സകാക്ക - സൗദിയിലെ നിയമം ലംഘിച്ച് സ്വന്തം നിലക്ക് ബിസിനസ് സ്ഥാപനം നടത്തിയ കേസിൽ മൂന്നു മലയാളികളെ സകാക്ക ക്രിമിനൽ കോടതി ശിക്ഷിച്ചു. സകാക്കയിൽ ഭക്ഷ്യവസ്തുക്കളുടെ മൊത്ത, ചില്ലറ വ്യാപാര മേഖലയിൽ സ്വന്തം നിലക്ക് സ്ഥാപനം നടത്തിയ കുഞ്ഞിപാറമ്മാട്ട് നാസിർ, യൂനുസ് കാരാടൻ ഇബ്രാഹിം, അസീസ് പാവേരി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കുഞ്ഞി പാറമ്മാട്ട് നാസിറിന് ആറു മാസം തടവും മറ്റു രണ്ടു പേർക്ക് നാലു മാസം വീതം തടവുമാണ് കോടതി വിധിച്ചത്. സൗദി പൗരൻ സ്വഗീർ ബിൻ ദഹ്‌ലാൻ ബിൻ നാസിർ അൽശറാരി ആണ് ബിനാമി ബിസിനസ് സ്ഥാപനം നടത്തുന്നതിന് ഇവർക്ക് വേണ്ട ഒത്താശകൾ ചെയ്തുകൊടുത്തത്.
നിയമ ലംഘകർക്ക് കോടതി മൂന്നു ലക്ഷം റിയാൽ പിഴ ചുമത്തി. സ്ഥാപനം അടപ്പിക്കുന്നതിനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കാനും വിധിച്ചു. ഇതേ മേഖലയിൽ പുതിയ സ്ഥാപനം ആരംഭിക്കുന്നതിൽനിന്ന് സൗദി പൗരന് വിലക്കേർപ്പെടുത്തി. ശിക്ഷ പൂർത്തിയാക്കിയ ശേഷം മലയാളികളെ സൗദിയിൽ നിന്ന് നാടുകടത്തും. പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്ന് ഇവർക്ക് ആജീവനാന്ത വിലക്കുമേർപ്പെടുത്തി. നിയമ ലംഘകരുടെ പേരുവിവരങ്ങളും അവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും കുറ്റക്കാരുടെ സ്വന്തം ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യാനും ഉത്തരവിട്ടു.
വാർത്തകൾ തത്സമയം നിങ്ങളുടെ വാട്സ്ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യാം
സകാക്കയിൽ പ്രവർത്തിക്കുന്ന മൊത്ത, ചില്ലറ വ്യാപാര സ്ഥാപനം ബിനാമിയായി ഇന്ത്യക്കാർ നടത്തുന്നതാണെന്ന് സംശയിക്കുന്നതായി സൗദി പൗരന്മാരിൽ ഒരാൾ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സ്ഥാപനം ഇന്ത്യക്കാർ സ്വന്തം നിലക്ക് നടത്തുന്നതാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ കണ്ടെത്തിയിരുന്നു. ഭീമമായ തുക ബാങ്കുകളും മണിഎക്‌സ്‌ചേഞ്ചുകളും വഴി നിയമ ലംഘകർ സ്വദേശത്തേക്ക് അയച്ചതിന്റെ രേഖകളും കണ്ടെത്തിയിരുന്നു. റെയ്ഡിനിടെ നിയമ ലംഘകരുടെ പക്കൽ നിന്ന് അഞ്ചു ലക്ഷത്തിലേറെ റിയാൽ കണ്ടെടുത്തിയിരുന്നു. പ്രാഥമികാന്വേഷണം പൂർത്തിയാക്കിയ വാണിജ്യ, നിക്ഷേപ മന്ത്രാലയം നിയമ നടപടികൾക്ക് കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.
