പലതവണ മാറ്റിപ്പറഞ്ഞ ശേഷം തനിക്ക് ബിരുദമില്ലെന്ന് സ്മൃതി ഇറാനി സമ്മതിച്ചു, വിവാഹത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തിൽ നിലപാട് മാറ്റിക്കൊണ്ടിരുന്ന പ്രധാനമന്ത്രിയുടെ നാമനിർദേശ പത്രികക്കായി കാത്തുനിൽക്കുകയാണ് ഇന്ത്യ...
അമേത്തിയിൽ നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഒടുവിൽ ആ സത്യം സ്മൃതി ഇറാനി തുറന്നു പറഞ്ഞു. തനിക്ക് ബിരുദമില്ല. തന്റെ ഏറ്റവുമുയർന്ന വിദ്യാഭ്യാസ യോഗ്യത 1994 ൽ ദൽഹി യൂനിവേഴ്‌സിറ്റിയിൽനിന്ന് ലഭിച്ച 'പാർട് ഒന്ന് ബാച്ചിലർ ഓഫ് കോമേഴ്‌സ്' ആണ്.
സത്യത്തിൽ വലിയ ഭരണാധികാരിയാവാൻ ഒരാൾക്ക് ബിരുദം വേണമെന്നില്ല. ജനകീയപ്രശ്‌നങ്ങളുടെ മർമമറിയാനും പരിഹരിക്കാനുമുള്ള കഴിവാണ് വേണ്ടത്. എന്നാൽ ഇല്ലാത്ത ബിരുദം ഉണ്ടെന്ന് സത്യവാങ്മൂലം നൽകുന്നത് ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ സത്യസന്ധതയില്ലായ്മയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വിദ്യാഭ്യാസ, സാംസ്‌കാരിക മന്ത്രാലയങ്ങളുടെ ചുമതല വഹിച്ച സ്മൃതി ഇറാനിയും ഈ ആരോപണങ്ങളാണ് നേരിടുന്നത്.
2004 ൽ ദൽഹിയിലെ ചാന്ദ്‌നി ചൗക്ക് മണ്ഡലത്തിൽ മത്സരിക്കാൻ ആദ്യമായി നാമനിർദേശപത്രിക സമർപ്പിച്ചപ്പോൾ സമൃതി ഇറാനി അവകാശപ്പെട്ടത് ദൽഹി യൂനിവേഴ്‌സിറ്റിയുടെ സ്‌കൂൾ ഓഫ് കറസ്‌പോണ്ടൻസിൽനിന്ന് തനിക്ക് 1996 ൽ ബി.എ ബിരുദം ലഭിച്ചുവെന്നാണ്. മൂന്നു രീതിയിലാണ് ഇപ്പോൾ ഇത് തിരുത്തിയിരിക്കുന്നത്. ആർട് എന്നത് കോമേഴ്‌സ് ആയി. ബിരുദം കിട്ടി എന്നത് പാർട് ഒന്ന് പേപ്പർ മാത്രം കിട്ടിയെന്നായി. വർഷം 1996 എന്നത് 1994 ആയി. ഇടക്ക് യെയ്ൽ യൂനിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദമുണ്ടെന്ന് വാദിച്ചു നോക്കിയെങ്കിലും വല്ലാതെ അതിൽ പിടിച്ചുതൂങ്ങിയില്ല.
തന്റെ ബിരുദം വലിയ ചർച്ചാ വിഷയമായതോടെ സ്മൃതി ഇറാനി ഇത്തവണ വളരെ സൂക്ഷിച്ചാണ് സത്യവാങ്മൂലം നൽകിയിരിക്കുന്നത്. 2009 ലും 2014 ലും ലോക്‌സഭയിലേക്കും 2011 ൽ രാജ്യസഭയിലേക്കും മത്സരിച്ചപ്പോൾ നൽകിയതിന് ഏതാണ്ട് സമാനമായ വിശദീകരണമാണ് ഇപ്പോൾ അവർ നൽകിയിരിക്കുന്നത്. 'ബി.കോം പാർട് ഒന്ന്'.
