കണ്ണൂർ- ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോഡി ഭരണത്തിനു അറുതി വരുത്താനാണ് കോൺഗ്രസ് മത്സരിക്കുന്നതെങ്കിൽ, ചിഹ്നം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് സി.പി.എം മത്സരരംഗത്തുള്ളതെന്ന് വി.ടി.ബൽറാം എം.എൽ.എ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരന്റെ മട്ടന്നൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രചാരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിൽ അധികാരത്തിൽ തിരിച്ചു വരാനും, മോഡി - അമിത് ഷാ കൂട്ടുകെട്ടിനെ തകർക്കാനുമാണ് കോൺഗ്രസ് മത്സര രംഗത്തുളളത്. എന്നാൽ സി.പി.എം ആകട്ടെ തങ്ങളുടെ ചിഹ്നം നിലനിർത്തുക എന്ന പരിമിതമായ ലക്ഷ്യത്തോടെയാണ് മത്സര രംഗത്തുളളത്. മതേതരത്വ ജനാധിപത്യ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തുക എന്നതാണ് കോൺഗ്രസിന്റെ ആത്യന്തിക ലക്ഷ്യം. എന്നാൽ തെരഞ്ഞെടുപ്പു കമ്മീഷനു മുന്നിൽ തങ്ങളുടെ അംഗീകാരം നഷ്ടപ്പെടാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് സി.പി.എം. ഇത് ജനങ്ങൾ തിരിച്ചറിയും. - ബൽറാം പറഞ്ഞു.
പിണറായി വിജയനും അമിത് ഷാക്കും ഒരേ ഭാഷയാണ്. സഹിഷ്ണുതയുള്ള ഒരു ഭാരതത്തെ സൃഷ്ടിക്കുന്നതിനു ബി.ജെ.പിയിൽനിന്നു അധികാരത്തെ ഇല്ലാതാക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുമ്പോൾ, അമിത്ഷായുടെ രാഷ്ട്രീയ താൽപര്യത്തിനു സഹായകരമായ നിലപാടാണ് സി.പി.എമ്മും പിണറായി വിജയനും സ്വീകരിക്കുന്നത്. റഫാൽ അഴിമതിയെക്കുറിച്ച് ഒരിക്കൽപോലും പിണറായി സംസാരിക്കാത്തത് ഈ ബി.ജെ.പി താൽപ്പര്യം കൊണ്ട് മാത്രമാണ്. ഇന്ത്യയുടെ യഥാർഥ ചിത്രം മനസ്സിലാക്കാതെ സി.പി.എം സ്വീകരിക്കുന്ന നിലപാട്, വർഗീയ കക്ഷിയായ ബി.ജെ.പിയെ സഹായിക്കാൻ വേണ്ടിയുള്ളതാണെന്നും, ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും ഈ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനു കനത്ത തിരിച്ചടി ലഭിക്കുമെന്നും ബൽറാം പറഞ്ഞു. സ്ഥാനാർഥി കെ. സുധാകരൻ, നേതാക്കളായ ചന്ദ്രൻ തില്ലങ്കേരി, മുഹമ്മദ് ബ്ലാത്തൂർ, രജിത് നാറാത്ത്, ജോഷി കണ്ടത്തിൽ തുടങ്ങിയവർ സംബന്ധിച്ചു. കണ്ണൂർ ചാല, പാപ്പിനിശ്ശേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പു റാലികളിലും ചെറുതാഴം കോക്കാട് കുടുംബ സംഗമത്തിലും ബൽറാം സംബന്ധിച്ചു.