Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഒമ്പതു മേഖലകളിൽ ബിസിനസ് ലൈസൻസ് നടപടികൾ എളുപ്പമാക്കി

ആരോഗ്യ മേഖലയിൽ പതിനൊന്നു വിഭാഗം സ്ഥാപനങ്ങൾക്ക് തൽക്ഷണം ലൈസൻസ്

റിയാദ് - ആരോഗ്യം, ടൂറിസം, ഗതാഗതം, തപാൽ സേവനം, വിദ്യാഭ്യാസം, വ്യാപാരം, കൃഷി, ടെലികോം, മീഡിയ എന്നീ ഒമ്പതു മേഖലകളിൽ പുതിയ ബിസിനസ് സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും ലൈസൻസിനുമുള്ള നടപടികൾ ലഘൂകരിക്കുന്നതിനുള്ള  നടപടികൾ സ്വകാര്യ മേഖലയിൽ ബിസിനസ് മെച്ചപ്പെടുത്തുന്നതിനുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി (തൈസീർ) പ്രഖ്യാപിച്ചു.

പുതിയ പരിഷ്‌കരണങ്ങളെ കുറിച്ച് വിവിധ നഗരങ്ങളിലെയും പ്രവിശ്യകളിലെയും ചേംബർ ഓഫ് കൊമേഴ്‌സുകളെ ബോധവൽക്കരിക്കണമെന്നും പുതിയ ലൈസൻസ് നടപടികൾ പരീക്ഷിച്ചുനോക്കുന്നതിന് പ്രോത്സാഹിപ്പിക്കണമെന്നും സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സ് പ്രസിഡന്റിന് അയച്ച കത്തിൽ തൈസീർ പ്രസിഡന്റ് കൂടിയായ വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി ആവശ്യപ്പെട്ടു. പുതിയ പരിഷ്‌കാരങ്ങളിൽ വ്യവസായികളും ചേംബർ ഓഫ് കൊമേഴ്‌സുകളും എത്രമാത്രം സംതൃപ്തരാണെന്ന കാര്യം അറിയിച്ചും പോരായ്മകളുണ്ടെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടിയും സമഗ്ര റിപ്പോർട്ട് തയാറാക്കി മുപ്പതു ദിവസത്തിനകം സമർപ്പിക്കണമെന്നും സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സിനോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. 


സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകൾക്കു കീഴിലെ നഴ്‌സറി, എലിമെന്ററി, ഇന്റർമീഡിയറ്റ്, സെക്കണ്ടറി തലങ്ങൾക്കെല്ലാം ഒറ്റ ലൈസൻസ് അനുവദിച്ച് വിദ്യാഭ്യാസ മേഖലയിൽ ലൈസൻസുകൾ ലയിപ്പിച്ചിട്ടുണ്ട്. തൊഴിൽ പരിശീലന സ്ഥാപനങ്ങൾക്കുള്ള ബാങ്ക് ഗ്യാരണ്ടി വ്യവസ്ഥ റദ്ദാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപം നടത്തുന്നതിന് വിദേശ നിക്ഷേപകർക്ക് ബാധകമാക്കിയ പരിചയസമ്പത്ത് അഞ്ചു വർഷത്തിൽ നിന്ന് ഒരു കൊല്ലമായി കുറച്ചിട്ടുമുണ്ട്. 
ട്രാവൽ ഏജൻസികൾ, ടൂർ ഓപ്പറേറ്റർമാർ, ഗതാഗത സംവിധാനങ്ങൾ-ഹോട്ടൽ-റെസ്റ്റോറന്റ്-റെന്റ് എ കാർ ബുക്കിംഗ് ഓഫീസുകൾ, ടൈം ഷെയർ യൂനിറ്റുകൾ എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ടൂറിസം സൊസൈറ്റികളിൽ ചേരണമെന്ന വ്യവസ്ഥയും റദ്ദാക്കിയിട്ടുണ്ട്. ട്രാവൽ ഏജൻസികൾ അയാട്ടയിൽ ചേർന്നിരിക്കണമെന്ന വ്യവസ്ഥയും എടുത്തുകളഞ്ഞിട്ടുണ്ട്. 