ബിനാമി ബിസിനസ് സ്ഥാപനങ്ങളെ കുറിച്ച് 1900 എന്ന നമ്പറിൽ ബന്ധപ്പെട്ടോ വാണിജ്യ, നിക്ഷേപ മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷൻ വഴിയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി വിവരം നൽകണമെന്ന് സൗദി പൗരന്മാരോടും വിദേശികളോടും മന്ത്രാലയം ആവശ്യപ്പെട്ടു. നിയമലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴയുടെ മുപ്പതു ശതമാനത്തിനു വരെ തുല്യമായ തുക ബിനാമി ബിസിനസുകളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികമായി ലഭിക്കും. ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് പത്തു ലക്ഷം റിയാൽ വരെ പിഴയും രണ്ടു വർഷം വരെ തടവു ശിക്ഷയുമാണ് ബിനാമി ബിസിനസ് വിരുദ്ധ നിയമം അനുശാസിക്കുന്നത്. ബിനാമി സ്ഥാപനങ്ങൾ നടത്തുന്ന വിദേശികൾക്കും അവർക്ക് ഒത്താശകൾ ചെയ്തുകൊടുക്കുന്ന സൗദികൾക്കും ഒരുപോലെ ശിക്ഷ ലഭിക്കും. നിയമ ലംഘകരായ വിദേശികളെ നാടുകടത്തുകയും ചെയ്യും. കുറ്റക്കാരായ സൗദി പൗരന്മാർക്ക് അതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുതിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്യും.
വ്യത്യസ്ത ബിസിനസ്, നിക്ഷേപ മേഖലകളിൽ സ്വന്തം നിലക്ക് സ്ഥാപനങ്ങൾ നടത്തുന്നതിനും ബിസിനസ് നടത്തുന്നതിനും സൗദി പൗരന്മാർക്ക് അവസരമൊരുക്കുകയും ഇതിനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കുകയും സംരഭകർക്ക് ആവശ്യമായ സഹായങ്ങളും പിന്തുണകളും നൽകുകയും വായ്പകൾ ലഭ്യമാക്കുകയും ചെയ്യുന്ന ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം, സാങ്കേതിക പോംവഴികൾ നടപ്പാക്കുന്നതിന് വ്യാപാര സ്ഥാപനങ്ങളെ നിർബന്ധിക്കുകയും ചെയ്യുന്നു. ഇതിലൂടെ ധന ഇടപാടുകൾ വ്യവസ്ഥാപിതമാക്കുന്നതിനും ദേശീയ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന നിക്ക് പണം പുറത്തേക്കൊഴുകുന്നതിന് തടയിടുന്നതിനും സാധിക്കും. ദേശീയ പരിവർത്തന പദ്ധതി 2020 ന്റെ ഭാഗമായാണ് ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം നടപ്പാക്കുന്നത്.
നിയമങ്ങൾ പരിഷ്‌കരിച്ചും നിരീക്ഷണം ശക്തമാക്കിയും ബോധവൽക്കരണം ഊർജിതമാക്കിയും പത്തു സർക്കാർ വകുപ്പുകളുടെ ശ്രമങ്ങൾ ഏകീകരിച്ചും ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു. വാണിജ്യ-നിക്ഷേപ, ആഭ്യന്തര, തൊഴിൽ-സാമൂഹിക വികസന, മുനിസിപ്പൽ-ഗ്രാമകാര്യ മന്ത്രാലയങ്ങളും ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റിയും സകാത്ത്, നികുതി അതോറിറ്റിയും സാമൂഹിക വികസന ബാങ്കും സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയും സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റിയും കോ-ഓപ്പറേറ്റീവ് സൊസൈറ്റി കൗൺസിലും ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം നടപ്പാക്കുന്നതിൽ സഹകരിക്കുന്നു. ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം നടപ്പാക്കുന്നതിന് എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കുകയും ഓരോ വകുപ്പിന്റെയും ചുമതലകൾ പ്രത്യേകം നിർണയിക്കുകയും ചെയ്തിട്ടുണ്ട്.