Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്വപ്‌നവിജയം തേടി യു.ഡി.എഫ്, അഭിമാന പോരാട്ടവുമായി എൽ.ഡി.എഫ്

കൽപറ്റ- രാഹുൽ ഗാന്ധിയിലുടെ യു.ഡി.എഫ് സ്വപ്‌ന വിജയം പ്രതീക്ഷിക്കുന്ന വയനാട് മണ്ഡലത്തിൽ എൽ.ഡി.എഫ് നടത്തുന്നതു അഭിമാനപ്പോരാട്ടം. മണ്ഡലം പരിധിയിലെ  മാനന്തവാടി, കൽപറ്റ, ബത്തേരി, നിലമ്പൂർ, വണ്ടൂർ, തിരുവമ്പാടി നിയോജക മണ്ഡലങ്ങളിൽ ഇടതുമുന്നണിയുടെ യഥാർഥ കരുത്ത് വ്യക്തമാക്കുന്നതായിരിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം. സ്ഥാനാർഥി രാഹുൽഗാന്ധിയായതിനാൽ കോൺഗ്രസിലെ ഗ്രൂപ്പുകളി മൂലമുള്ള വോട്ടുചോർച്ചക്കു പഴുതില്ല. കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ, ത്രിതല പഞ്ചാത്ത്-മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന്റെ പെട്ടികളിൽ വീണ പ്രത്യക്ഷ രാഷ്ട്രീയം ഇല്ലാത്തവരുടെ വോട്ടുകൾ ഇക്കുറി രാഹുലിന്റെ ചിഹ്നത്തിൽ പതിയാനുള്ള സാധ്യത കൂടുതലാണ്. കോൺഗ്രസ് അധ്യക്ഷൻ  വയനാട്ടിൽ മത്സരിക്കുന്നതിന്റെ ത്രില്ലിലാണ് ന്യൂജൻ വോട്ടർമാരിൽ രാഷ്ട്രീയം തലയ്ക്കു പിടിക്കാത്തവർ. രാഹുലിലൂടെ വയനാടിനെ ലോകമറിഞ്ഞതിലുള്ള ലഹരിയിലാണ് ന്യൂജൻ ഗണത്തിലുള്ളവരിൽ പലരും. എന്നിരിക്കെ മണ്ഡലത്തിലെ രാഷ്ട്രീയ വളർച്ചയെക്കുറിച്ചുള്ള അവകാശവാദങ്ങൾ പൊള്ളയല്ലെന്നു തെളിയിക്കേണ്ട ബാധ്യതയിലാണ് എൽ.ഡി.എഫ് നേതാക്കൾ. വയനാട് മണ്ഡലത്തിൽ മൂന്നു ലക്ഷം വോട്ടിൽ കുറയാത്ത ഭൂരിപക്ഷത്തിനു രാഹുൽഗാന്ധി വിജയിക്കുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. 2009 ൽ നടന്ന പ്രഥമ തെരഞ്ഞെടുപ്പിലെ  ഫലമാണ് ഈ കണക്കിനു ആധാരം. 2009 ൽ യു.ഡി.എഫ് സ്ഥാനാർഥി എം.ഐ. ഷാനവാസിനു 1,53,439 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. ഇതേ തെരഞ്ഞെടുപ്പിൽ എൻ.സി.പി സ്ഥാനാർഥിയായിരുന്ന കെ. മുരളീധരൻ 99,643 വോട്ടു നേടി. ഷാനവാസിന്റെ ഭൂരിപക്ഷവും മുരളീധരൻ കരസ്ഥമാക്കിയ വോട്ടും കന്നി-യുവ വോട്ടർമാരുടെ പങ്കും ചേർത്തുവച്ചാണ് യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും രാഹുൽഗാന്ധിയുടെ ഭൂരിപക്ഷത്തെക്കുറിച്ചു ചിന്തിക്കുന്നത്. 
2014 ലെ തെരഞ്ഞെടുപ്പിൽ ഷാനവാസിന്റെ ഭൂരിപക്ഷം 20,870 വോട്ടായി കുറഞ്ഞതും മണ്ഡലം പരിധിയിൽ പിന്നീടു നടന്ന തെരഞ്ഞെടുപ്പുകളിൽ ഉണ്ടായ തിരച്ചടികളും താത്കാലിക പ്രതിഭാസമായാണ് യു.ഡി.എഫ് കാണുന്നത്. എന്നാൽ വയനാട് പാർലമെന്റ് മണ്ഡലത്തിൽ കഴിഞ്ഞ ഏതാനും വർഷത്തിനിടെ എൽ.ഡി.എഫിനു വളരെ ആഴത്തിൽ വേരോട്ടം നടത്താനായതിന്റെ ദൃഷ്ടാന്തങ്ങളായാണ് ലോക്‌സഭയിലേക്കും നിയമസഭയിലേക്കും തദ്ദേശസ്ഥാപനങ്ങളിലേക്കും ഏറ്റവും ഒടുവിൽ നടന്ന തെരഞ്ഞെടുപ്പു ഫലങ്ങളെ എൽ.ഡി.