മായാവതി വ്യാഴാഴ്ച കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നു തിരിച്ചു പോയി. ഒരൊറ്റ തെരഞ്ഞെടുപ്പ് യോഗമേ ഉണ്ടായിരുന്നുള്ളൂ- തിരുവനന്തപുരം പൂജപ്പുര മൈതാനിയിൽ. എല്ലാം രാജകീയമായിരുന്നു. മോഡിയൊക്കെ വരുന്നതുപോലെ പ്രത്യേക വിമാനത്തിൽ തന്നെയാണ് എത്തിയത്. വേദിയിലെത്തുമ്പോഴേക്കും സദസ് മുദ്രാവാക്യ മുഖരിതം. വ്യവസ്ഥാപിതമായിരുന്നു ചടങ്ങുകളെല്ലാം. കേരള ഘടകം പ്രസിഡന്റ് ജെ. സുധാകരന്റെ ഐ.എ.എസ് ടച്ച് യോഗ സംഘാടനത്തിലുടനീളമുണ്ടായിരുന്നു- മായാവതിക്ക് മാത്രം പ്രാധാന്യമുള്ള ചടങ്ങ്.
വേദിക്കടുത്ത് തന്നെ പൂർണസജ്ജമായ വിശ്രമമുറി ഒരുക്കിയിരുന്നു. എ.സി അടക്കം എല്ലാ സൗകര്യങ്ങളുമായി. വി.വി.ഐ.പികൾ വരുമ്പോൾ ഒരുക്കുന്ന സംവിധാനങ്ങൾക്ക് തുല്യം. കേരളത്തിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികളെയും വേദിയിൽ പരിചയപ്പെടുത്തി. സമയം അൽപംപോലും വെറുതെ കളയാനില്ലാത്തതിനാൽ എല്ലാ കാര്യങ്ങളും അതിവേഗമായിരുന്നു. സ്വാഗത പ്രസംഗംപോലും ചുരുക്കം വാക്കുകളിൽ. വേദിയിലും സദസ്സിലുമുള്ള ആളുകളുടെ പേരെടുത്ത് പറഞ്ഞുള്ള സമയം കൊല്ലലൊന്നുമില്ല. എല്ലാം മായാവതിയിൽ മാത്രമൊതുങ്ങി. ജയലളിതയുടെ യോഗങ്ങളുടെ രീതി തന്നെ. അനുഗ്രഹം തേടലൊക്കെയായി പതിവ് മട്ട്. കൻഷിറാം ശിഷ്യ എല്ലാം ആസ്വദിച്ചു, ഭാവമാറ്റമില്ലാതെ പ്രൗഢ വേദിയിൽ.
എഴുതി തയാറാക്കി കൊണ്ടുവന്ന പ്രസംഗത്തിൽ കോൺഗ്രസിനെയും ബി.ജെ.പിയെയും ഒരുപോലെ വിമർശിച്ചു. കേരള സർക്കാരിനെയും സി.പി.എമ്മിനെയും കൂടുതലായൊന്നും പറഞ്ഞില്ല. പക്ഷെ ഒരു സുപ്രധാന വിഷയം പറയാതെയും പോയില്ല- കേരളത്തിലെ ദളിത് ക്രിസ്ത്യാനികളുടെ അവസ്ഥ ദയനീയമാണെന്നതാണ് കേരളവുമായി ബന്ധപ്പെട്ട അവരുടെ പ്രധാന വിമർശം. അവർക്ക് പിന്നോക്ക വിഭാഗങ്ങൾക്ക് ലഭിക്കുന്ന സംവരണം ലഭ്യമാക്കണമെന്ന ആവശ്യത്തിൽ ബി.എസ്.പി സമരം സംഘടിപ്പിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുഖം തിരിച്ചതായി മായാവതി കുറ്റപ്പെടുത്തി. സച്ചാർ കമ്മിറ്റി ശുപാർശകൾ നടപ്പാക്കുന്ന കാര്യത്തിലും സർക്കാർ താൽപര്യമെടുത്തില്ല. ഇതുവഴി നഷ്ടമുണ്ടായത് മുസ്‌ലിം സമൂഹത്തിനാണ്. കോൺഗ്രസോ, ബി.ജെ.പിയോ അധികാരത്തിലെത്തിയാൽ ഇതൊന്നും നടക്കാൻ പോകുന്നില്ല. ചെറിയ കക്ഷികൾ ചേർന്നുള്ള സർക്കാരിനെ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുകയുള്ളൂവെന്നും ഇന്ത്യൻ പ്രധാനമന്ത്രി പദം ആഗ്രഹിക്കുന്ന ദളിത് നേതാവിന്റെ വാക്കുകൾ.
