കോഴിക്കോട്- ജനത്തിന്റെ വിശ്വാസ കാര്യങ്ങൾക്ക് ഭരണഘടനയുടെ സുരക്ഷ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. കോഴിക്കോട്ട് തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ത്രിപുരപോലെ കേരളം ബി.ജെ.പി പിടിച്ചെടുക്കുമെന്ന് മോഡി പറഞ്ഞു. കോൺഗ്രസും ഇടതുപക്ഷവും അഴിമതിക്കാരാണ്. ഇരുവർക്കുമുള്ള ബദൽ രാഷ്ട്രീയമാണ് ബി.ജെ.പി മുന്നോട്ടു വെക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്ന നയമാണ് ബി.ജെ.പിയുടേത്.
കേരളത്തിലെ സർക്കാറിൽനിന്ന് അഴിമതി മൂലം കുറേ മന്ത്രിമാർ ഇതിനകം രാജിവെച്ചു. യു.ഡി.എഫിന്റേത് അഴിമതിയുടെ നിഘണ്ടുവാണ്. ഇരുമുന്നണികളും വ്യവസായത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്നതിന്റെ തെളിവാണ് മാവൂർ ഗ്രാസിമും കോമൺവെൽത്ത് ഫാക്ടറിയും.
മധ്യപ്രദേശിൽനിന്ന് വലിയ തുക പിടിച്ചെടുത്തിരിക്കുകയാണ്. അവിടെ ഭരണത്തിലേറിയ പാർട്ടി സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനുള്ള ഫണ്ടിൽനിന്ന് അഴിമതി നടത്തിയ തുകയാണിത്. ശാന്തിയുടെയും സമാധാനത്തിന്റെയും നാടായ കേരളത്തെ ഇടതു കോൺഗ്രസ് മുന്നണികൾ അക്രമ രാഷ്ട്രീയത്തിന്റെ ഭൂമിയാക്കുകയാണ്. ഉദാര ചിന്താഗതിക്കാരെന്ന് പറയുന്നവർ ഈ അക്രമ രാഷ്ട്രീയത്തെക്കുറിച്ച് മൗനം പാലിക്കുന്നതെന്താണ്?
ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്ന ഉദാരമതികൾ പക്ഷേ ജനത്തിന്റെ വിശ്വാസാചാരങ്ങളെ അവഹേളിക്കുന്നു. പാരമ്പര്യ വിശ്വാസങ്ങളെ തകർക്കാനാണ് യു.ഡി.എഫും എൽ.ഡി.എഫും ശ്രമിക്കുന്നത്. എന്നാൽ ബി.ജെ.പിയുള്ളിടത്തോളം അത് അനുവദിക്കില്ല. ആയിരകണക്കിന് വർഷങ്ങളുടെ പാരമ്പര്യം തകർക്കാൻ വിദേശ ശക്തികൾ ശ്രമിച്ചിട്ടും നടന്നിട്ടില്ല. വിശ്വാസത്തിന്റെ പേരിൽ ഭക്തരുടെ രക്തം ചിന്താൻ അനുവദിച്ചുകൂടാ. സുപ്രീംകോടതിയുടെ മുമ്പിൽ കാര്യങ്ങൾ അവതരിപ്പിക്കാനും വിശ്വാസ സംരക്ഷണത്തിന് ഭരണഘടനയുടെ പിന്തുണ നേടാനും പ്രതിജ്ഞാബദ്ധമാണ്.
ഐസ്‌ക്രീം, സോളാർ കേസുകാർ എങ്ങനെയാണ് സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുക. വോട്ട് ബാങ്കിന്റെ രാഷ്ട്രീയമാണ് യു.ഡി.എഫിന്റേയും എൽ.ഡി.എഫിന്റേതുമെങ്കിൽ ബി.ജെ.പി ഒരു തരത്തിലുള്ള വിവേചനവും സമ്മതിക്കില്ല.
ഇന്നത്തെ പ്രതിപക്ഷം അധികാരത്തിലിരുമ്പോൾ രാജ്യസുരക്ഷക്ക് വേണ്ടി ഒന്നും ചെയ്തില്ല. ഇപ്പോഴാകട്ടെ നമ്മുടെ സേനകളെ അവഹേളിക്കുകയാണ്. ഈ പ്രതിപക്ഷ നേതാക്കളെല്ലാം പാകിസ്ഥാനിലെ ഹീറോകളാണ്. ഇവരുടെ പ്രസംഗങ്ങളാണ് അവിടെ കൊണ്ടു നടക്കുന്നത്.
നികുതി വെട്ടിപ്പുകേസിൽ ജാമ്യത്തിലിറങ്ങിയ ചിലർ ഇവിടേക്ക് വരുന്നുണ്ട്. അവരോട് നിങ്ങൾ ചോദിക്കണം ഇതുവരെ പ്രതിനിധീകരിച്ച മണ്ഡലത്തിൽ എന്തു ചെയ്തുവെന്ന്- അദ്ദേഹം പറഞ്ഞു. പി.എസ്. ശ്രീധരൻപിള്ള ആമുഖ പ്രസംഗം നടത്തി. കാസർകോട് മുതൽ പൊന്നാനി വരെയുള്ള സ്ഥാനാർഥികളും പ്രവർത്തകരുമാണ് റാലിയിൽ പങ്കെടുത്തത്. നിശ്ചയിച്ചതിലും രണ്ട് മണിക്കൂർ വൈകിയെത്തിയ മോഡി ഒരു മണിക്കൂർ ഇംഗ്ലീഷിലും ഹിന്ദിയിലുമായി പ്രസംഗിച്ചു. ചേറ്റൂർ ബാലകൃഷ്ണൻ അധ്യക്ഷനായി.