പൗൾട്രി ഫാമുകളുമായി ബന്ധപ്പെട്ട പരിസ്ഥിതി പഠന വ്യവസ്ഥ ബാധകമായ ഫാമുകളിലെ കോഴികളുടെ മിനിമം എണ്ണം ഇരുപതിനായിത്തിൽ നിന്ന് മൂന്നു ലക്ഷമായി ഉയർത്തിയിട്ടുണ്ട്. നിക്ഷേപകർ മുന്നോട്ടുവരുന്നതിനു മുമ്പായി തന്നെ സമുദ്രജല മത്സ്യ കൃഷിക്കുള്ള സ്ഥലങ്ങൾ അതിർത്തി സുരക്ഷാ സേനയുമായി സഹകരിച്ച് മുൻകൂട്ടി അംഗീകരിക്കുന്നതിനും തീരുമാനമുണ്ട്. കാർഷിക കേന്ദ്രങ്ങളും മേഖലകളും ഇതേ പോലെ മുൻകൂട്ടി അംഗീകരിക്കും. കാർഷിക മേഖലാ പദ്ധതികൾക്ക് പരിസ്ഥിതി-ജല-കൃഷി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ലൈസൻസ് നടപടികൾ എളുപ്പമാക്കിയിട്ടുണ്ട്. 
ഓഡിയോവിഷ്വൽ മീഡിയ ഉള്ളടക്കങ്ങളുടെ ഇറക്കുമതി, സിനിമ, വീഡിയോ, ടി.വി പ്രോഗ്രാം ഇറക്കുമതി, വിതരണം, ഓഡിയോവിഷ്വൽ മീഡിയ ഉള്ളടക്കങ്ങളുടെ നിർമാണം, പ്രൊഡക്ഷൻ സ്റ്റുഡിയോ പ്രവർത്തിപ്പിക്കൽ, അഡ്വർട്ടൈസിംഗ് ഓഫീസ്, പരസ്യ ഏജൻസികൾ, മാർക്കറ്റിംഗ് ഓഫീസുകൾ, മീഡിയ ഉള്ളടക്കം സ്വീകരിക്കുന്ന റിസീവറുകളുടെ ഇറക്കുമതി, വിൽപന, വിതരണം, സിനിമാ തിയേറ്റർ പ്രവർത്തിപ്പിക്കൽ, താൽക്കാലിക തിയേറ്റർ പ്രവർത്തിപ്പിക്കൽ, കംപ്യൂട്ടർ പ്രോഗ്രാമുകൾ കോപ്പി ചെയ്യൽ, പുസ്തകങ്ങളുടെയും മാസികകളുടെയും പത്രങ്ങളുടെയും പഠന സഹായികളുടെയും മൊത്ത വിൽപന, പ്രോഗ്രാമുകളുടെ മൊത്ത വിൽപന, ചില്ലറ വിൽപന, പഴയ പുസ്തകങ്ങളുടെ ചില്ലറ വിൽപന, പുസ്തകങ്ങൾ, ഡിക്ഷനറികൾ, മാപ്പുകൾ എന്നിവയുടെ വിൽപന, ഡയറക്ടറികളുടെയും തപാൽ വിലാസങ്ങളുടെയും പ്രസിദ്ധീകരണം, പത്രങ്ങളുടെയും മാസികകളുടെയും ആനുകാലികങ്ങളുടെയും പ്രസിദ്ധീകരണം, പ്രോഗ്രാം ഡിസൈനിംഗ്, പത്ര സേവനങ്ങൾ, പരസ്യ സ്ഥാപനങ്ങൾ, കാലിഗ്രാഫി, പെയിന്റിംഗ് സ്ഥാപനങ്ങൾ എന്നിവക്കുള്ള ലൈസൻസിന് മുൻകൂട്ടി സ്ഥലം ഉറപ്പുവരുത്തിയിരിക്കണമെന്ന വ്യവസ്ഥ റദ്ദാക്കിയിട്ടുണ്ട്. 