1993 ൽ സി.ബി.എസ്.ഇ സ്‌കീം വഴി ഹോളി ചൈൽഡ് ഓക്‌സിലിയം സ്‌കൂളിൽ സീനിയർ സ്‌കൂൾ സർടിഫിക്കറ്റ് പരീക്ഷ എഴുതിയതായും 1994 ൽ ദൽഹി യൂനിവേഴ്‌സിറ്റിയിൽ നിന്ന് കോമേഴ്‌സ് ബിരുദം പൂർത്തിയാക്കിയിട്ടില്ലെന്നും അവർ വിശദീകരിച്ചു.
നരേന്ദ്ര മോഡി സർക്കാരിലെ പ്രായം കുറഞ്ഞ മന്ത്രിയായി ചുമതലയേറ്റപ്പോൾ കോൺഗ്രസ് അവരുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്തിരുന്നു. പ്രത്യേകിച്ചും വിദ്യാഭ്യാസ മന്ത്രിയായി അവരെ നിയമിച്ചപ്പോൾ. തെറ്റായ സത്യവാങ്മൂലത്തിനെതിരെ വിവരാകാശ പ്രവർത്തകർ കോടതിയെ സമീപിച്ചു. 2016 ൽ ദൽഹി ഹൈക്കോടതിയിൽ ഒരാൾ വിശദീകരണം തേടി ഹരജി നൽകി. എന്നാൽ മന്ത്രിയായതു കൊണ്ടാണ് അവരുടെ യോഗ്യത ചർച്ചയാവുന്നതെന്ന തൊടുന്യായം പറഞ്ഞ് കോടതി ഹരജി തള്ളി.
സ്മൃതിയുടെ വിദ്യാഭ്യാസ രേഖകൾ തേടി ചിലർ ദൽഹി യൂനിവേഴ്‌സിറ്റിയെ സമീപിച്ചു. പക്ഷെ തന്റെ സ്വകാര്യതക്കെതിരാവുമെന്നതിനാൽ രേഖകൾ വിട്ടുകൊടൂക്കരുതെന്ന് മന്ത്രി യൂനിവേഴ്‌സിറ്റിക്ക് നിർദേശം നൽകി. 2017 ജനുവരിയിൽ സെൻട്രൽ ഇൻഫർമേഷൻ കമ്മീഷണർ എം. ശ്രീധർ ആചാര്യലു ഇടപെട്ടതോടെ സ്മൃതിയുടെ ക്ലാസ് 10, ക്ലാസ് 12 സർടിഫിക്കറ്റുകൾ പരിശോധിക്കാൻ അവസരം ലഭിച്ചു. വേണമെങ്കിൽ തന്റെ നഴ്‌സറി റെക്കോർഡ് വരെ പരിശോധിക്കാമെന്ന് പറഞ്ഞ് സ്മൃതി ഞെളിഞ്ഞുനിന്നു. പക്ഷെ ആചാര്യലുവിന്റെ ഉത്തരവിനെതിരെ ചിലർ കോടതിയെ സമീപിച്ചു. പരീക്ഷാ രേഖകൾ പരസ്യമാക്കുന്നത് സ്വകാര്യതക്കെതിരാണെന്ന് കോടതി വിധിച്ചു.
വ്യാജ ബിരുദം ബി.ജെ.പിയുടെ ഡി.എൻ.എയിലുള്ളതാണെന്ന് കഴിഞ്ഞ നവംബറിൽ രാഹുൽ ഗാന്ധി ആക്രമിച്ചപ്പോഴും നേരിട്ടുത്തരം പറയാൻ സ്മൃതി തയാറായിരുന്നില്ല.
തന്റെ വിവാഹത്തെക്കുറിച്ചും വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുമാണ് നരേന്ദ്ര മോഡി പലരീതിയിൽ പ്രസ്താവന നടത്തിയിട്ടുള്ളത്. ഗുജറാത്ത് നിയമസഭയിലേക്ക് മത്സരിക്കാൻ സത്യവാങ്മൂലം നൽകിയപ്പോഴൊക്കെ വിവാഹിതനാണെന്ന കാര്യം വ്യക്തമാക്കാൻ മോഡി മറന്നു പോയിരുന്നു. പക്ഷെ ആരും ഇത് വിഷയമാക്കിയില്ല.
