നിഷ പാലായില്‍ സ്ഥാനാര്‍ഥിയായേക്കും

കോട്ടയം: മാണി പോയതോടെ നാഥനില്ലാത്ത അവസ്ഥയിലായ കേരള കോണ്‍ഗ്രസ്സിനെ പിളര്‍ത്താനും കൂടെ നിര്‍ത്താനും അണിയറയില്‍ നീക്കങ്ങള്‍ ശക്തം. മാണി വഹിച്ചിരുന്ന ചെയര്‍മാന്‍, നിയമസഭ കക്ഷി നേതാവ്, പാലാ സീറ്റ് എന്നിവയിലേക്കാണ് പകരക്കാരനെ കണ്ടത്തേണ്ടത്. ഇതില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലാ നിയമസഭ മണ്ഡലത്തില്‍ നിഷ ജോസ്.കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.
നേരത്തെ കോട്ടയം ലോകസഭ സീറ്റിലേക്ക് മാണിയുടെ ഈ മരുമകളുടെ പേര് സജീവമായിരുന്നെങ്കിലും പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പിനെ തുടര്‍ന്ന് നിഷ തന്നെ പിന്‍മാറുകയായിരുന്നു. പി.ജെ. ജോസഫ് അവസാന നിമിഷം വരെ കോട്ടയം സീറ്റിനു വേണ്ടി ലക്ഷ്യമിട്ടെങ്കിലും അത് അംഗീകരിക്കാന്‍ മാണി വിഭാഗം തയ്യാറായിരുന്നില്ല. ഒടുവിലാണ് തോമസ് ചാഴിക്കാടന് നറുക്ക് വീണിരുന്നത്.
പാലായിലും കോട്ടയത്തും പൊതു രംഗത്ത് സജീവ സാന്നിധ്യമായ നിഷ ജോസിനെ ഉപതിരഞ്ഞെടുപ്പില്‍ പാലയില്‍ നിന്നും മത്സരിപ്പിക്കണമെന്ന ആഗ്രഹമാണ് മാണിവിഭാഗത്തിലെ ഒരു വിഭാഗത്തിനുള്ളത്. എന്നാല്‍ നിഷ ജോസിനെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള ജോസഫ് വിഭാഗം പകരം മാണി വഹിച്ചിരുന്ന പാര്‍ട്ടി ചെയര്‍മാന്‍ പദവി ജോസഫിന് നല്‍കണമെന്ന നിലപാടിലാണ്. നിലവില്‍ വര്‍ക്കിങ് ചെയര്‍മാനായ ജോസഫിന് അതിനുള്ള അര്‍ഹത ഉണ്ടെന്നാണ് ഈ വിഭാഗത്തിന്റെ വാദം. എന്നാല്‍ പാര്‍ട്ടി ചെയര്‍മാനായി ജോസ്.കെ മാണി ഉടന്‍ തന്നെ നിയമിതനാകുമെന്നും മറ്റൊരു പേരും പരിഗണിക്കുന്ന പ്രശ്‌നമില്ലന്നും മറു വിഭാഗവും വാദിക്കുന്നു.


 

Latest News