ഖാര്‍ത്തൂം- സുഡാനില്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിനെ സ്ഥാനഭ്രഷ്ടനാക്കിയ അട്ടിമറിക്കുശേഷം അധികാരമേറ്റ സൈനിക കൗണ്‍സിലിന്റെ തലവന്‍ രാജിവെച്ചു. പ്രതിരോധ മന്ത്രിയായിരുന്ന അവാദ് ഇബ്‌നു ഔഫ് ഔദ്യോഗിക ടി.വിയിലുടെയാണ് രാജി പ്രഖ്യാപിച്ചത്.
പിന്‍ഗാമിയായി നിയോഗിച്ച ലഫ്.ജന. അബ്ദുല്‍ ഫത്താഹ് അബ്ദുറഹ് മാന്‍ ബുര്‍ഹാന് അധികാരം കൈമാറിയിട്ടുണ്ട്. അട്ടിമറി നടത്തിയ പട്ടാള നേതാക്കള്‍ ഉമര്‍ ബഷീറിന്റെ അടുത്തയാളുകളാണെന്ന് ആരോപിച്ച് പ്രക്ഷോഭകര്‍ തെരുവുകളില്‍നിന്ന് മടങ്ങാന്‍ വിസമ്മതിച്ചതോടെയാണ് പുതിയ സംഭവവികാസം.
രണ്ടു വര്‍ഷം അധികാരത്തില്‍ തുടരുമെന്നും അതിനുശേഷം തെരഞ്ഞെടുപ്പ് നടത്തുമെന്നുമാണ് സൈന്യം പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ഡിസംബറില്‍ വിലക്കയറ്റത്തിനെതിരെ ആരംഭിച്ച സമരമാണ് വന്‍പ്രക്ഷോഭമായി വളര്‍ന്ന് മൂന്ന് പതിറ്റാണ്ട് സുഡാന്‍ ഭരിച്ച ഉമര്‍ ബഷീറിനെ താഴെയിറക്കിയത്.
ദാര്‍ഫൂര്‍ സംഘര്‍ഷവേളയില്‍ സുഡാന്‍ മിലിറ്ററി ഇന്റലിജന്‍സിന് നേതൃത്വം നല്‍കിയിരുന്ന അവാദ് ഇബ്‌നു ഔഫിനെ 2007 ല്‍ യു.എസ് കരമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
വീണ്ടും വീണുവെന്ന മുദ്രാവാക്യം മുഴക്കി ഇബ്‌നു ഔഫിന്റെ രാജി പ്രക്ഷോഭകര്‍ ആഘോഷിച്ചു. ഇദ്ദേഹത്തിന്റെ രാജി പ്രക്ഷോഭകരുടെ വിജയമാണെന്ന് പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്ന സുഡാന്‍ പ്രൊഫഷണല്‍സ് അസോസിയേഷന്‍ പറഞ്ഞു. തെരുവുകളില്‍നിന്ന് മടങ്ങണമെങ്കില്‍ സിവിലയന്‍ ഭരണം സ്ഥാപിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.
സുഡാന്‍ ജനറല്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ താരതമ്യേന നല്ല പ്രതിഛായ കാത്തുസൂക്ഷിക്കുന്നയാളാണ് പുതുതായി അധികാരമേറ്റ ബുര്‍ഹാനെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പ്രക്ഷോഭകരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ അദ്ദേഹം തയറാവുകയും ചെയ്തു. സൈന്യത്തില്‍ ആദരിക്കപ്പെടുന്ന ബുര്‍ഹാന്‍ കടുത്ത ഇസ്ലാമിസ്റ്റല്ലെന്നും പറയുന്നു.