കോമഡി താരം സ്‌റ്റേജില്‍ മരിച്ചു; തമാശയെന്നു കരുതി ജനം

ബിസെസ്റ്റര്‍- ബ്രിട്ടനിലെ പ്രശസ്ത കോമഡി താരം ഇയാന്‍ കോഗ്‌നിറ്റോ സ്‌റ്റേജില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. 60 കാരനായ താരത്തിന്റെ ഹാസ്യ പരിപാടിയില്‍ ഉള്‍പ്പെടുന്നതായിരിക്കുമെന്ന് കരുതിയ സദസ്സ് അഞ്ച് മനിറ്റോളം ചിരി തുടര്‍ന്നുവെന്ന് അവതാരകന്‍ ആന്‍ഡ്രൂ ബേഡ് പറഞ്ഞു.
ബിസെസ്റ്ററിലായിരുന്നു വേദി. സംഭവസ്ഥലത്തുതന്നെ കോഗ്‌നിറ്റോ മരിച്ചുവെന്ന് സൗത്ത് സെന്‍ട്രല്‍ ആംബുലന്‍സ് സര്‍വീസ് സ്ഥിരീകരിച്ചു. പരിപാടി തുടങ്ങുന്നതിനുമുമ്പ് കോഗ്നിറ്റോക്ക് അസ്വസ്ഥതകളൊന്നുമുണ്ടായിരുന്നില്ലെന്ന് ലോണ്‍ വൂള്‍ഫ് കോമഡ് ക്ലബ് നടത്തുന്ന ആന്‍ഡ്രൂ ബേഡ് പറഞ്ഞു. സദസ്സിലുള്ളവരെ പോലെ താനും കോഗ്നിറ്റോയുടെ തമാശയാണെന്നാണ് കരുതിയതെന്ന് സംഭവത്തിനുശേഷം ആദ്യം സ്‌റ്റേജില്‍ കയറിയ ബേഡ് പറഞ്ഞു. പരിപാടിക്കിടെ കോഗ്നിറ്റോ സ്വന്തം ആരോഗ്യനിലയെ കുറിച്ചും പറഞ്ഞിരുന്നു. ഞാന്‍ ഇവിടെ നിങ്ങളുടെ മുന്നില്‍ മരിച്ചാല്‍ എങ്ങനെയിരിക്കുമെന്ന് അദ്ദേഹം പരിപാടിക്കിടെ സദസ്സിനോട് ചോദിച്ചിരുന്നു.

 

Latest News