എഫ് വിലയിരുത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ  ഭൂരിപക്ഷം 2009 നെ അപേക്ഷിച്ച് 2014ൽ ഏഴിൽ ഒന്നായി കുറഞ്ഞത് താത്കാലിക സംഭവമല്ലെന്നു വ്യക്തമാക്കുന്നതാണ് പിന്നീടു നടന്ന തെരഞ്ഞെടുപ്പുഫലങ്ങളെന്നും ഇടതു നേതാക്കൾ പറയുന്നു. നിലവിൽ മണ്ഡലം പരിധിയിലുള്ള ഏഴു നിയോജക മണ്ഡലങ്ങളിൽ മാനന്തവാടി, കൽപറ്റ, തിരുവമ്പാടി, നിലമ്പൂർ എന്നിവ ഇടതുമുന്നണിയുടെ പക്കലാണ്. ബത്തേരി, വണ്ടൂർ, ഏറനാട് മണ്ഡലങ്ങളാണ് യു.ഡി.എഫിനുള്ളത്. മണ്ഡലത്തിലെ അഞ്ച് മുനിസിപ്പാലിറ്റികളിൽ കൽപറ്റ, മാനന്തവാടി, ബത്തേരി, മുക്കം എന്നിവ എൽ.ഡി.എഫ് ഭരണത്തിലാണ്. നിലമ്പൂർ മുനിസിപ്പാലിറ്റി മാത്രമാണ് യു.ഡി.എഫിന്റെ കൈവശം. മണ്ഡലത്തിലെ 50 ഗ്രാമപ്പഞ്ചായത്തുകളിൽ 21 എണ്ണം മാത്രമാണ് യു.ഡി.എഫിന്. ഇടതു മുന്നണിയുടെ നിയന്ത്രണത്തിലാണ് 29 പഞ്ചായത്തുകൾ. ഈ കണക്കുകൾ നിരത്തിയാണ് വയനാട് രാഹുലിനു വാട്ടർലൂ ആകുമെന്നും 1977ൽ മുത്തശിക്കുണ്ടായതുപോലെത്തെ അനുഭവമാകുമെന്നും എൽ.ഡി.എഫ് പറയുന്നത്. ഇതു വെറുതെയല്ലെന്നു തെളിയിക്കാൻ മണ്ഡലത്തിൽ അരയും തലയും മുറുക്കിയിരിക്കയാണ് ഇടതുനേതാക്കളും പ്രവർത്തകരും. 
കാർഷിക പ്രതിസന്ധിയാണ് തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ചർച്ച ചെയ്യുന്ന മുഖ്യവിഷയങ്ങളിൽ ഒന്ന്. കാർഷിക പ്രതിസന്ധിക്കു അടിസ്ഥാന കാരണം പതിറ്റാണ്ടുകൾ രാജ്യം ഭരിച്ച കോൺഗ്രസാണെന്നു സ്ഥാപിക്കാനും അതുവഴി കൈപ്പത്തി അടയാളത്തിലേക്കുള്ള വോട്ടൊഴുക്കു തടയാനുമാണ് എൽ.ഡി.എഫ് ശ്രമം. ഇതിന്റെ ഭാഗമായാണ് മുന്നണി ഇന്നലെ പുൽപള്ളിയിൽ കർഷക പാർലമെന്റും കിസാൻ റാലിയും സംഘടിപ്പിച്ചത്. നാളെ മണ്ഡലത്തിലെ മുഴുവൻ വീടുകളും കടകളും കയറി നടത്തുന്ന സ്‌ക്വാഡ് വർക്കിന്റെ ലക്ഷ്യവും മറ്റൊന്നല്ല. രാഹുൽഗാന്ധിയോടു പത്തു ചോദ്യങ്ങൾ എന്ന തലക്കെട്ടിൽ തയാറാക്കിയ ലഘുലേഖയുടെ പകർപ്പുകളുമായാണ് എൽ.ഡി.എഫ് പ്രവർത്തകർ വീടുകളും കടകളും കയറുക. കാർഷിക പ്രതിന്ധിക്കു ആധാരമായ മുഴുവൻ ഉടമ്പടികളുടെയും നയപരിപാടികളുടെയും ഉത്തരവാദിത്തം കോൺഗ്രസിനാണെന്നു സ്ഥാപിക്കുന്ന വിധത്തിൽ തയാറാക്കിയതാണ് ലഘുലേഖ. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതു കേന്ദ്രത്തിൽ മതേതര സർക്കാർ വരണമെന്ന പൊതുജനഹിതത്തിനു വിരുദ്ധമായാണെന്നും എൽ.ഡി.എഫ് വോട്ടർമാർക്കു മുന്നിൽ വാദിക്കുന്നുണ്ട്. ഇതെല്ലാം എത്രകണ്ടു ഏശിയെന്നു വ്യക്തമാകാൻ വോട്ടെടുപ്പും എണ്ണലും കഴിയണം. 
ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി. രാഹുലുമായി മത്സരിക്കുന്നതിനാണ് തുഷാർ തൃശൂർ വിട്ട് വയനാട്ടിലെത്തിയത്. മണ്ഡലത്തിൽ എൻ.ഡി.എയുടെ കരുത്തു തെളിയിക്കണമെന്ന വാശിയിലാണ് തെരഞ്ഞെടുപ്പു പ്രചാരണവുമായി മണ്ഡലം നിറഞ്ഞുനിൽക്കുന്ന തുഷാറും കൂട്ടരും. വയനാട്ടിൽ മത്സരം താനും രാഹുലും തമ്മിലാണെന്നു അവകാശപ്പെടാനും തുഷാറിനു മടിയില്ല. 2009 ൽ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി സി. വാസുദേവനു 31687 വോട്ടാണ് ലഭിച്ചത്. 2014ൽ ഇതേ പാർട്ടിയിലെ പി.ആർ. രശ്മിൽനാഥ് 80,752 വോട്ടു പിടിച്ചു. ഇത്തവണ എൻ.ഡി.എ വോട്ട് ഒന്നര ലക്ഷത്തിനടുത്ത് എത്തിക്കാനാണ് ബി.ജെ.പി ശ്രമം. 
 

Latest News