Sorry, you need to enable JavaScript to visit this website.

സൗദിയിൽ പുസ്തക പ്രസിദ്ധീകരണത്തിൽ കുറവ്‌

ദമാം - കഴിഞ്ഞ വർഷം സൗദിയിലെ പ്രസാധനാലയങ്ങൾ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ പ്രസാധനാലയങ്ങൾ 2018 ൽ 1,431 പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചത്. 2016 ൽ സൗദിയിലെ പ്രസാധനാലയങ്ങൾ 10,210 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ എണ്ണത്തിൽ രണ്ടു വർഷത്തിനിടെ ഏഴിരട്ടിയിലേറെ കുറവ് രേഖപ്പെടുത്തി. 
കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് 60 പ്രസാധനാലയങ്ങളുണ്ട്. 2017 ൽ പ്രസാധനാലയങ്ങളുടെ എണ്ണം 53 ആയിരുന്നു. ആ വർഷം 5,709 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 2016 ൽ രാജ്യത്ത് 63 പ്രസാധനാലയങ്ങളാണുണ്ടായിരുന്നത്. 
വായനക്കാരുടെ സമയത്തിൽ നല്ലൊരു പങ്ക് സാമൂഹികമാധ്യമങ്ങൾ കവർന്നതാണ് സൗദിയിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ എണ്ണം കുറയുന്നതിന് കാരണമെന്ന് സൗദി പബ്ലിഷേഴ്‌സ് അസോസിയേഷൻ പ്രസിഡന്റും അറബ് പബ്ലിഷേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ അഹ്മദ് അൽഹംദാൻ പറഞ്ഞു. ആഗോള സാമ്പത്തിക പ്രതിസന്ധിയും ഇതിന് കാരണമാണ്. ആഗോള സാമ്പത്തിക പ്രതിസന്ധി പുസ്തക പ്രസിദ്ധീകരണം അടക്കം ഏറെക്കുറെ എല്ലാ മേഖലകളെയും ബാധിച്ചു. ജീവിതച്ചെലവ് ഉയർന്നതും പുസ്തക പ്രസിദ്ധീകരണ മേഖലക്ക് തിരിച്ചടിയായി. പലരെയും സംബന്ധിച്ചേടത്തോളം പുസ്തകം വാങ്ങൽ കുടുംബ ബജറ്റിന് താങ്ങാനാകാത്ത സാഹചര്യമുണ്ടാക്കി. 
ഡിജിറ്റൽ പുസ്തകങ്ങളുടെ വ്യാപനം ആഗോള തലത്തിൽ തന്നെ പേപ്പർ പുസ്തകങ്ങളുടെ എണ്ണം പകുതിയോളം കുറയുന്നതിന് കാരണമായി. പരമ്പരാഗത പേപ്പർ പുസ്തകങ്ങളെ അപേക്ഷിച്ച് ഡിജിറ്റൽ പുസ്തകങ്ങൾക്ക് വില കുറവാണ്. ഇത് ഡിജിറ്റൽ പുസ്തകങ്ങൾക്കുള്ള പ്രിയം വർധിപ്പിച്ചു. പേപ്പറുകളുടെ വില, പകർപ്പവകാശം, ബുക്‌സ്റ്റോറുകൾക്കുള്ള ഡിസ്‌കൗണ്ട് എന്നിവയെല്ലാം പേപ്പർ പുസ്തകങ്ങളുടെ വിലയുമായി ബന്ധപ്പെട്ടിരിക്കുന്നതായും അഹ്മദ് അൽഹംദാൻ പറഞ്ഞു.

 

Latest News