ബി.എസ്.പിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയാൽ തുല്യതയും സാമൂഹ്യ നീതിയും ഉറപ്പു വരുത്തും- 2014 ലെ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽപ്പോലും ജയിക്കാനാകാത്ത മായാവതിയുടെ പാർട്ടി ഇത്തവണ വീണ്ടും പ്രതീക്ഷയിൽ തന്നെയാണ്. മായാവതി കേരളത്തിൽ വരുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ സി.പി.എം സൈബർ ഇടത്തിലെ സംശയം ഇങ്ങിനെയായിരുന്നു.
'ബി.എസ്.പി നേതാവ് മായാവതി ഇന്ന് കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നു.
സംസ്ഥാനത്തെ ബി.എസ്.പിയും മറ്റു ദളിത് സംഘടനകളും ലോക്‌സഭ തെരഞ്ഞെടുപ്പു രംഗത്ത് എന്തുപങ്കാണ്‌വഹിക്കുന്നത്? പുന്നല ശ്രീകുമാറിന്റെസംഘടനയുടെ പിൻബലം ഇടതുപക്ഷത്തിനു എത്രമാത്രം സഹായകരമാകും?
കേരളത്തിലെ മാധ്യമങ്ങളിൽ ഇത്തരംഒരു ആലോചനയും കാണുന്നില്ല. വസ്തുതകളും ഉൾക്കാഴ്ചകളും ഉളള കൂട്ടുകാർ ഇവിടെ ദയവായി പങ്കുവെക്കാമോ'-ഇതായിരുന്നു സി.പി.എം പക്ഷത്ത്‌നിന്ന് രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന എൻ. മാധവൻകുട്ടിയുടെ ലളിത ചോദ്യം.
യഥാർഥത്തിൽ അങ്ങനെയൊരു ചോദ്യം ദളിതുകളുമായി ബന്ധപ്പെട്ട് ചോദിക്കാൻ സി.പി.എമ്മിനും കമ്യൂണിസ്റ്റ് പാർട്ടികൾക്കും എന്തവകാശം എന്നാണ് ദളിത് ചിന്തകരിൽ ചിലരുടെയെങ്കിലും വിമർശം. ഇന്ത്യയിലെ അധഃസ്ഥിത വിഭാഗത്തെ ദളിത് എന്ന പേര് വിളിക്കാൻ പഠിപ്പിച്ചത് പോലും കമ്യൂണിസ്റ്റുകാരും, അവരുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളുമല്ലെന്ന കാര്യം ഉൾപ്പെടെ ഇപ്പോൾ നവ മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. യഥാർഥത്തിൽ ദളിത് വോയ്‌സും, വി.ടി. രാജശേഖരനുമൊക്കെയാണ് ആ പേര് സുപരിചിതമാക്കിയത്. വി.ടി. രാജശേഖരന് ഒരു ബറ്റാലിയൻ തന്നെ കേരളത്തിലുണ്ടായിരുന്നു. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും ചെറിയ പത്രങ്ങളും ദളിത് എന്ന പദം ഉപയോഗിച്ച് തുടങ്ങിയതുപോലും കാലമെത്രയോ കഴിഞ്ഞാണ്. പത്രസമ്മേളനങ്ങളും അവിടെ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളും പ്രധാന വാർത്താ വിനിമയ മാർഗമായിരുന്ന അക്കാലത്ത് ആദിവാസികളും പട്ടിക വർഗം അടക്കമുള്ള ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലും എഴുത്തിലും ഇന്ന് നിലവിലില്ലാത്ത 'ഹരിജൻ ' എന്ന വാക്കായിരുന്നു പത്രങ്ങളും, പത്രക്കാരും ഉപയോഗിച്ചിരുന്നത്. അവിടേക്ക് 'ദളിത്' എന്ന പുതിയ സമര വാക്ക് പത്രസമ്മേളന ചോദ്യങ്ങളായും, എഴുത്തായും ചില പത്രപ്രവർത്തകരെങ്കിലും ദൗത്യ ബോധത്തോടെ അന്ന് പരിചയപ്പെടുത്തി. പിന്നെ, പിന്നെ ദളിത് പൊതുപേരായി മാറി. പത്രങ്ങളും അതുപയോഗിച്ചു തുടങ്ങി.
