മോഡി വെട്ടില്‍; റഫാല്‍ കരാറിന്റെ മറവില്‍ ഫ്രാന്‍സില്‍ അനില്‍ അംബാനിക്ക് വന്‍ നികുതിയിളവ്

ന്യൂദല്‍ഹി- ഫ്രാന്‍സുമായി ഇന്ത്യ റഫാല്‍ കരാറില്‍ ഒപ്പിട്ടതിനു പിന്നാലെ ഫ്രഞ്ച് സര്‍ക്കാര്‍ അനില്‍ അംബാനിക്ക് 143.7 ദശലക്ഷം യൂറോ (11,200 കോടി രൂപ) നികുതി ഇളവ് നല്‍കിയതായി ഫ്രഞ്ച് പത്രം ല് മോന്‍ദ് റിപോര്‍ട്ട്. അനില്‍ അംബാനിയുടെ ഫ്രാന്‍സിലെ ടെലികോം കമ്പനിയായ 'റിലയന്‍സ് അറ്റ്‌ലാന്റിക് ഫ്‌ളാഗ് ഫ്രാന്‍സ്' എന്ന കമ്പനിയുടെ വന്‍ നികുതി കുടിശ്ശികയാണ് ഫ്രഞ്ച് സര്‍ക്കാര്‍ എഴുതി തള്ളിയതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. നേരത്തെ രണ്ടു തവണ എഴുതി തള്ളാന്‍ വിസമ്മതിച്ച ഫ്രഞ്ച് നികുതി വകുപ്പ് 2015 ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്രാന്‍സിലെത്തി റഫാല്‍ കരാറില്‍ ഒപ്പിട്ടതിനു പിന്നാലെയാണ് അംബാനിക്ക് നികുതി ഇളവ് നല്‍കിയത്. ഇതുത സംശയത്തിനിടയാക്കുന്നതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അംബാനിയുടെ കമ്പനി നടത്തിയ നികുതി വെട്ടിപ്പ് ഫ്രഞ്ച് അധികൃതര്‍ അന്വേഷിച്ചു വരികയായിരുന്നു. 2007 മുതല്‍ 2010 വരെ അംബാനിയുടെ കമ്പനിക്ക് 60 മില്യന്‍ യൂറോ നികുതി ഇനത്തില്‍ കുടിശ്ശികയുണ്ടായിരുന്നുവെന്ന് കണ്ടെത്തി. എന്നാല്‍ 7.6 മില്യന്‍ യുറോ നികുതി അടച്ച് തീര്‍പ്പിലെത്താന്‍ റിലയന്‍സ് ശ്രമം നടത്തിയെങ്കിലും ഫ്രഞ്ച് നികുതി വകുപ്പ് ഇത് അനുവദിച്ചില്ല. പിന്നീട് 2010 മുതല്‍ 2012 വരെയുള്ള കാലയളവിലെ നികുതി അടവുകളും ഫ്രഞ്ച് അധികൃതര്‍ അന്വേഷിച്ചു. ഇതിലും വീഴ്ച കണ്ടെത്തിയതോടെ റിലയന്‍സിന്റെ നികുതി കുടിശ്ശിക 91 മില്യന്‍ യൂറോ ആയി ഉയര്‍ന്നു. ഇളവു അനുവദിച്ച് ഒത്തു തീര്‍പ്പിലെത്താനുള്ള റിലയന്‍സിന്റെ ശ്രമങ്ങളെ തടഞ്ഞ് തുക പൂര്‍ണമായും തിരിച്ചടക്കണമെന്നായിരുന്നു ഫ്രഞ്ച് അധികൃതരുടെ നിലപാട്.

റഫാല്‍ കരാര്‍ ഒപ്പിട്ട 2015 ഏപ്രില്‍ ആയപ്പോഴേക്കും റിലയന്‍സിന്റെ നികുതി ബാധ്യത 151 മില്യന്‍ യൂറോ ആയി ഉയര്‍ന്നിരുന്നുവെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. 36 റഫാല്‍ പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഒപ്പിട്ട് ആറു മാസത്തിനു ശേഷം അനില്‍ അംബാനിയുടെ നികുതി കുടിശ്ശികയില്‍ ഫ്രഞ്ച് നകുതി വകുപ്പ് 143.7 മില്യന്‍ യുറോ എഴുതിതള്ളി. 7.3 മില്യന്‍ യുറോ നികുതി അടച്ച് റിലയന്‍സുമായി ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു. നേരത്തെ നികുതി ഇളവിനും ഒത്തു തീര്‍പ്പിനും വിസമ്മതിച്ച ഫ്രഞ്ച് അധികതര്‍ റപാല്‍ കരാറിനു ശേഷം ഒത്തു തീര്‍പ്പിനു സമ്മതിച്ചതിനു പിന്നില്‍ അഴിതമി സംശയിക്കുന്നുവെന്നാണ് റിപോര്‍ട്ട് സൂചിപ്പിക്കുന്നത്. റഫാല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ കമ്പനി ഓഫ്‌സെറ്റ് പങ്കാളിയാണെന്നതും ഈ സംശയം ബലപ്പെടുത്തുന്നു.

Latest News