക്കരിക്കുന്നതിനെതിരായ അതിശക്തമായ നിലപാട്.  
തെരഞ്ഞെടുപ്പിൽ തിരിച്ചുവന്നാൽ സൈന്യത്തെയും ഭരണത്തെയും പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലാക്കുന്ന നടപടികൂടി  ഉണ്ടാകും.  ഈ അപകടത്തിന്റെ ആ വശം  സൈന്യത്തിനുപോലും ബോധ്യമായെങ്കിലും പ്രതിപക്ഷ പാർട്ടികൾ ഇനിയും ഗൗരവ രാഷ്ട്രീയ പ്രശ്‌നമായി തെരഞ്ഞെടുപ്പിൽ ഉയർത്തിയിട്ടില്ല. പ്രതിപക്ഷത്തിന്റെയും പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പിന്റെയും ഗുരുതരമായ ദൗർബല്യമാണത്.  

Latest News