പുന്നലയില്ലെ പിന്നെന്തിന് മായാവതി? എന്ന സംശയത്തിന് കാരണവും കേരളത്തിലെ സി.പി.എം, ദളിത് രാഷ്ട്രീയം ഏറ്റെടുക്കുന്നതിൽ വന്ന കാലതാമസം തന്നെ. സി.പി.ഐ പൊതുവെ അങ്ങനെയായിരുന്നില്ല. പുതിയ സാഹചര്യത്തിൽ പക്ഷെ അവർക്ക് ഇടതുപക്ഷ ഐക്യം എന്ന പ്യൂപ്പ വിട്ട് പുറത്ത് വരാൻ കഴിയാത്ത സ്ഥിതിയുമായി. പ്രമുഖ ദളിത് ചിന്തകൻ കെ.കെ.ബാബു രാജും മറ്റൊരു കമ്യൂണിസ്റ്റ് സഹചാരിയും തമ്മിൽ നടന്ന ഫേസ്ബുക്ക് പോരിന് ബാബു രാജ് നൽകിയ മറുപടിയിലെ ചില വരികൾ കാണുക. മായാവതി കേരളത്തിൽ വന്ന് പോയ ദിവസമായിരുന്നു ഈ വാക്‌പോര് എന്നത് യാദൃഛികതയായി. 'ഏതു കീഴാള വിമർശം ഉണ്ടായാലും മായാവതിയുടെ അപരാധം' ഓർമപ്പെടുത്തുക എന്നത് കേരളത്തിലെ ലിബറലുകൾ മുതൽ അതിവിപ്ലവകാരികൾ വരെയുള്ളവരുടെ നാട്ടുനടപ്പാണ്.എസ്.എ ഡാങ്കേ മുതൽ സാമ്പത്തിക സംവരണം നടപ്പിലാക്കിയ മഹാപുരുഷനെ പറ്റിവരെ അങ്ങോട്ട് തിരിച്ചുപറയാനും കഴിയും എന്നാണ് അവരെ ഓർമിപ്പിക്കാനുള്ളത്.
ഫാസിസം പടിവാതിൽക്കൽ എത്തിയിരിക്കുകയാണല്ലോ? എന്താ സോഷ്യലിസ്റ്റ് ബദൽ എന്ന ഒറ്റമൂലിയെപ്പറ്റി ആരും ഒന്നും മിണ്ടാത്തത്? ലാലുപ്രസാദ് യാദവും മായാവതിയും അഖിലേഷ് യാദവും മമത ബാനർജിയും മറ്റും സ്വത്വവാദികൾ ആണോ എന്നറിയില്ല. അവർക്ക് പറ്റുന്ന രീതിയിൽ ഫാസിസത്തെ എതിർക്കുന്നുണ്ട്. എന്നാൽ ഫാസിസ്റ്റ് വിരുദ്ധതയെ പറ്റിപറയാൻ ഇടതുപക്ഷ നാവുതന്നെ വേണമെന്നു ശഠിക്കുന്നവർ എന്തുകൊണ്ടാണ് സോഷ്യലിസ്റ്റ് ബദൽ ഉപേക്ഷിച്ചു കൾട്ടുകളിലേക്കു മടങ്ങിയത്?