ജ്വല്ലറി മേഖലയിൽ പ്രവർത്തിക്കുന്നതിനുള്ള ലൈസൻസിന് നല്ല നടപ്പിനുള്ള സാക്ഷ്യപത്രം ഹാജരാക്കണമെന്ന വ്യവസ്ഥയും എടുത്തുകളഞ്ഞിട്ടുണ്ട്. അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു മുമ്പായി ലാബുകൾക്ക് പ്രവർത്തിക്കാവുന്ന കാലം ഒരു വർഷമായി ഉയർത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയിൽ അപകട സാധ്യത കുറഞ്ഞ പതിനൊന്നു വിഭാഗം സ്ഥാപനങ്ങൾക്ക് തൽക്ഷണം ലൈസൻസ് നൽകുന്നതിനും തീരുമാനമുണ്ട്. മെഡിക്കൽ റിഹാബിലിറ്റേഷൻ സെന്റർ, സംസാര വൈകല്യങ്ങൾക്കുള്ള ചികിത്സാ കേന്ദ്രം, പാദ-കണങ്കാൽ പരിരചണ കേന്ദ്രം, കൃത്രിമ അവയവ കേന്ദ്രം, ന്യൂട്രീഷൻ സെന്റർ, ഫംഗ്ഷനൽ ട്രീറ്റ്‌മെന്റ് സെന്റർ, ഫിസിയോ തെറാപ്പി സെന്റർ, ശ്രവണ ചികിക്താ കേന്ദ്രം, കൃത്രിമ സഹായികൾ നിർമിക്കുന്ന ലാബുകൾ, ഫാർമസികൾ-മരുന്ന് ഗോഡൗണുകൾ എന്നിവക്കാണ് തൽക്ഷണം ലൈസൻസുകൾ അനുവദിക്കുക. 
ആരോഗ്യ മേഖലാ സ്ഥാപനങ്ങളിലേക്ക് വിദേശങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിസ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളും ലഘൂകരിച്ചിട്ടുണ്ട്. ഇതു പ്രകാരം വിസകൾക്ക് മാനവശേഷി വികസന നിധിയുടെ അനുമതി വേണമെന്ന വ്യവസ്ഥ റദ്ദാക്കിയിട്ടുണ്ട്. പകരം വിസാ അപേക്ഷകർ സൗദി ജീവനക്കാരെ തേടി നാഷണൽ ലേബർ ഗേറ്റ്‌വേയിൽ (താഖാത്ത്) പരസ്യം ചെയ്താൽ മാത്രം മതിയാകും. വിസാ അപേക്ഷകൾ സമർപ്പിക്കുന്നതിനു മുമ്പായി ഒഴിവുള്ള തസ്തികകളിൽ നിയമിക്കുന്നതിന് യോഗ്യരായ സൗദികളെ തേടി താഖാത്ത് പോർട്ടലിൽ 14 മുതൽ 45 ദിവസം വരെ സ്വകാര്യ സ്ഥാപനങ്ങൾ പരസ്യം ചെയ്തിരിക്കണമെന്ന വ്യവസ്ഥയും ആരോഗ്യ മേഖലാ സ്ഥാപനങ്ങൾക്ക് ബാധകമായിരിക്കില്ല. താഖാത്ത് പോർട്ടലിൽ പരസ്യം ചെയ്താൽ തന്നെ വിസാ വ്യവസ്ഥ പൂർത്തിയായതായി പരിഗണിക്കും. 
ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് അന്തിമ ലൈസൻസ് ലഭിക്കുന്നതു വരെയുള്ള കാലത്ത് ആരോഗ്യ സ്ഥാപനങ്ങളെ സൗദിവൽക്കരണ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അപകട സാധ്യത കുറഞ്ഞ ആരോഗ്യ സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തുന്നത് അന്തിമ ലൈസൻസ് ലഭിക്കുന്നതു വരെ നീട്ടിവെച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന സമ്മതപത്രം നിർണയിക്കുന്ന അത്രയും വിസകൾ ആരോഗ്യ മേഖലാ നിക്ഷേപകർക്ക് അനുവദിക്കുകയും ചെയ്യും. സമ്മത പത്രത്തിൽ നിർണയിക്കുന്ന വിസാ എണ്ണത്തിൽ വെട്ടിക്കുറക്കൽ വരുത്തില്ല. രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും സാധുതയുള്ള ഒറ്റ ലൈസൻസ് അനുവദിക്കുന്നതിന് ആവശ്യമായ നിയമ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. ഗതാഗത മേഖലയിലെ മൂന്നു വിഭാഗം മേഖലകളിൽ പ്രവർത്തിക്കുന്നതിനുള്ള ലൈസൻസിന് ട്രാഫിക് പോലീസിന്റെ അനുമതി നേടിയിരിക്കണമെന്ന വ്യവസ്ഥയും റദ്ദാക്കിയിട്ടുണ്ട്. മുഴുവൻ താഗത മേഖലാ സ്ഥാപനങ്ങളുടെ ലൈസൻസ് നടപടികൾ ഗതാഗത മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി പൂർത്തിയാക്കും. 
