ഹാജിപൂര്‍- രാമ ക്ഷേത്രം തെരഞ്ഞെടുപ്പു പ്രചാരണത്തിന് വിഷയമാക്കുന്നതിനെ ചൊല്ലി ബിഹാറിലെ ഹാജിപൂരില്‍ ബിജെപി, ജനതാദള്‍ യുനൈറ്റഡ് (ജെ.ഡി.യു) പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും തമ്മിലടിച്ചു. വെള്ളിയാഴ്ച ഇവിടെ നടന്ന എന്‍ഡിഎയുടെ സംയുക്ത യോഗത്തിനിടെയാണ് സംഭവം. തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം രാമ ക്ഷേത്രമായിരിക്കരുത് എന്ന് ജെഡിയു നേതാവ് സഞ്ജയ് വര്‍മ യോഗത്തില്‍ പറഞ്ഞതോടെ ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിക്കുകയായിരുന്നു. കസേരകളു ടേബിളുകളും മറിച്ചിട്ട സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച ബിജെപി അണികള്‍ വേദിയിലേക്ക് ഇരച്ചു കയറുകയും ചെയ്തു. ഇവരെ തടയാന്‍ ജെഡിയു പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ സംഭവം കയ്യാങ്കളിയായി മാറുകയായിരുന്നു.
ബിഹാറിലെ എന്‍ഡിഎ സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി സ്ഥാനാര്‍ത്ഥി പശുപതി കുമാര്‍ പരസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് തന്ത്രംമെനയാന്‍ വിളിച്ചു ചേര്‍ത്ത എന്‍ഡിഎ പൊതുയോഗത്തിലാണ് നാടകീയ രംഗങ്ങള്‍. സംസ്ഥാന മന്ത്രിയായ പശുപതി എല്‍ജെപി സ്ഥാപകന്‍ രാംവിലാസ് പാസ്വാന്റെ സഹോദരനാണ്.
ബിഹാറിലെ 40 സീറ്റുകളില്‍ ജെഡിയുവും ബിജെപിയും 17 സീറ്റുകളിലും എല്‍ജെപി ആറു സീറ്റിലും മത്സരിക്കുന്നു.