കഴിഞ്ഞ തവണ ലോക്‌സഭയിലേക്ക് മത്സരിക്കുമ്പോഴാണ് അദ്ദേഹം ആദ്യമായി യശോധാബെന്നിനെ ഓർത്തത്. ലോകത്തിൽ ഇതുവരെ ആരും കേട്ടിട്ടിട്ടില്ലാത്ത 'എന്റയർ പൊളിറ്റിക്കൽ സയൻസ്' എന്ന വിഷയത്തിൽ ദൽഹി യൂനിവേഴ്‌സിറ്റിയിൽ നിന്ന് മാസ്റ്റർ ബിരുദമുണ്ടെന്നും അദ്ദേഹം സത്യവാങ്മൂലം നൽകി.
മോഡിയുടെ ബിരുദത്തെക്കുറിച്ച എല്ലാ വിവരാകാശ പരാതികളും തള്ളി. 1978 ലെ യൂനിവേഴ്‌സിറ്റി അറ്റന്റൻസ് റെക്കോർഡ് അപ്രത്യക്ഷമായി. പരാതികൾ പരിഗണിക്കാൻ തയാറായ ചീഫ് ഇൻഫർമേഷൻ ഓഫീസർക്ക് ഉടനെ ഉത്തരവ് കിട്ടി, വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കരുതെന്ന്.
ഒടുവിൽ ബി.ജെ.പി പ്രസിഡന്റ് അമിത് ഷായും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയും പ്രധാനമന്ത്രിയുടെ സർടിഫിക്കറ്റുമായി ടി.വിയിൽ പ്രത്യക്ഷപ്പെട്ടു.
പക്ഷെ അത് കൂടുതൽ ചോദ്യങ്ങളാണ് ഉയർത്തിയത്. സർടിഫിക്കറ്റിലെ പേര് തെറ്റായിരുന്നു, മാർക്ക് കൂട്ടിയിട്ടത് തെറ്റായിരുന്നു. ആ കാലത്തിനനുസരിച്ചതായിരുന്നില്ല സർടിഫിക്കറ്റ്.
പ്രധാനമന്ത്രി തങ്ങളുടെ യൂനിവേഴ്‌സിറ്റി വിദ്യാർഥിയായിരുന്നുവെന്ന് അവകാശപ്പെടാൻ ഏത് കലാലയവും ആഗ്രഹിക്കും. അഭിമാനത്തോടെ അവർ ബിരുദ സർടിഫിക്കറ്റ് പ്രദർശിപ്പിക്കും. എന്നാൽ മോഡിയുടെ സർടിഫിക്കറ്റുകൾ പുറത്തുവിടണമെന്ന ആവശ്യത്തോട് പുറംതിരിഞ്ഞുനിൽക്കുകയാണ് ദൽഹി യൂനിവേഴ്‌സിറ്റി.
പക്ഷെ ഇതൊന്നും വിദ്യാർഥികൾക്ക് ഉപദേശമോതുന്നതിൽ മോഡിയെ പിന്തിരിപ്പിച്ചില്ല. കഴിഞ്ഞ ജനുവരിയിൽ പരീക്ഷ പർ ചർച്ച എന്ന പേരിൽ രണ്ടായിരത്തോളം അധ്യാപകരുമായും വിദ്യാർഥികളുമായും അദ്ദേഹം സംവാദം സംഘടിപ്പിച്ചു. പരീക്ഷാ വാരിയേഴ്‌സ് എന്ന പരീക്ഷാ സഹായിയും അദ്ദേഹം പുറത്തിറക്കി. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ഗുരുതരമായ സംശയങ്ങളുണ്ടെന്നും വിദ്യാർഥികൾ അദ്ദേഹത്തെ മുഖവിലക്കെടുക്കരുതെന്നും കോൺഗ്രസ് നേതാവ് ആനന്ദ് ശർമ അന്ന് പ്രസ്താവന ഇറക്കി.