ടെലികോം മേഖലയിൽ വിസാറ്റ് ടെലികോം സേവനം, ജി.എം.ബി.എസ്.സി ടെലികോം സേവനം, ഇന്റർനെറ്റ് സേവനം, ഓട്ടോമാറ്റിക് വാഹന മാനേജ്‌മെന്റ് സേവനം (എ.വി.എൽ), കോൾ സെന്റർ സേവനം, ടെലികോം-ഐ.ടി നെറ്റ്‌വർക്ക് മാനേജ്‌മെന്റ് സേവനം, സൗദി വ്യോമമേഖലയിൽ വിമാനങ്ങളിലെ ഇന്റർനെറ്റ് സേവനം, സൗദി വ്യോമമേഖലയിൽ വിമാനങ്ങളിൽ മൊബൈൽ ഫോൺ സേവനം, കമ്മ്യൂണിക്കേഷൻസ് ഫേസിലിറ്റീസ് സർവീസ്, ബ്രോഡ്ബാന്റ് സാറ്റലൈറ്റ് സേവനം, ടെലികോം മേഖലയിലെ പശ്ചാത്തല സൗകര്യങ്ങളുടെ മൊത്ത വിൽപന എന്നീ സേവനങ്ങൾക്ക് ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കിയിട്ടുണ്ട്. 
തപാൽ മേഖലയിൽ വിദേശ നിക്ഷേപം അനുവദിക്കാനും തീരുമാനമുണ്ട്. തപാൽ സേവന മേഖലയിൽ പ്രവർത്തിക്കുന്നതിന് അമ്പതു ലക്ഷം റിയാലിന്റെ മൂലധനം വേണമെന്ന വ്യവസ്ഥയും മൂലധനത്തിന്റെ പത്തു ശതമാനം ബാങ്ക് ഗ്യാരണ്ടിയായി കെട്ടിവെക്കണമെന്ന വ്യവസ്ഥയും റദ്ദാക്കിയിട്ടുണ്ട്. ആഗോള കമ്പനികൾക്കുള്ള ഫ്രാഞ്ചൈസി വ്യവസ്ഥയും റദ്ദാക്കിയിട്ടുണ്ട്. തപാൽ സേവന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളിലെ മാനേജർ സൗദി പൗരനായിരിക്കണമെന്ന വ്യവസ്ഥയും എടുത്തുകളഞ്ഞിട്ടുണ്ട്. പാർസൽ നീക്കം ചെയ്യുന്നതിനുള്ള ലൈസൻസ്, പാർട്ണർമാരും മാനേജർമാരും മുതിർന്ന ജീവനക്കാരും അടക്കം അമ്പതു പേരുടെ അറ്റസ്റ്റ് ചെയ്ത ഗുഡ് കോണ്ടക്ട് സർട്ടിഫിക്കറ്റ് ഹാജരാക്കൽ എന്നിവ അടക്കം തപാൽ സേവന മേഖലയിൽ ലൈസൻസിനുള്ള അനിവാര്യമല്ലാത്ത ചില വ്യവസ്ഥകളും റദ്ദാക്കിയിട്ടുണ്ട്. തപാൽ സേവന സ്ഥാപനങ്ങളിൽ പരിശോധന നടത്തൽ അന്തിമ ലൈസൻസ് ലഭിക്കുന്നതു വരെ നീട്ടിവെക്കുന്നതിനും തീരുമാനമുണ്ട്. 

Latest News